photo

ചിറയിൻകീഴ്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശാർക്കര ദേവീ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഐശ്വര്യപൂജ നടന്നു.പതിവു പൂജകൾക്ക് പുറമെ വൈകിട്ട് ആരംഭിച്ച ഐശ്വര്യപൂജയിൽ നിരവധി സ്ത്രീ ഭക്തജനങ്ങൾ പങ്കെടുത്തു. രാമായണ മാസാചരണ സമാപനവും ചിങ്ങ മാസത്തെ വരവേൽക്കലിന്റേയും ഭാഗമായി ക്ഷേമ ഐശ്വര്യങ്ങൾ വർദ്ധിക്കുന്നതിന് വേണ്ടിയാണ് ഐശ്വര്യ പൂജ നടക്കുന്നത്.കഴിഞ്ഞ ദിവസം വൈകിട്ട് ക്ഷേത്രത്തിന് മുൻവശത്തെ സേവാ പന്തലിൽ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിൽ മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേമഠം പ്രദീപ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾക്ക് ആരംഭമായത്. മുഖ്യവിളക്കിൽ നിന്ന് ഐശ്വര്യ പൂജയിൽ പങ്കെടുത്ത ഭക്തജനങ്ങളുടെ നിലവിളക്കിലേയ്ക്ക് നാളം പകർന്നതോടെ ക്ഷേത്ര പരിസരം ദേവീ സ്തുതി ഗീതങ്ങളാൽ മുഖരിതമായി. നിലവിളക്കും തട്ടവുമായി ഐശ്വര്യ പൂജയിൽ പങ്കെടുക്കാനെത്തിയ ഭക്തർ നേരത്തെ തന്നെ ക്ഷേത്രത്തിലെത്തി സ്ഥാനം പിടിച്ചിരുന്നു. ഇതോടെ ക്ഷേത്രത്തിൽ 12 ദിവസം നീണ്ടുനിൽക്കുന്ന കളഭ മഹോത്സവത്തിനും തുടക്കമായി. 28ന് കളഭമഹോത്സവം സമാപിക്കും.