ayaynkali

നേമം: വെള്ളായണി സ്‌പോർട്സ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് ആരോപിച്ച് സംസ്ഥാന പട്ടികജാതി വികസന ഡയറക്ടറെ പട്ടികജാതി മോർച്ച ഉപരോധിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ മൂന്ന് മണിക്കൂറോളമാണ് ഡയറക്ടറെ തടഞ്ഞുവച്ചത്. സംഭവത്തിൽ മന്ത്രി ഒ.ആർ.കേളു ഡയറക്ടറോട് റിപ്പോർട്ട് തേടി. ലിസ്റ്റ് അട്ടിമറിച്ച് ഫുട്ബാൾ, ജൂഡോ താരങ്ങളായ അജന്യ എം,വിധുഷ പി.ടി.ദിയ ശിവദാസൻ ഹൃദ്യ എ,അനുശ്രീ കലേഷ് എന്നീ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചെന്നാണ് ആരോപണം. പട്ടികജാതി മോർച്ച ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്,​ ബി.ജെ.പി ജില്ലാസെക്രട്ടറി മുളയറ രതീഷ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ,വൈസ് പ്രസിഡന്റ് പാറയിൽ മോഹനൻ, നിഷാന്ത് വഴയില,രതീഷ് പുഞ്ചക്കരി, മഹേഷ് കുര്യാത്തി എന്നിവർ നേതൃത്വം നൽകി.