1

തിരുവനന്തപുരം: ശ്രീനാരായണഗുരു സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയ ക്ഷേത്ര മണ്ണിൽ 13 വ‌ർഷമായി ജൈവകൃഷി നടത്തുന്ന സ്വാമി ബോധിതീർത്ഥയെ നഗരസഭയും തിരുവല്ലം കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷകദിനാഘോഷ പരിപാടിയിൽ ആദരിച്ചു. കുന്നുംപാറ മഠത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചേക്കറിലാണ് സുബ്രമണ്യക്ഷേത്ര മഠം സെക്രട്ടറി കൂടിയായ സ്വാമി ബോധിതീർത്ഥയുടെ കൃഷി.

മഠത്തിലെ തിരക്കുകൾക്കിടയിലും ദിവസവും രണ്ട് മണിക്കൂറോളം കൃഷിക്കായി സ്വാമി ചെലവിടും. ചാണകം, ഗോമൂത്രം എന്നിവയാണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്. കൃഷിക്ക് പുറമെ ക്ഷേത്രപരിസരത്ത് 15 പശുക്കളെയും വളർത്തുന്നുണ്ട്. വാഴ, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, തെങ്ങ്, പുൽ എന്നിവയാണ് പ്രധാന കൃഷികൾ. പാറകൾ നിറഞ്ഞ മണ്ണിൽ കൃഷിയിറക്കി പൂർണമായും രാസവള - കീടനാശിനികൾ ഒഴിവാക്കിയാണ് മഠത്തിൽ കൃഷി ചെയ്യുന്നതെന്ന് തിരുവല്ലം കൃഷി ഓഫീസർ സിതാര സഹദേവൻ പറഞ്ഞു. പച്ചക്കറികൾക്കും പശുപരിപാലനത്തിനുമിടയിൽ പൂക്കളും ഔഷധച്ചെടികളും കൃഷി ചെയ്യുന്നുണ്ട്. കൃഷിയെ കുറിച്ച് കേട്ടറിഞ്ഞെത്തുന്നവർക്ക് വിത്തുകളും തൈകളും സൗജന്യമായും നൽകും.