ചിറയിൻകീഴ്: പെരുങ്ങുഴിയിൽ കെ.എസ്.ആർ.ടി.സിയുടെ സർവീസുകൾ നിറുത്തലാക്കുകയും പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് നിറുത്തലാക്കുകയും ചെയ്തതോടെ നട്ടംതിരിഞ്ഞ് യാത്രക്കാർ. ചിറയിൻകീഴ് - തിരുവനന്തപുരം റൂട്ടിൽപ്പെട്ട പെരുങ്ങുഴിയിൽ പ്രധാനമായും ആറ്റിങ്ങൽ, കണിയാപുരം എന്നീ ഡിപ്പോകളിൽ നിന്നുമാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. നിരവധി സർവീസുകളാണ് കൊവിഡാനന്തരം ഇവിടെ നിറുത്തലാക്കിയത്. മുമ്പ് ഉണ്ടായിരുന്ന ചിറയിൻകീഴ് സ്റ്റേ സർവീസ് നിറുത്തലാക്കിയതോടെ രാത്രി 7 മണി കഴിഞ്ഞാൽ തിരുവനന്തപുരം ഭാഗത്തുനിന്ന് ചിറയിൻകീഴിലേക്ക് ബസ് കിട്ടാതായി.

 ഇപ്പോൾ ചിറയിൻകീഴിൽ നിന്ന് പെരുങ്ങുഴി-കണിയാപുരം റൂട്ടിൽ 7 മണിക്കുള്ള സർവീസ് കഴിഞ്ഞാൽ പിന്നെ സർവീസില്ല

 ഗ്യാപ്പുള്ള സമയങ്ങളിൽ ചിറയിൻകീഴ് - കണിയാപുരം റൂട്ടിൽ ചെയിൻസർവീസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്

 പാസഞ്ചർ സർവീസുകൾ മാത്രം നിറുത്തിയിരുന്ന പെരുങ്ങുഴിയിൽ കൊവിഡോടെ അതും നിലച്ചു. മധുര-പുനലൂർ, പുനലൂർ-മധുര, നാഗർകോവിൽ-കോട്ടയം എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാത്തതും ഏറെ ബുദ്ധിമുട്ടിലാക്കുന്നു.

 സർവീസ് വേണം

വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കുമടക്കം ഏറെ പ്രയോജനകരമായിരുന്നു ഈ സർവീസുകൾ. കെ.എസ്.ആർ.ടി.സി സർവീസുകൾ തീരെ കുറവുള്ള പെരുങ്ങുഴിയിൽ ഈ പാസഞ്ചർ ട്രെയിനുകൾ കൂടി നിറുത്തലാക്കിയതോടെ യാത്രാദുരിതം വർദ്ധിച്ചു. യാത്രാക്ലേശത്തിൽ നട്ടം തിരിയുന്ന പെരുങ്ങുഴിയെ സംബന്ധിച്ചിടത്തോളം ഈ ട്രെയിനുകളും ഇവിടുത്തുകാർക്ക് ഒരനുഗ്രഹമാണ്. രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമൊക്കെ ഈ സ്റ്റേഷനെ ആശ്രയിച്ച് യാത്ര ചെയ്തിരുന്ന ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും അതുപോലെ വിവിധ ആവശ്യങ്ങൾക്കായി നാടിന്റെ വിവിധ ഭാഗങ്ങളിൽ പോകുന്നവർക്കും ഏറെ പ്രയോജനകരമായിരുന്നു ഈ സർവീസുകൾ.