sreenarayana-guru

അമാവാസി ദിവസം. വൈദ്യുതി വിളക്കുകൾ വന്നിട്ടില്ലാത്ത കാലത്തെ കേരളത്തിലെ ഒരു ഉൾനാടൻ പ്രദേശം. പുലർച്ചെ മൂന്നു മണി. തൊഴുകൈകളോടെ നിന്ന സാധാരണ മനുഷ്യർക്ക് തങ്ങൾ സാക്ഷ്യം വഹിക്കുന്ന രംഗത്തിന്റെ ഗൗരവം പിടികിട്ടിക്കാണുമോ എന്നറിയില്ല. അതു ഫ്രെയിമിലാക്കാൻ ഒരു ക്യാമറയോ,​ ലോകത്തെ അറിയിക്കാൻ ഒരു പത്രപ്രവർത്തകനോ അവിടെയില്ലായിരുന്നു. നെയ്യാറിലെ ശങ്കരൻ കുഴിയിൽ നിന്ന് പ്രകൃതി പണിതിട്ടിരുന്ന ഒരു ശിവരൂപത്തെ ഗുരു കണ്ടെടുത്തു. ഒരു ശിലാപീഠത്തിൽ പ്രതിഷ്ഠിച്ചു.

പൊതുവഴികൾ പോലും അപ്രാപ്യമായിരുന്ന ഒരു ജനതയോട് ഗുരു പറയാതെ പറഞ്ഞു: ഭിത്തികൾ പോലും ഇല്ലാത്ത ഈ ശ്രീകോവിലിൽ ശിവനൊപ്പം നിങ്ങളുമുണ്ട്! ഇത്രയും വെളിച്ചം പകർന്ന ഒരു അമാവാസി അതിനുമുമ്പോ ശേഷമോ ഉണ്ടായിക്കാണില്ല. ഇത്രയും കാലത്തിനുശേഷവും പ്രകമ്പനങ്ങൾ നിലയ്ക്കാത്ത ഒരു ഭൂകമ്പത്തെയും റിക്ടർ സ്കെയിലുകൾക്ക് പരിചയം കാണില്ല. അരുവിപ്പുറത്തെ പാറയിൽ ചുണ്ണാമ്പുകൊണ്ട് നാലുവരി കൂടി ഗുരു എഴുതി. അതിൽ ജാതിഭേദം, മതദ്വേഷം, മാതൃകാസ്ഥാനം എന്നതൊക്കെ നേരത്തേ കേട്ടിട്ടുള്ളവയായിരുന്നു. ഈ വാക്കുകൾക്കിടയിൽ വാത്സല്യപൂർവം രണ്ടു വാക്കുകൾ ഗുരു കരുതിവച്ചു: 'സർവരും", ' സോദരത്വേന!"

എല്ലാം നിറയുന്ന

ഏകപദം

സർവരിൽ ഉൾപ്പെടാത്തതായി ഒന്നുമില്ല. സഹോദരൻ എന്നു കരുതിയാൽ തീരാത്ത പ്രശ്നങ്ങളുമില്ല. ഗുരുദർശനത്തിന്റെ ആഴങ്ങളിലേക്കു ചെല്ലാൻ ഈ വാക്കുകൾ മതിയാകും. ജീവകാരുണ്യ പഞ്ചകത്തിൽ ഇതെല്ലാം സ്വാംശീകരിച്ച് ഗുരു മലയാളം ഇന്നോളം കണ്ട ഏറ്റവും മനോഹരമായ പദം സൃഷ്ടിച്ചു. 'ആത്മസഹോദരർ." ഇതിനപ്പുറം കാരുണ്യം ചൊരിയുന്ന മറ്റൊന്നുമില്ല. ഗുരുവിന്റെ ജീവചരിത്രങ്ങളിൽ കാണാവുന്ന,​ ധ്യാനത്തിനു കാവൽ നിന്ന പുലികളെയും പറഞ്ഞാൽ അനുസരിക്കുന്ന മൂർഖൻ പാമ്പുകളെയും ഒരു പീഡയും വരുത്തരുതേ എന്ന് അനുകമ്പ തോന്നേണ്ട എറുമ്പുകളെയും ഒക്കെ അടുത്തറിയാൻ ഈ ഒരൊറ്റ വാക്ക് മതിയാകും.

ആത്മസാഹോദര്യം എന്ന സങ്കല്പത്തിനു മുന്നിൽ ഏറ്റവും ശരിയെന്നും ഏറ്റവും മഹത്വമുള്ളതെന്നുമുള്ള രീതിയിൽ നമ്മൾ ഉപയോഗിച്ചുവരുന്ന ജനാധിപത്യം, മതേതരത്വം, ലിംഗ സമത്വം, പരിസ്ഥിതി സൗഹൃദം, സഹിഷ്ണുത, മനുഷ്യസ്നേഹം തുടങ്ങിയവയ്ക്കെല്ലാം സൂര്യവെളിച്ചത്തിലെ നക്ഷത്രങ്ങളെപ്പോലെ ശോഭ കുറയുന്നു.

