കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് അതിർത്തിയിലെ വ്യാപകമായ മണ്ണ്, പാറ ഖനനം സംബന്ധിച്ച് സമഗ്ര അന്വേഷണമാവശ്യപ്പെട്ട് കളക്ടർക്ക് ഭരണസമിതി കത്ത് നൽകി.പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ ചാറയം, മണലേത്തുപച്ച,വാഴോട് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നടന്ന ക്രമവിരുദ്ധവും മാനദണ്ഡ രഹിതവുമായ ഖനനപ്രവർത്തനങ്ങളെ തുടർന്ന് നാട്ടുകാർക്കുണ്ടായ ആശങ്കയും ഭീതിയും ഒഴിവാക്കുന്നതിനാണ് പഞ്ചായത്ത് ഭരണസമിതി നടപടികളാരംഭിച്ചത്.ദേശീയപാത നിർമ്മാണത്തിനായി സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെയും പഞ്ചായത്ത് അറിയാതെയും വ്യാപകമായി മണ്ണ് നീക്കം ചെയ്തത് കണ്ടെത്തിയിരുന്നു.പഞ്ചായത്ത് കമ്മിറ്റി കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് മണ്ണിടിപ്പിന്റെ വ്യാപ്തിയും ദൂരവ്യാപക പ്രത്യാഘാതങ്ങളും മനസിലാക്കുന്നതിനും പഠിക്കുന്നതിനും ആർ.ഡി.ഒ പ്രത്യേക സംഘത്തെ നിയോഗിച്ചു.