ശംഖുംമുഖം: ബീമാപളളി കൊലപാതകത്തിൽ പ്രതികൾ ലക്ഷ്യമിട്ടത് ഷിബിലിയെ ആയിരുന്നില്ല,​ മറിച്ച് അയാളുടെ സുഹൃത്തും സന്തതസഹചാരിയുമായ ബീമാപള്ളി സ്വദേശി റിയാസിനെയായിരുന്നു. റിയാസും ഒന്നാംപ്രതി ഇനാസും തമ്മിൽ മുമ്പ് പ്രശ്നങ്ങളുണ്ടായിരുന്നു. ലഹരി വില്പന,​ അടിപിടി കേസ് എന്നിവ നടത്തിയിരുന്ന ഇരുവരും ഇതേച്ചൊല്ലിയാണ് ശത്രുക്കളായത്. ഇതിന്റെ പേരിൽ ഇരുവരും പലതവണ ഏറ്റുമുട്ടിയിരുന്നു. വൈര്യാഗം കൊണ്ടുനടന്ന ഇനാസ് റിയാസിനെ മർദ്ദിക്കാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം ബീമാപള്ളിയിലെത്തിയത്. എന്നാൽ,​ റിയാസ് ഓടിരക്ഷപ്പെട്ടു. ഇതോടെ ഒപ്പമുണ്ടായിരുന്ന ഷിബിലിയെ ആക്രമിച്ചു. ചെറിയ കൈയാങ്കളി മാത്രമാണ് അപ്പോഴുണ്ടായത്. തുടർന്ന് പിരിഞ്ഞുപോയ സംഘങ്ങൾ രാത്രി മടങ്ങിയെത്തി ബീമാപള്ളിക്ക് സമീപം ഓട്ടോയിൽ ഇരിക്കുകയായിരുന്ന റിയാസിനെയും ഷിബിലിയെയും ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ റിയാസ് ഓടിരക്ഷപ്പെട്ടു. ഇതോടെ ഷിബിലിയെ മർദ്ദിച്ച് ഓട്ടോയിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി കല്ലും തടിക്കക്ഷണങ്ങളും ഉപയോഗിച്ച് അടിച്ചുകൊല്ലുകയായിരുന്നു. റിയാസിനെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇതുവരെയും പ്രതിയാക്കിയിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. റിയാസും ലഹരിമാഫിയ സംഘത്തിലെ കണ്ണിയാണെന്നാണ് സൂചന.