ലീഡ്
കുടിവെള്ളക്ഷാമം സൃഷ്ടിക്കുന്ന ദുരിതങ്ങൾ, കാരണങ്ങൾ, എന്നിവയെപ്പറ്റി അന്വേഷണ പരമ്പര
തിരുവനന്തപുരം: വലിയൊരു ഫയലുമായാണ് പാൽക്കുളങ്ങര ചെമ്പകശേരി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയും 76കാരനുമായ ജി.രാജഗോപാൽ കേരളകൗമുദി ഓഫീസിലേക്ക് എത്തിയത്. ഫയലിൽ നിറയെ കഴിഞ്ഞ ഒരുവർഷത്തെ പത്രവാർത്തകളാണ്. നഗരത്തിൽ ജലവിതരണം മുടങ്ങുന്നതിന്റെ അറിയിപ്പുകൾ, റോഡുപണിമൂലമുള്ള പൈപ്പ് പൊട്ടലുകൾ...എല്ലാം ഫയലിൽ ഭദ്രം. ഇടയ്ക്കിടയ്ക്ക് ഫോണിലേക്ക് നോക്കുന്നതിന്റെ കാരണം തിരക്കിയപ്പോൾ, ജലവിതരണം മുടങ്ങുമോയെന്ന അറിയിപ്പ് വരുന്നുണ്ടോ എന്ന് വാട്സ്ആപ്പ് നോക്കുന്നതാണത്രേ.
ആവശ്യമുള്ളപ്പോൾ വെള്ളമുണ്ടാവാറില്ല. പ്രതിദിനം ഒരുമണിക്കൂർ മാത്രം വെള്ളം കിട്ടുന്ന വീടുകളുമുണ്ട്. അതും നൂലുപോലെ! പാൽക്കുളങ്ങര വാർഡിലെ ചെമ്പകശേരി ലൈനിന്റെ അവസ്ഥയിതാണ്.
സ്ഥലം-പാൽക്കുളങ്ങര
ആകെ വീടുകൾ-2424
ജലക്ഷാമം നേരിടുന്ന വീടുകൾ-400 മുകളിൽ
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾ- ചെമ്പകശേരി ജംഗ്ഷനിലെ മഠത്തിൽ ലെയിൻ, താന്നിമൂട് ലൈൻ, കൈരളിലൈൻ, പോസ്റ്റ്ഓഫീസ്‌ലൈൻ, തേങ്ങാപ്പുരലൈൻ, ശീവേലിനഗർ, ടി.ആർ.സുകുമാരൻ ലൈൻ
വെള്ളവുമില്ല, കിണറുമില്ല
'ഒട്ടുമിക്ക വീടുകളിലും കിണറുകളുണ്ടായിരുന്നെങ്കിലും കൊതുകുശല്യം ഉന്നയിച്ച് നഗരസഭ എല്ലാം മൂടി. എല്ലാ കുടുംബങ്ങളും ഇപ്പോൾ പൈപ്പിനെയാണ് ആശ്രയിക്കുന്നത്. മുമ്പ് കുടിവെള്ളവിതരണത്തിനായി ജപ്പാൻപൈപ്പ്ലൈൻ ഇട്ടിരുന്നു. പിന്നീട് കേന്ദ്രത്തിന്റെ അമൃത്പദ്ധതിക്കായി ഇട്ട പൈപ്പ്ലൈൻ പഴയ ജപ്പാൻലൈനുമായി ബന്ധിപ്പിച്ചിട്ടില്ല. എന്നാൽ നഗരസഭയുടെ പരിധിയിലെ ദേവീനഗർറോഡ്, എം.കെ.കെ.നായർറോഡ്, പാൽക്കുളങ്ങര ദേവീക്ഷേത്രത്തിന് കിഴക്കും പടിഞ്ഞാറും വശങ്ങൾ, കുളത്തിൻകര എന്നിവിടങ്ങളിലെ പൈപ്പ്ലൈൻ ബന്ധിപ്പിച്ചതിനാൽ 728 വീടുകൾക്ക് കുടിവെള്ളപ്രശ്നമില്ല. പൊതുമരാമത്ത്‌വകുപ്പിന്റെ പരിധിയിലുള്ള വെസ്റ്റ്ഫോർട്ട് എൻ.എസ്.എസ്.ഹൈസ്കൂൾ പേട്ട റോഡ്, കൈതമുക്ക് കവറടിമുക്ക്-പേട്ട റോഡ് എന്നിവിടങ്ങൾക്കടിയിലൂടെയും ജപ്പാൻകുടിവെള്ളപൈപ്പ്ലൈൻ പോകുന്നുണ്ട്. ഇത് വെട്ടാൻ പി.ഡബ്ല്യൂ.ഡിയുടെ അനുവാദത്തിനായി ചുരുങ്ങിയത് 16 തവണയെങ്കിലും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒന്നുംനടന്നില്ല. എന്നിങ്ങനെയാണ് പ്രദേശത്തെ കുടിവെള്ള പ്രശ്നത്തെപ്പറ്റി പാൽക്കുളങ്ങര വാർഡ് കൗൺസിലർ അശോക്‌കുമാർ പറയുന്നത്. കൃത്യമായി കുടിവെള്ളവിതരണം ഉറപ്പാക്കണമെന്ന് 2022ൽ മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു.
