hi

വെഞ്ഞാറമൂട്: കാലപ്പഴക്കത്തിൽ ദ്രവിച്ച് പൊട്ടിയ പ്ലാസ്റ്റിക്ക് കസേരകൾ, അങ്ങിങ്ങ് യാത്രക്കാർക്കിടയിൽ യാതൊരു കൂസലുമില്ലാതെ വിശ്രമിക്കുന്ന തെരുവ് നായ്ക്കൾ...പറഞ്ഞു വരുന്നത് വെഞ്ഞാറമൂട് ഡിപ്പോയെക്കുറിച്ചാണ്.ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഡിപ്പോകളിൽ ഒന്നായിട്ട് കൂടി അധികൃതരുടെ അവഗണനയ്ക്കിരയാകുകയാണ് വെഞ്ഞാറമൂട് ഡിപ്പോ.

ഡിപ്പോയിലെ ഫാനും ലൈറ്റും തകർന്നിട്ട് മാസങ്ങളായി.ഡിപ്പോയ്ക്കകം ടാർ ഇളകുമ്പോൾ ഇടയ്ക്ക് ടാർ ചെയ്യുമെന്നല്ലാതെ മറ്റൊരു വികസനവും നടക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. പത്തുവർഷം മുമ്പ് നിർമ്മിച്ച യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാണ് 25 കസേരകൾ വാങ്ങി നൽകിയത്.എന്നാൽ ഇപ്പോഴാകട്ടെ യാത്രക്കാർക്ക് ഇരിപ്പിടവും വെളിച്ചവും ഫാനുമില്ലാത്ത ജില്ലയിലെ ഏക കെ.എസ്.ആർ.ടി.സി ഡിപ്പോയാകും വെഞ്ഞാറമൂട്ടിലേത്.

ഉദ്ഘാടനം നടന്നത് - 2000 ഓഗസ്റ്റ് 3ന്

വെളിച്ചമില്ല

സന്ധ്യ കഴിഞ്ഞാൽ വെളിച്ചമില്ല. കേടായ ബൾബുകൾ മാറ്റിയിടാൻ പോലും കഴിയാതെയായതോടെയാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ രാത്രിയിൽ ഇരുട്ടിലാകുന്നത്.ഇതുസംബന്ധിച്ച് ഹെഡ് ഓഫീസിൽ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു.

പേടിക്കണം

പകൽ പോലും സാമൂഹ്യവിരുദ്ധരുടെയും മദ്യപന്മാരുടെയും ശല്യമുള്ള ഡിപ്പോയിൽ രാത്രികാലത്ത് ഭയം കൂടാതെ ബസ് കാത്ത് നിൽക്കാനാവില്ല.സർവീസ് നിറുത്തിയിട്ട് പോകുന്ന ബസുകളുടെ മറവും ഇരുട്ടും കൂടിയായാൽ ശല്യം പിന്നെയും വർദ്ധിക്കുമെന്നും പറയുന്നു. മുൻപ് ഒതുക്കിയിട്ടിരിക്കുന്ന ബസുകളിൽ നിന്ന് ഡീസൽ ചോർത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഡീസൽ പമ്പില്ല

ഡിപ്പോയിൽ ഡീസൽ പമ്പ് സ്ഥാപിച്ചിട്ടില്ല.70ൽ പരം ഷെഡ്യൂളുകളും 70തോളം ബസുകളുമുള്ള വെഞ്ഞാറമൂട്ടിൽ ഡീസൽ പമ്പില്ലാത്തതിനാൽ ആറ്റിങ്ങൽ,നെടുമങ്ങാട്,കിളിമാനൂർ,വികാസ് ഭവൻ എന്നിവിടങ്ങളിൽ നിന്നാണ് ഡീസൽ അടി ക്കുന്നത്.ഗാരേജും റാമ്പും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗാരേജിൽ ടാറിടാത്തതിനാൽ അറ്റകുറ്റപ്പണിക്ക് വാഹനം തള്ളി മാറ്റാൻ കൂടി കഴിയാത്ത അവസ്ഥയാണുള്ളത്.