track

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഹയർ സെക്കൻഡറി വിഭാഗം കുട്ടികളിൽനിന്ന് പിരിച്ചെടുക്കുന്ന തുക മുഴുവൻ ഡയറക്ടറേറ്റിലേക്ക് അടയ്ക്കണമെന്ന പുതിയ ഉത്തരവ് മേളയുടെ നടത്തിപ്പിനെ തകിടം മറിക്കുമെന്ന് അദ്ധ്യാപകർ . ഒരു കുട്ടിയിൽ നിന്ന് 75 രൂപയാണ് പിരിക്കുന്നത്.

ഇത്രയും കാലം സ്കൂളിനുള്ള വിഹിതം പ്രിൻസിപ്പൽമാർക്കും സബ്‌ജില്ലാതലത്തിലേക്കുള്ളത് എ.ഇ.ഒമാർക്കും ജില്ലാതലത്തിലേക്കുള്ളത് ഡി.ഡി.ഇമാർക്കും സംസ്ഥാനവിഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും സ്കൂളിൽ നിന്ന് കൈമാറുന്നതായിരുന്നു രീതി.

75 രൂപയിൽ സ്കൂൾതലത്തിൽ - 21രൂപ, സബ്‌ജില്ലയിൽ - 12,​ ജില്ലയിൽ -15,​ സംസ്ഥാനത്തിന് 27 എന്ന് വ്യക്തമാക്കി നവംബറിൽ ഉത്തരവ് ഇറക്കുകയും

ചെയ്തിരുന്നു. എന്നാൽ ഈ മാസം 14 ന് പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത് ഹയർ സെക്കൻ‌ഡറി - വി.എച്ച്.എസ്.ഇ വിഹിതമായ 75 രൂപയും സെപ്തംബർ 15 ന് മുൻപായി പ്രഥമാദ്ധ്യാപകർ സ്കൂൾ അത്‌ലറ്റിക് ഫണ്ടിലേക്ക് അടയ്ക്കണമെന്നാണ്.

സ്കൂൾ, സബ് ജില്ല, ജില്ലാ തലത്തിലേക്ക് തുക നൽകിയില്ലെങ്കിൽ എങ്ങനെ കായികമേളകൾ നടത്തുമെന്നാണ് ആശങ്ക.

മുമ്പ് 50 രൂപയാണ് കുട്ടികളിൽ നിന്ന് ഈടാക്കിയിരുന്നത്.അപ്പോഴെല്ലാം വിഹിതം കൃത്യമായി പങ്കിട്ട് നൽകിയിരുന്നു. ഇക്കുറി തുക 75 രൂപയായി വർദ്ധിപ്പിക്കുകയായിരുന്നു.

കലാമേളയ്ക്ക് കുട്ടി ഒന്നിന് പതിവുപോലെ അൻപത് രൂപയും നൽകണം. മൊത്തം 125 രൂപയാണ് ഒരു കുട്ടി നൽകേണ്ടത്. ഒൻപത്, പത്ത് ക്ളാസുകളിലെ കുട്ടികൾ നൽകിയിരുന്ന 10 രൂപ 15 ആയും ഉയർത്തിയിട്ടുണ്ട്. കലാമേളയ്ക്ക് പത്തുരൂപ പതിവുപോലെ നൽകണം.