വെള്ളമില്ലെങ്കിലും ബില്ല് എത്തും
വഴുതയ്ക്കാട് കാർമ്മൽ സ്കൂളിന്റെ സമീപത്തുള്ള ഈശ്വരവിലാസം ലൈനിലെ(ജഗതി വാർഡ്)ഏഴോളം വീടുകളിൽ കുടിവെള്ളക്ഷാമം നേരിടുന്നു. മെയിൻറോഡിൽ നിന്ന് 100 മീറ്റർ ഉള്ളിലേയ്ക്കുള്ള വീടുകളിലാണ് പ്രശ്നം. 24 മണിക്കൂറും നല്ല മർദ്ദത്തിൽ വെള്ളമുണ്ടായിരുന്നിടത്ത് ഇപ്പോൾ ബില്ലുമാത്രമാണുള്ളതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ഉള്ളതുകൊണ്ട് തൃപ്തിയടയണം
പാളയം വാർഡിലെ വാൻറോസ് ജംഗ്ഷൻ, ഫോറസ്റ്റ് ഓഫീസ് ലൈൻറോഡ് എന്നിവടിങ്ങിൽ അഞ്ചുമാസമായി ബുദ്ധിമുട്ടുണ്ട്. 300ലേറെ കുടുംബങ്ങൾക്ക് പുലർച്ചെ മാത്രമേ വെള്ളമുള്ളു. ശ്രീകണ്ഠേശ്വരം വാർഡിൽ അമ്പലത്തിന്റെ കിഴക്കുവശം, എൻ.എസ്.എസ് കരയോഗം റോഡ്, ശിവൻകോവിൽ റോഡ്, ഗാന്ധിനഗർ,ചമ്പക്കട നാലുമുക്ക് എന്നിവിടങ്ങളിൽ വെള്ളമേയില്ലെന്ന് കൗൺസിലർ രാജേന്ദ്രൻ നായർ പറയുന്നു.
ടാങ്കർ വെള്ളവും കിട്ടാക്കനി
പൈപ്പിൽ വെള്ളം കിട്ടാത്തവർ നഗരസഭയുടെ ടാങ്കർ ലോറിയിയെയാണ് ആശ്രയിക്കുന്നത്. 2000 ലിറ്ററിന് 1300 രൂപയും 5000 ലിറ്ററിന് 2600 രൂപയുമടച്ചാൽ വീട്ടിലേയ്ക്ക് വെള്ളം പമ്പുചെയ്യും. പൈസ കൊടുത്തില്ലെങ്കിൽ വീടിന്റെ പുറത്ത് വെള്ളം കൊണ്ടുവയ്ക്കും. നഗരസഭയുടെ ജലവിതരണ സംവിധാനത്തിൽ മാറ്റംവരുത്തണമെന്ന് തൈയ്ക്കാട് മേരാനഗർ സ്വദേശി വിജയകുമാർ പറയുന്നു.
പുറത്തെ പൈപ്പിൽ മാത്രമേ പലപ്പോഴും വെള്ളം കാണു. പരാതികൾ നൽകി തളർന്നു
ജി.രാജഗോപാൽ,ചെമ്പകശേരി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി (പാൽക്കുളങ്ങര)
മുകളിലത്തെ നിലയിലേക്ക് വെള്ളം കയറുന്നില്ല. മോട്ടോർ ഇടയ്ക്കിടയ്ക്ക് അടിക്കുന്നത് ബുദ്ധിമുട്ടാണ്.
ചന്ദ്രിക,ശ്രീകണ്ഠേശ്വരം സ്വദേശി