ആത്മസാഹോദര്യത്തിലേക്കുള്ള വഴികളിലാണ് ഗുരു നടന്നത്. അതിലേക്കുള്ള അന്വേഷണങ്ങളായിരുന്നു ഗുരുവിന്റെ ജീവിതം മുഴുവനും. അയിത്തോച്ചാടനവും പന്തിഭോജനവും വിഗ്രഹ പ്രതിഷ്ഠകളും ജന്തു ബലി നിരോധനവുമൊക്കെ ആത്മസാഹോദര്യത്തിലേക്കുള്ള മാർഗങ്ങളായിരുന്നു.

താഴേക്കിറങ്ങിയ

തത്വങ്ങൾ

തപ:സിദ്ധിയും ശുചിത്വവും ഔചിത്യവും കവിത്വവും ഒക്കെ ഗുരുവിന് ഇതിൽ കൂട്ടായിനിന്നു. കണ്ണാടിയും ഓങ്കാരവും ദീപവും ശിലയും വാക്കുകളും ദൈവങ്ങളായിത്തീർന്നു. വേദാന്തം ആദ്യമായി നാട്ടിടവഴികളിലെ മണ്ണിലൂടെ നടന്നു. ഇരുൾമൂടിയ മച്ചിൻ പുറങ്ങളിലെ താളിയോലകളിൽ ഉറങ്ങിയിരുന്ന തത്വങ്ങൾ താഴേക്കിറങ്ങിവന്നു. മനുഷ്യരോട് സൗഹൃദം കാണിച്ചു. സമൂഹത്തിലെ സ്പർദ്ധ ഒഴിവാക്കുക എന്നതാണ് ആത്മസാഹോദര്യത്തിലേക്കുള്ള ആദ്യപടി എന്ന് ഗുരു തിരിച്ചറിഞ്ഞു. സ്പർദ്ധ വരാൻ സാദ്ധ്യതയുള്ളിടത്തൊക്കെ ശ്രദ്ധ പതിഞ്ഞു.

കുടുംബങ്ങളും പൊതുവഴിയും വിദ്യാലയവും ദേവാലയവും തൊഴിൽശാലയും ഭോജനശാലയും ഒക്കെ സ്പർദ്ധകൾ ഒഴിഞ്ഞിടം ആകണമെന്ന് ഗുരുവിനുണ്ടായിരുന്നു. സ്പർദ്ധ ഒഴിവാക്കാൻ സാദ്ധ്യമായതെല്ലാം ചെയ്തു. ഒരു കർമ്മവും സമൂഹത്തിൽ ക്ഷോഭം ഉണ്ടാക്കിയില്ല. ഗുരു ഒന്നിനെയും വെല്ലുവിളിച്ചില്ല. പുതുതായി ഒന്നും സൃഷ്ടിച്ചില്ല.

കണ്ടെത്താൻ പറ്റാത്ത വിധത്തിൽ നിന്നിരുന്ന മറകളെ മാറ്റുകയോ, മാറാലകളെ നീക്കം ചെയ്യുകയോ ചെയ്തെന്നു മാത്രം.

ആദ്യം മതത്തെ എടുത്തു. വിവിധ ജാതികളിലായി പിരിഞ്ഞുകിടന്നവരോട് മനുഷ്യനപ്പുറം ഒരു ജാതിയില്ലെന്ന് പറഞ്ഞുകൊടുത്തു. ജാതിബോധവും ജാതിഭേദവും കളയാൻ മതങ്ങളെ പഠിപ്പിച്ചു. പിന്നീട് മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വമായിരുന്നു വേണ്ടിയിരുന്നത്. പരമത നിന്ദ ഒഴിവാക്കാൻ പഠിപ്പിച്ചു. സാരങ്ങളിൽ ഒന്നും മാർഗങ്ങളിൽ മാത്രം വ്യത്യസ്തങ്ങളുമാണ് മതങ്ങൾ എന്നും പറഞ്ഞുകൊടുത്തു. അവിടെയും നിൽക്കുന്നതായിരുന്നില്ല ഗുരുവിന്റെ പ്രവർത്തനം. മതങ്ങൾ തമ്മിലുള്ള പാരസ്പര്യം മാത്രം പോരാ, മതങ്ങളിൽ വിശ്വസിക്കുന്നവരും ഒരു മതത്തിലും വിശ്വസിക്കാത്തവരും തമ്മിലും ചേർച്ചകൾ വേണമെന്ന് ഗുരു പറഞ്ഞു.

യുക്തിവാദികളുടെ

ആത്മീയഗുരു!

