ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി.അഞ്ചുതെങ്ങ് പുതുവൽ പുരയിടത്തിൽ ബെനഡിക്ടിനെയാണ് (49) കാണാതായത്. കാണാതായ ആൾക്കുവേണ്ടി കോസ്റ്റ് ഗാർഡും, മറൈൻ എൻഫോഴ്സ്‌മെന്റും, കോസ്റ്റൽ പൊലീസും, മത്സ്യത്തൊഴിലാളികളും സംയുക്തമായി തെരച്ചിൽ ആരംഭിച്ചു.
അഞ്ചുതെങ്ങ് സ്വദേശി ജോബായിയുടെ സിന്ധുയാത്ര മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലേക്ക് മടങ്ങുന്നതിനിടയിലാണ് അഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിഞ്ഞത്. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളത്തിലുണ്ടായിരുന്ന അഞ്ചുതെങ്ങ് സ്വദേശികളായ അന്തോണീസ്, ലൂയിസ് എന്നിവരെ ഉടൻ രക്ഷാപ്രവർത്തനം നടത്തി മറൈൻ എൻഫോഴ്സ്‌മെന്റും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തി. സഹായരാജുവും ബെനഡിക്ടും കടലിലേക്ക് നീന്തുകയായിരുന്നു.
സഹായരാജു നീന്തി മത്സ്യത്തൊഴിലാളിയുടെ വള്ളത്തിൽ കയറി. പരിക്കുപറ്റിയ ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കൂടെ നീന്തിയ ബെനഡിക്ടിനെയാണ് കാണാതായത്.
വിഴിഞ്ഞത്തുനിന്ന് മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ആംബുലൻസും കോസ്റ്റ് ഗാർഡിന്റെ കപ്പലും മുതലപ്പൊഴിയിൽ എത്തിച്ചു. എന്നാൽ കടൽ പ്രക്ഷുപ്തമായതിനാൽ കോസ്റ്റ് ഗാർഡിന്റെ കപ്പൽ ആഴക്കടലിൽ തുടരുകയാണ്. തീരം വിട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. മുങ്ങൽ വിദഗ്ദ്ധരുടെയും സഹായം തേടാനുള്ള നീക്കവും നടക്കുന്നുണ്ട്. അപകത്തിൽപ്പെട്ട വള്ളം കരയ്ക്കെത്തിച്ചു.