31

ഉദിയൻകുളങ്ങര: സംസ്ഥാനത്തെ പ്രധാന ചെക്ക് പോസ്റ്റുകളിലൊന്നായ അമരവിളയിൽ വാഹന പരിശോധനയ്ക്ക് വനിതാ ഉദ്യോഗസ്ഥരില്ലെന്ന കേരളകൗമുദി വാർത്തയെ തുടർന്ന് ഏതാനും മാസങ്ങൾക്കു മുമ്പ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. പിന്നീട് മുന്നറിയിപ്പൊന്നുമില്ലാതെ പിൻവലിച്ചെങ്കിലും വീണ്ടും കേരളകൗമുദി വാർത്തയെ തുടർന്ന് സംസ്ഥാന അതിർത്തിയിൽ വനിതകളെ സ്ഥിരം നിയമിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഉത്തരവ് പുറപ്പെടുവിച്ചു. തസ്തികയിൽ ഡെപ്യൂട്ടി കമ്മിഷണർ നിലവിലില്ലാത്തതിനാൽ ഈ ചാർജുള്ള അസിസ്റ്റന്റ് കമ്മിഷണർ കൃഷ്ണകുമാറാണ് ഉത്തരവ് നടപ്പിലാക്കിയത്.

അതിർത്തി ചെക്ക് പോസ്റ്റുകളിൽ വനിതകൾ ഇല്ലാത്തതിനാൽ സ്ത്രീകളെ ഉപയോഗിച്ച് ലഹരി കടത്ത് വ്യാപകമാണെന്ന് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് അമരവിള ചെക്ക് പോസ്റ്റിൽ വനിതകളെ നിയച്ചത്. തിരുവനന്തപുരം ജില്ലയിലെ അമരവിള ചെക്ക് പോസ്റ്റിൽ മാത്രമാണ് വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചത്.

കേരള തമിഴ്നാട് അതിർത്തി പ്രദേശമായ ആറ്റുപുറം ചെക്ക് പോസ്റ്റിൽ ലഹരിക്കടത്തിന് അനുയോജ്യമാണെന്ന ആക്ഷേപങ്ങൾ നിരവധിയാണ്. പൂവാർ, കോവളം, വിഴിഞ്ഞം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന വിദേശ വനിതകൾ ഉൾപ്പെടെയുള്ളവരെ പരിശോധിക്കാൻ വനിത ഉദ്യോഗസ്ഥരില്ല.

ഉദ്യോഗസ്ഥരെ വേണം

വിഴിഞ്ഞം ഹാർബർ യാഥാർത്ഥ്യമാകുന്നതോടെ ഇവിടെയെത്തുന്നവരെ പരിശോധക്കാൻ വനിത എക്സൈസ് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പരിശോധനകൾ നാമമാത്രമായി ഒതുങ്ങുമെന്ന ഘട്ടത്തിലാണ് എക്സൈസ് അധികൃതർ.

പൂവാർ, വീഴിഞ്ഞം ഭാഗത്ത് ലഹരി സംബന്ധമായ പ്രശ്നമുണ്ടായാൽ 25, 26 കിലോമീറ്റർ അകലെയുള്ള എക്സൈസ് ഓഫീസുകളെ വേണം ബന്ധപ്പെടാൻ.

തടസങ്ങൾ

ദേശീയപാതയോരത്ത് അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഡിവൈഡർ,ഹംബ്,സ്പീഡ് ബ്രേക്കർ എന്നിവ സ്ഥാപിച്ചിട്ടില്ല.

അമരവിള ചെക്ക് പോസ്റ്റിന് സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ വാഹനം കൈ കാണിച്ച് നിർത്താതെ പോയാൽ പിന്തുടർന്ന് പിടികൂടാനും സംവിധാനമില്ല.

രാത്രിയിലും ഉദ്യോഗസ്ഥരില്ല

അമരവിള ചെക്ക് പോസ്റ്റിൽ പ്രതിദിനം നാല് ഷിഫ്റ്റുകളിലായി 6 പ്രവന്റീവ് ഓഫീസർ, 9സിവിൽ എക്സൈസ് ഓഫീസർ, ഒരു സി.ഐ, 3ഇൻസ്പെക്ടർമാർ,ഒരു ഡ്രൈവർ,പുതിയതായി 2വനിത ഉദ്യോഗസ്ഥർ എന്നിവരാണ് നിലവിലുള്ളത്. വനിത ഉദ്യോഗസ്ഥർക്ക് രാവിലെ മുതൽ വൈകിട്ട് വരെയാണ് ജോലി.

രാത്രികാലങ്ങളിൽ സ്ത്രീകളെ ഉപയോഗിച്ച് ലഹരി കടത്തുന്നവരെ പരിശോധിക്കാൻ വേണ്ടത്ര വനിതാ ഉദ്യോഗസ്ഥരുമില്ല.