mettukkada-road

തിരുവനന്തപുരം: 'ഈ നരകക്കുഴിയിൽ അറിയാതെപോലും വീഴല്ലേ..." കഴിഞ്ഞ കുറേനാളായി തൈക്കാട് മേട്ടുക്കട - സംഗീത കോളേജ് റോഡിലൂടെ പോകുന്നവരെല്ലാം പ്രാർത്ഥിക്കുന്നത് ഇതാണ്. അത്രയ്ക്ക് സാഹസപ്പെടണം ഈ വഴിയിലൂടെ യാത്ര ചെയ്യാൻ. സംഗീത കോളേജിലേക്ക് പോകുന്ന റോ‌ഡിൽ ഡിവിഷണൽ റെയിൽവെ മാനേജരുടെ ആസ്ഥാനത്തിന് സമീപത്ത് പൈപ്പ് ലൈനിനായി എടുത്ത വലിയ കുഴിയാണ് അപകടക്കെണിയായിരിക്കുന്നത്.

സ്മാർട്ട്സിറ്റി വികസനത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ റോഡാണ് വീണ്ടും വെട്ടിപ്പൊളിച്ച് ഒരുമാസം മുമ്പ് കുഴിയുണ്ടാക്കിയത്. കമ്പിവേലിയും ബാരിക്കേ‌ഡ് സ്ഥാപിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും നിയന്ത്രണം തെറ്റി വാഹനങ്ങളും കാൽനടയാത്രക്കാരും കുഴിയിൽ വീഴാനുള്ള സാദ്ധ്യതയേറെയാണ്.

വെള്ളയമ്പലം ആൽത്തറ മുതൽ മേട്ടുക്കട വരെയുള്ള പ്രധാന പൈപ്പ് ലൈനും ഇടറോഡുകളിലേക്കുള്ള ഇന്റർകണക്ഷനുകളും മാറ്റിസ്ഥാപിക്കുന്ന പണി തുടരുന്നതിനാലാണ് കുഴി മൂടാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. 17 ഇടങ്ങളിലേക്ക് ഇന്റർകണക്ഷൻ നൽകുന്ന പണി പൂർത്തിയായി. അഞ്ച് ഇടറോഡുകളിലേക്കുള്ള പണികൾ ബാക്കിയാണ്. പഴയ കാസ്റ്ര് അയൺ പൈപ്പിൽ നിന്ന് കണക്ഷൻ കൊടുക്കുന്നതിനുള്ള സ്പെയർ പാർട്സുകൾ ആവശ്യത്തിന് ലഭിക്കാത്തതാണ് പണി നീളാൻ കാരണം. ഇവ സ്വയം നിർമ്മിച്ചാണ് കരാറുകാർ പണി പൂർത്തിയാക്കുന്നത്. ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിട്ടി,​ സ്മാർട്ട്സിറ്റി അധികൃതർ ആന്റണി രാജു എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ഉറപ്പുനൽകിയിരുന്നു.