ലോകത്ത് ഒരുപക്ഷേ ഇത്രയധികം യുക്തിവാദി ശിഷ്യന്മാർ ഉണ്ടായിരുന്ന മറ്റൊരു ആത്മീയ ഗുരുവും കാണില്ല. ശാസ്ത്രത്തെ ഇത്രമാത്രം ഗൗരവത്തോടെ സമീപിച്ച മറ്റൊരു സന്ന്യാസിയും കാണില്ല. മതവും ശാസ്ത്രവും തമ്മിലുള്ള സ്പർദ്ധ മനുഷ്യ ചരിത്രത്തിലെ ചോര പുരണ്ട പേജുകളാണ്. ഭൂമി ഉരുണ്ടതാണെന്നതും അത് സൂര്യനു ചുറ്റും കറങ്ങുന്നതാണെന്നും ഒക്കെ പറഞ്ഞത്, അത് പറഞ്ഞവർക്ക് പകരം ജീവിതം കൊടുക്കേണ്ടിവന്ന ശാസ്ത്ര സത്യങ്ങളായിരുന്നു. അവിടെയാണ് അനായാസമായി ഗുരു ശാസ്ത്രത്തെയും മതത്തെയും കോർത്തിണക്കിയത്. ഭക്തിയെ യുക്തികൊണ്ട് സ്ഫുടം ചെയ്തത്, അരുവിപ്പുറത്തെ പൂജാരിയായ ഭൈരവൻ ശാന്തിയും സയൻസ് ദശകം എഴുതിയ സഹോദരൻ അയ്യപ്പനും ഒക്കെ ഈ സ്പെക്ട്രത്തിന്റെ ഭാഗമാണ്.

ശാസ്ത്രവും മതവും പോരടിക്കാത്തത് സാദ്ധ്യമായതിലെ ഏറ്റവും പരിഷ്കൃതമായ ഒരു സാമൂഹ്യാവസ്ഥയാണ്. അതിലേക്കായിരുന്നു ഗുരു ഒരു സമൂഹത്തെ നയിച്ചത്. ഇനിയുമുണ്ട് സാഹോദര്യം വേണ്ടുന്ന മേഖലകൾ. ശാസ്ത്രങ്ങൾ തമ്മിലുള്ള വിയോജിപ്പുകൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എല്ലാറ്റിലെയും നല്ലതിനെ സ്വീകരിച്ചും,​ അല്ലാത്തതിനെ തള്ളിക്കളഞ്ഞും ശാസ്ത്രങ്ങൾ തമ്മിലെ സ്പർദ്ധ ഒഴിവാക്കേണ്ടതാണെന്നും ഗുരു പഠിപ്പിച്ചു. നാട്ടുവൈദ്യത്തിൽ അഗാധജ്ഞാനമുണ്ടായിരുന്നെങ്കിലും ആധുനിക മെഡിസിൻ രീതിയെ ഗുരു ഒരിക്കലും തള്ളിപ്പറഞ്ഞില്ല. അലോപ്പതി ഡോക്ടർ ആയ പല്പുവും ആയുർവേദ ഭിഷഗ്വരനായ ഭാർഗവൻ വൈദ്യരും ഈ പാരസ്‌പര്യത്തിന്റെ ഭാഗമായി.

ഗുരുദർശനം

എന്ന ഉത്തരം

ആത്മസാഹോദര്യത്തിൽ ഊന്നിയ ഈ സമീകരണ യജ്ഞമാണ് ഗുരു നടത്തിയത്. അതിൽ മനുഷ്യരും പ്രകൃതിയും സമസ്ത ജീവജാലങ്ങളും പെട്ടു. അരുളുള്ളവനാണ് ജീവിയെന്ന നവാക്ഷരി മന്ത്രവും എങ്ങനെയാണ് ജീവികളെ കൊല്ലുന്നതെന്നും കൃപയറ്റ് ഭുജിക്കുന്നതെന്നുമുള്ള ചിന്തയുമെല്ലാം ആത്മസാഹോദര്യം എന്ന ഈ ദർശനോന്നതിയിലേക്കുള്ള യാത്രയിൽ സ്വഭാവികമായി വന്നുചേർന്നതാണ്.

ഓരോ മഹാമാരിയും,​ ഓരോ പ്രകൃതിക്ഷോഭവും,​ വരളുകയും വഴിമാറി ഒഴുകുകയും ചെയ്യുന്ന നദികളും,​ കാലംതെറ്റി പെയ്യുന്ന മഴകളും,​ വെയിലിന്റെ കാഠിന്യവും,​ സ്ത്രീധന മരണങ്ങളും വന്യജീവി ആക്രമണങ്ങളും എല്ലാം ആത്മസാഹോദര്യം എവിടെയോ കൈമോശം വന്നിട്ടുണ്ടെന്ന് നമ്മളെ ഓരോരോ രീതിയിൽ അറിയിക്കുന്നു.

അപ്പോഴൊക്കെയും നമ്മുടെ ആധികൾക്ക് സാന്ത്വനമായും രോഗങ്ങൾക്ക് മരുന്നായും ഈ കാലത്തിന്റെ സങ്കീർണമായ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായും ഗുരുദർശനം കണ്ടെടുക്കപ്പെടട്ടെ.

(ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആണ് ലേഖകൻ)​