തിരുവനന്തപുരം: വയസ് നൂറായി, ഇപ്പോഴും പൂക്കുന്നുണ്ടെങ്കിലും പബ്ളിക് ലൈബ്രറിയിലെ മലയാള വിഭാഗത്തിന് മുമ്പിലുള്ള കടമ്പുമര മുത്തശ്ശിക്ക് പ്രായത്തിന്റെ അവശതകളുണ്ട്. അതൊക്കെ മാറ്റി നൂറിലും നിറയൗവനം നൽകാൻ മുത്തശ്ശി മരത്തിന് ഇന്ന് ആയുർവേദ ചികിത്സ തുടങ്ങുകയാണ്. നാലുമണിക്കൂർ നീളുന്ന വിദഗ്ദ്ധ ചികിത്സ കാണാൻ പൊതുജനത്തിനും അവസരമുണ്ട്. ജില്ലാ ട്രീ കമ്മിറ്റി അംഗമായ വന്യജീവി ബോർഡ് മുൻ മെമ്പറും വൃക്ഷായുർവേദ ചികിത്സകനുമായ കെ.ബിനുവാണ് ചികിത്സിക്കുന്നത്.
14 ചേരുവകളുടെ കൂട്ട്
മരത്തിൽ ഔഷധം തേയ്ക്കുന്ന ഭാഗം ആദ്യം കഴുകി വൃത്തിയാക്കും. തുടർന്ന് കണ്ടത്തിലെ മണ്ണ്, ചിതൽപുറ്റ്, മണ്ണ്, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, പച്ചച്ചാണകം,നെയ്യ്,കദളിപ്പഴം, രാമച്ചപ്പൊടി, ഗോതമ്പ്, ഉഴുന്ന്, ഇരട്ടിമധുരം, മുത്തങ്ങപ്പൊടി,എള്ള് പൊടി,വിഴാലരി,പാൽ എന്നീ 14 ചേരുവകളുള്ള ഔഷധക്കൂട്ട് വൃക്ഷത്തിൽ തേച്ചുപിടിപ്പിച്ച ശേഷം കോട്ടൺ തുണികൊണ്ട് പൊതിയും.ചികിത്സയ്‌ക്കുശേഷം ആറുദിവസം തുടർച്ചയായി പാൽ തളിക്കണം. അപ്പോഴേ ചികിത്സ പൂർത്തിയാകൂ. ആറുമാസത്തിനുള്ളിൽ ഔഷധക്കൂട്ടെല്ലാം മരത്തിൽ പറ്റിച്ചേരും. വിജയകുമാർ ഇച്ചിതാനം, സാബു ആലപ്പുഴ, അഖിലേഷ് വാഴൂർ, സുധീഷ് എന്നിവരും ചികിത്സയിൽ പങ്കാളിയാകും.12 വർഷത്തിനിടെ ബിനുവിന്റെ നേതൃത്വത്തിൽ ചികിത്സ നടത്തുന്ന 185-ാമത്തെ മരമാണിത്. മുമ്പ് പാളയം സാഫല്യത്തിന് മുന്നിലെ മരമല്ലിക്കും മ്യൂസിയം - നന്താവനം റോഡിലെ ഏഴിലം മരത്തിനും ആയുർവേദ ചികിത്സ നൽകിയിട്ടുണ്ട്. വൃക്ഷങ്ങൾക്ക് ഒരിക്കൽ മാത്രമാണ് ആയുർവേദ ചികിത്സ.
ചെലവ് 35,000 രൂപ
ചികിത്സിക്കുന്ന മരത്തിന്റെ വലിപ്പം അനുസരിച്ചാണ് ചികിത്സാച്ചെലവ്. ഒരു വൃക്ഷത്തിന് കുറഞ്ഞത് 35,000 രൂപ വരെ ചെലവ് വരും. കടമ്പ് വൃക്ഷത്തിന്റെ പൂർണ ചെലവ് വഹിക്കുന്നത് ട്രീ വോക്ക് എന്ന വൃക്ഷസംരക്ഷക സംഘടനയാണ്.