വർക്കല: ആയിരക്കണക്കിന് ആളുകൾ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന കാപ്പിൽ തീരത്ത് സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ സൗകര്യങ്ങൾ ഇല്ല. രാത്രികാലങ്ങളിൽ മതിയായ വെളിച്ചം നൽകുന്നതിനോ അടിസ്ഥാന വികസനം ഒരുക്കുന്നതിനോ ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ല. തീരത്ത് സ്ഥാപിച്ചിട്ടുള്ള ഇരുപതോളം വൈദ്യുതി പോസ്റ്റുകളിൽ ഒന്നുപോലും പ്രകാശിക്കുന്നില്ല. കടൽത്തീരമായതിനാൽ ഇരുമ്പ് വൈദ്യുത പോസ്റ്റുകൾ തുരുമ്പെടുത്ത് നശിച്ചു. ഇവയിൽ ലൈറ്റുകൾ ഒന്നുംതന്നെയില്ല.
അതിർത്തി തർക്കവും
തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തിയെ ചൊല്ലി കാപ്പിൽ പ്രദേശത്ത് ഇടവ ഗ്രാമപഞ്ചായത്തും പരവൂർ നഗരസഭയും തമ്മിൽ പതിറ്റാണ്ടുകളായി തർക്കങ്ങൾ നിലവിലുണ്ട്. അതിർത്തി സൂചിപ്പിച്ചുകൊണ്ട് സ്ഥാപിച്ചിരുന്ന ബോർഡുകൾ പോലും ഇന്നിവിടെയില്ല. രാത്രികാല അടിയന്തര സാഹചര്യത്തിൽ പൊലീസും ഫയർഫോഴ്സുമടക്കമുള്ള സംവിധാനങ്ങൾക്ക് കൃത്യമായ ഇടപെടൽ നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് ഇത് കാരണമാകുന്നുണ്ട്.
സുരക്ഷയില്ലാതെ തീരം
പ്രധാന റോഡിൽ കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുള്ള 25 ഓളം വൈദ്യുതി പോസ്റ്റുകൾ മാത്രമാണ് രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്നത്. രാത്രി വൈകിയും സഞ്ചാരികൾ എത്തുമെന്ന് കണക്കിലെടുത്തുകൊണ്ടുള്ള യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളും ഇവിടെയില്ല. ആഭ്യന്തര ടൂറിസത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒട്ടനവധിപേർ ഇവിടെ എത്തുന്നുണ്ട്. കുടുംബമായി നിരവധി സഞ്ചാരികൾ എത്തുന്ന ഇവിടെ സാമൂഹ്യവിരുദ്ധ ശല്യവും വർദ്ധിച്ചിട്ടുണ്ട്. ഇരുട്ടുവീണാൽ ലഹരി വില്പനയും ഉപയോഗവും നിരവധിയാണെന്ന് നാട്ടുകാർ പറയുന്നു.
എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം
അയിരൂർ, പരവൂർ സ്റ്റേഷനുകളിലെ പൊലീസ് ജീപ്പുകൾ പ്രധാനറോഡിലൂടെ കടന്നുപോകുന്നതല്ലാതെ പ്രദേശത്ത് പട്രോളിംഗ് ഉൾപ്പെടെയുള്ള ഒരു സംവിധാനവുമില്ല. പൊലീസ് എയ്ഡ്പോസ്റ്റ് സംവിധാനം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
പ്രതികരണം
നാടിനെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങൾ സംഭവിക്കുംവരെ നടപടികൾ കൈക്കൊള്ളില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. വെളിച്ചക്കുറവ് പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണം.
പുത്തൂരം നിസാം, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവ യൂണിറ്റ് പ്രസിഡന്റ്