തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തമ്പാനൂർ ബസ് സ്റ്റാൻഡിലേക്ക് ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെ സ്വർണക്കടത്തു കാരിയറെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശികളായ ഹക്കീം (30),നിഷാദ് (30), സെയിദ് (35),​ ബോട്ടുപുര സ്വദേശി ഷഫീക്ക് (39), മുട്ടത്തറ രാജീവ് ഗാന്ധി ലൈൻ സ്വദേശി മാഹീൻ(32) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് ഇന്നലെ പിടികൂടിയത്.

പാറ്റൂർ ഭാഗത്ത് നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സമർദ്ദം കാരണം കീഴടങ്ങാതെ വേറെ വഴിയില്ലെന്ന ചിന്തയിലാണ് സ്റ്റേഷന് സമീപത്തെ വീട്ടിൽ തന്നെ പ്രതികളെത്തിയത്. ഹക്കിമീനെതിരെ ഒരു പീഡനകേസും സെയ്ദിനെതിരെ എം.‌ഡി.എം.ഐ കൈവശം വച്ചതിനും കേസുകളുണ്ട്. രണ്ടു കാറുകളിലെത്തിയാണ് ഇവർ തിരുനെൽവേലി മേലേപാളയം സ്വദേശി മുഹമ്മദ് ഉമറിനെ(24) ബുധനാഴ്ച പുലർച്ചെ 12.25 തട്ടിക്കൊണ്ടു പോയത്. വിമാനത്താവളം വഴി കടത്തിയ സ്വർണം കൈയിലുണ്ടെന്ന് തെറ്റിദ്ധരിച്ചായിരുന്നു തട്ടിക്കൊണ്ടുപോകൽ. എന്നാൽ സിംഗപ്പൂരിൽ നിന്ന് കന്യാകുമാരി സ്വദേശി കൊണ്ടു വന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. തിരുനെൽവേലി സംഘത്തിനായി കൊണ്ടു വന്ന 20 പവൻ സ്വർണം വാങ്ങാനാണ് മുഹമ്മദ് ഉമർ വിമാനത്താവളത്തിലെത്തിയത്. 78,​000 രൂപ നികുതി അടയ്ക്കാൻ കസ്റ്റംസ് നൽകിയ നോട്ടീസുമായി തിരുനെൽവേലിയിലേക്ക് മടങ്ങിയപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം. രസീത് കാണിച്ചതോടെ സ്വർണം ഇല്ലെന്ന് മനസിലായ പ്രതികൾ ഒമറിനെ ഓവർബ്രിഡ്ജിന് സമീപം ഉപേക്ഷിച്ചു.
തട്ടിക്കൊണ്ടുപോകാനായി പ്രതികൾ ഉപയോഗിച്ച കാറുകളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വർണം പൊട്ടിക്കലിന് ഇവർ ആദ്യമായാണ് ഇറങ്ങിയത്. ഉമർ മുമ്പ് പലപ്പോഴും വിദേശത്ത് നിന്ന് സ്വർണം കടത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. ഇത് സ്ഥിരമായി നിരീക്ഷിച്ചാണ് ഇയാളെ തട്ടിക്കൊണ്ടു പോയത്. ഇവർക്കൊപ്പം കൂടുതൽ പേരുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നു. സംഭവത്തിന് ശേഷം പരാതിയൊന്നും നൽകാതെ പോയ ഉമറിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിമാനത്താവളത്തിൽ ഡ്യൂട്ടി അടച്ച് സ്വർണം എടുക്കാനായി കന്യാകുമാരി സ്വദേശി ആന്റണി ജോർജ് അലക്സ് എന്ന യാത്രക്കാരനൊപ്പം എത്തിയപ്പോഴാണ് ഉമറിനെ വഞ്ചിയൂർ പൊലീസ് കണ്ടെത്തിയത്. ഇരുവരെയും ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഓട്ടോ ഡ്രൈവറുടെ പരാതിയിലാണ് നിലവിൽ കേസ്.