തിരുവനന്തപുരം: ധനകാര്യ സ്ഥാപന ഉടമയായ നെടുമങ്ങാട് ഇളവട്ടം കാർത്തിക വീട്ടിൽ മോഹനൻ നായരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ടു. പ്രതികളുടെ പങ്കിനെക്കുറിച്ച് മാപ്പുസാക്ഷിയുടെ വെളിപ്പെടുത്തൽ വെറുതേയായി. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് മുട്ടത്തറ ആര്യങ്കുഴി ഇറച്ചി ഷാജി എന്ന ഷാജഹാൻ, ആനാട് ഇളവട്ടം ആകാശ് ഭവനിൽ സീമ വിൽഫ്രഡ്, ബീമാപള്ളി മിൽക്ക് കോളനി മുഹമ്മദ് സുബൈർ എന്നിവരെ വെറുതെ വിട്ടത്.


ഇറച്ചി ഷാജിയുടെ സുഹൃത്തും നാലാം പ്രതിയുമായിരുന്ന കൊഞ്ചിറവിള നൂർജി മൻസിലിൽ സജു പിന്നീട് മാപ്പു സാക്ഷിയായി പ്രതികൾക്കെതിരെ മൊഴി നൽകിയിരുന്നു. സീമ പലപ്പോഴായി മോഹനൻ നായരിൽ നിന്ന് അഞ്ചുലക്ഷം രൂപ വാങ്ങിയിരുന്നു. സീമ പിന്നീട് ഇറച്ചി ഷാജിയുമായി ബന്ധം സ്ഥാപിച്ചു. കുപിതനായ മോഹനൻ നായർ സീമയെയും ഷാജിയേയും ഭീഷണിപ്പെടുത്തിയിരുന്നു. പ്രശ്നം തീർക്കാമെന്നുപറഞ്ഞ് മോഹനനൻ നായരെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മുഹമ്മദ് സുബൈറിന്റെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയി കുത്തിക്കൊല്ലുകയായിരുന്നു. പ്രതികൾക്കുവേണ്ടി ജോഷ് രാജൻ ,ബെയ്‌ലിൻ ദാസ് എന്നിവർ ഹാജരായി.