ശ്രീചിത്രയിലേയും ആർ.സി.സിയിലെയും ഡോക്ടർമാരും പണിമുടക്കി

 മെഡി.കോളേജിൽ സൈക്യാട്രി വിഭാഗത്തിലെത്തിയവരെ പരിശോധിച്ചു

തിരുവനന്തപുരം: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽകോളേജിലെ പി.ജി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടനകൾ കൂട്ടമായി 24 മണിക്കൂർ പണിമുടക്കിയതോടെ രോഗികൾ വലഞ്ഞു.ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങിയ ഡോക്ടർമാർ പ്ലക്കാഡുകളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനവും ധർണയും നടത്തി. ആയിരത്തിലധികം ഡോക്ടർമാർ പങ്കെടുത്തു.സർക്കാർ,സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ഒന്നാകെ പ്രതിഷേധത്തിൽ അണിനിരന്നു.അത്യാഹിതവിഭാഗം,ലേബർറൂം,ഐ.സിയു എന്നിവിടങ്ങളിൽ മാത്രമാണ് ഡോക്ടർമാർ ഉണ്ടായിരുന്നത്.പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെ എല്ലായിടത്തും ഡോക്ടർമാർ കൂട്ടമായി ഒ.പി ബഹിഷ്‌കരിച്ചു. ശ്രീചിത്രയിലെയും ആർ.സി.സിയിലെയും ഡോക്ടർമാരടക്കം പണിമുടക്കി.ശ്രീചിത്രയിൽ ശനിയാഴ്ച ഒ.പിയില്ലാത്തതിനാൽ പ്രതിസന്ധിയുണ്ടായില്ല. എന്നാൽ ആർ.സി.സിയിൽ രോഗികൾക്ക് ബുദ്ധിമുട്ടി. ഇന്നലെ നിശ്ചയിച്ചിരുന്ന ആർ.സി.സിയിലെ ഒപികൾ മറ്റൊരുദിവസത്തേയ്‌ക്ക് മാറ്റി. പതിവ് പോലെ ഒ.പിയെടുക്കാനായി പുലർച്ചെ മെഡിക്കൽ കോളേജിലെത്തിയവരായിരുന്നു ദുരിതത്തിലായത്. ആംബുലൻസുകളിലെത്തിയവർ ഉൾപ്പടെ കാത്തുകിടന്നു.ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണമായിരുന്നെങ്കിലും ഒ.പി ടിക്കറ്റ് നൽകി. ഇതുമായി രോഗികൾ ഒ.പിയിലെത്തിയപ്പോഴായിരുന്നു ദുരിതം.അതേസമയം,​ സൈക്യാട്രി വിഭാഗത്തിൽ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. പേരൂർക്കട ജില്ലാ ആശുപത്രി,നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും രോഗികൾ വലഞ്ഞു.

സമരത്തിനിടയിലെ കാരുണ്യം!

മെഡിക്കൽ കോളേജ് ആശുപത്രി ഒ.പിയിൽ തുടർചികിത്സയ്ക്കായി പതിവായെത്തുന്നവർ ഇന്നലെ ഒ.പി ടിക്കറ്റും പിടിച്ച് ഏറെ നേരം നിരാശരായി ഡോക്ടർമാരുടെ മുറിക്ക് മുന്നിൽ കാത്തുനിന്നു. ഒടുവിൽ ചിലർ ഡോക്ടർമാരുടെ പ്രതിഷേധ സ്ഥലത്തേക്ക് പോയി. പരിചയമുള്ള ഡോക്ടർമാരുടെ അടുത്തെത്തി രോഗികൾ കാര്യം പറഞ്ഞു. രോഗികളുടെ ദയനീയമുഖം കണ്ട് അവരുടെ അടുത്തേക്ക് ചില ഡോക്ടർമാരും എത്തി. കാര്യങ്ങൾ ചോദിച്ച് അവിടെ വച്ചു തന്നെ മരുന്നെഴുതി നൽകിയത് പ്രതിഷേധത്തിനിടയിലും കാരുണ്യത്തിന്റെ മുഖമായി.