online

തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ടിക്കറ്റ് വില്പന. ഏറ്റവുമൊടുവിൽ 25 കോടി ഒന്നാം സമ്മാനത്തുകയുള്ള ഓണം ബമ്പറിന്റെ വ്യാജനാണ് ഓൺലൈനിലൂടെ വിറ്റഴിച്ച് തട്ടിപ്പ് നടത്തുന്നത്. കേരള ലോട്ടറി പേപ്പർ രൂപത്തിൽ മാത്രമേ പുറത്തിറക്കുന്നുള്ളൂ. ഓൺലൈൻ വില്പനയില്ല. എന്നിട്ടും ഉപഭോക്താക്കളെ കബളിപ്പിച്ചാണ് വ്യാജന്റെ വിളയാട്ടം. സംസ്ഥാനത്ത് ഓൺലൈൻ ചൂതാട്ടം നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പ് യഥേഷ്ടം നടക്കുന്നു.

കേരള ലോട്ടറി, കേരള മെഗാ മില്യൺ ലോട്ടറി എന്നീ പേരുകളിൽ ആപ്പ് തയ്യാറാക്കിയാണ് തട്ടിപ്പ്. പത്തുലക്ഷത്തിലധികം പേർ ഇതിനകം ആപ്പ് ഡൗൺലോഡ് ചെയ്തു എന്നാണ് വിവരം. ഇഷ്ടമുള്ള നമ്പർ നൽകിയാൽ അതനുസരിച്ച് ടിക്കറ്റ് നൽകിയാണ് തട്ടിപ്പ്. 25 ടിക്കറ്റുവരെ ഒറ്റക്ലിക്കിൽ എടുക്കാമെന്ന വാഗ്ദാനവുമുണ്ട്. ഓണം ബമ്പറിന്റെ വിലയായ അഞ്ഞൂറു രൂപയാണ് ഒരു ടിക്കറ്റിന് ഓൺലൈൻ വ്യാജനും ഈടാക്കുന്നത്. ഓൺലൈൻ ലോട്ടറി അടിച്ചാൽ നികുതിപിടിക്കാതെ മുഴുവൻ പണവും നേരിട്ട് അക്കൗണ്ടിൽ ഉടൻ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം.

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാർ ചിഹ്നവും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളും ദുരുപയോഗം ചെയ്ത് ലോട്ടറി തട്ടിപ്പു നടത്തുന്നതായി കേരളകൗമുദി എപ്രിൽ ഒന്നിന് റിപ്പോർട്ട് ചെയ്തിരുന്നു.

തട്ടിപ്പിന് വ്യാജ

ക്യുആർ കോഡ്

കേരള ലോട്ടറിയെ വെല്ലുംവിധത്തിലുള്ള ഡിസൈൻ

വ്യാജ ക്യു ആർ കോ‌ഡ‌ും ലോട്ടറി ഡയറക്ടറുടെ വ്യാജ ഒപ്പും

ഓണം ബമ്പറിന് സമാനമായി 25 കോടി ഒന്നാം സമ്മാനം

കേരള ലോട്ടറി പേപ്പർ

രൂപത്തിൽ മാത്രം

കേരള ലോട്ടറി പേപ്പർ രൂപത്തിൽ മാത്രമേയുള്ളൂ

ലോട്ടറി അടിച്ചാൽ ജില്ലാ ഓഫീസുകളിലോ ഡയറക്ടറേറ്റിലോ

ബാങ്കുകളുടെ ശാഖകളിലോ ഹാജരാക്കണം

ലോട്ടറിയുടെ പിന്നിൽ നിശ്ചിതസ്ഥലത്ത് പേരും വിലാസവും

ഒപ്പും രേഖപ്പെടുത്തണം

നികുതി കിഴിച്ചുള്ള സമ്മാന തുക അക്കൗണ്ട് മുഖേനയാണ് നൽകുന്നത്

''വിഷയം ശ്രദ്ധയിൽപെട്ടിട്ടിട്ടുണ്ട്. ബോധവത്കരണത്തോടൊപ്പം ശക്തമായ നടപടികളും സ്വീകരിക്കും. ജില്ലാ പൊലീസ് മേധാവിമാർക്കാണ് ഇതിനുള്ള ചുമതല

-എബ്രഹാം റെൻ.എസ്

ഡയറക്ടർ, കേരള ലോട്ടറി വകുപ്പ്