തിരുവനന്തപുരം: ജയിൽ പുള്ളികൾ പരോൾ പ്രകാരം പുറത്തിറങ്ങുന്നതിന് കർശന ഉപാധികളുമായി ജയിൽ വകുപ്പ്.
രണ്ട് വ്യക്തികളും തടവ്പുള്ളിയും അയ്യായിരം രൂപ വീതമുള്ള ബോണ്ട് നൽകണം. പ്രതി കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ ബോണ്ട് നൽകുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കും.
നെട്ടുകാൽത്തേരി തുറന്ന ജയിലിലെ തടവുപുള്ളിയായ മോഹനൻ ഉണ്ണിത്താൻ പരോളിലായിരിക്കേ, സഹോദരനെ ഉലക്കകൊണ്ട് തലയ്ക്കടിച്ചു കൊന്ന പശ്ചാത്തലത്തിലാണിത്.
പരോളിൽ പ്രശ്നങ്ങളുണ്ടാക്കാതെ നോക്കുമെന്നു കൂട്ടിക്കൊണ്ടുപോകാൻ വരുന്നവരോ കുടുംബാംഗങ്ങളോ രേഖാമൂലം ജയിൽ സൂപ്രണ്ടിന് എഴുതി ഒപ്പിട്ട് നൽകണം. തിരികെ ജയിലിൽ എത്തിക്കുന്നതുവരെയുള്ള ചുമതലയും ഇവർക്കായിരിക്കും.
ജയിൽപ്പുള്ളിയുടെ താമസസ്ഥലത്തെ എല്ലാ വിവരങ്ങളും ജയിൽ സൂപ്രണ്ടിന് കുടുംബം കൈമാറണം. പരോളിൽ ഇറങ്ങുന്നതിനു മുൻപ് താമസ പരിധിയിലെ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെ ജയിൽ സൂപ്രണ്ട് ഫോണിൽ അറിയിക്കണം.ജയിൽപ്പുള്ളി നാട്ടിലെത്തിയാലുടൻ പൊലീസ് സ്റ്റേഷനിലെത്തി പരോൾ രേഖ സാക്ഷ്യപ്പെടുത്തണം. സബ് ഇൻസ്പെക്ടറുടെ നിരീക്ഷണത്തിലായിരിക്കും ജയിൽപ്പുള്ളി.
തിരികെ ജയിലിൽ എത്തുമ്പോൾ സബ് ഇൻസ്പെക്ടർ നൽകുന്ന നല്ലനടപ്പിന്റെ സാക്ഷ്യപത്രവും ഹാജരാക്കണം. ജയിൽപ്പുള്ളി കുഴപ്പം കാണിക്കുന്നുവെന്ന് അറിവ് കിട്ടിയാൽ ജയിൽ സൂപ്രണ്ട് തിരികെ വിളിക്കണം.അതിനു ബന്ധപ്പെട്ട സ്ഥലത്തെ ജില്ല,സിറ്റി പൊലീസ് മേധാവിമാരെ അറിയിക്കണം. തടവുശിക്ഷ അനുഭവിക്കുന്ന 561 തടവുകാർക്ക് ജൂണിൽ കൂട്ടത്തോടെ പരോൾ അനുവദിച്ചിരുന്നു.