ശംഖുംമുഖം: ലഹരി - ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ബീമാപള്ളി സ്വദേശി ഷിബിലിയെ അടിച്ചുകൊന്ന കേസിലെ രണ്ടുപ്രതികൾ ഒളിച്ചുകഴിയുന്നത് കടലിലാണെന്ന് പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ ഇനാസിന്റെ സഹോദരൻ ഇനാദ്,​ ബീമാപള്ളി സ്വദേശിയായ സഫീർ എന്നിവരാണ് കടലിൽ ഒളിച്ചിരിക്കുന്നതെന്ന് ഇനാസ് പൊലീസിന് മൊഴി നൽകി. കൊലപാതകത്തിന് പിന്നാലെ വ്യാഴാഴ്‌ച രാത്രി ഇനാസ് തമിഴ്നാട്ടിലേക്ക് പോയി. ഇനാദും സഫീറും പെരുമാതുറയിലെത്തി മത്സ്യത്തൊഴിലാളികൾക്കൊപ്പം ബോട്ടുകളിൽ കടലിലേക്കും പോയി. ദിവസങ്ങളോളം കടലിൽ മീൻ പിടിക്കുന്ന വള്ളങ്ങളിലാണ് പ്രതികൾ ഒളിച്ചത്. ഒരു വള്ളം തിരികെ പോകുമ്പോൾ പിന്നാലെ വള്ളങ്ങളിൽ മാറിക്കയറുകയാണ് ഇവർ ചെയ്യുന്നത്. ഇനാസാണ് ഈ ഒളിവുരീതി വെളിപ്പെടുത്തിയത്.

ഇനാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റുപ്രതികളെ പിടികൂടാനും വള്ളങ്ങൾ കണ്ടത്താനും പൂന്തുറ പൊലീസ് കോസ്റ്റൽ പൊലീസിന്റെ സഹായം തേടി. സംഭവം നടക്കുന്ന സമയത്ത് ഷിബിലിക്ക് ഒപ്പമുണ്ടായിരുന്നെന്ന് പറയപ്പെടുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിവരങ്ങൾ തേടിയശേഷം വിട്ടയച്ചിരുന്നു. ഷിബിലിയെ മർദ്ദിക്കുന്നത് ആദ്യം തടായാൻ ശ്രമിച്ചെങ്കിലും എതിർത്തുനിൽക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്നാണ് ഇയാൾ പറഞ്ഞതെങ്കിലും പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല.

 പ്രതിപ്പട്ടികയിൽ മൂന്നാമനും
കേസിൽ സഫീറിനെയും പൊലീസ് പ്രതിചേർത്തു. കൊലപാതകത്തിൽ സഫീറിനും പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. തമിഴ്നാട്ടിലെ തിരുനെല്ലിയിൽ നിന്ന് വെള്ളിയാഴ്‌ച അറസ്റ്റിലായ ഇനാസിനെ ഇന്നലെ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ അനുരൂപ് ചോദ്യം ചെയ്തപ്പോഴാണ് മൂന്നാമതൊരാളെ കുറിച്ച് വെളിപ്പെട്ടത്.

 ഡി.സി.പി പരിശോധിച്ചു
കൊലപാതകം നടന്ന സ്ഥലം തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണർ വി.വിജയ് ഭരത് റെഡ്ഡി പരിശോധിച്ചു. റെഡ്ഡി ഡി.സി.പിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ സംഭവമാണിത്. ഡി.സി.പിയും ഇനാസിനെ ചോദ്യം ചെയ്തു. പൂന്തുറ സി.ഐ.സാജു, എസ്.ഐ സുനിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.