ss

തിരുവനന്തപുരം: വയനാടിന്റെ വേദനയിൽ അലിഞ്ഞ് യേശുദാസ് പാടി...

''സഹജാതരില്ലാത്ത ഒരു പുലർവേള,

അതിരാകെ മായുന്ന പ്രളയാന്ധഗാഥ

വയനാടീ നാടിന്റെ മുറിവായി മാറി
കദനമായ് കബനി കവിഞ്ഞു...''

ഒരു നാടിന്റെ ഉരുൾ പൊട്ടിയ വേദന മുഴുവൻ ആവാഹിച്ച് റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ഈണം പകർന്ന് രമേശ് നാരായണൻ യേശുദാസിന് അയച്ചുകൊടുത്തു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗാനം കേരളത്തിന് സമർപ്പിക്കും.

വെള്ളിയാഴ്ച അമേരിക്കയിലെ സ്റ്റുഡിയോയിലാണ് യേശുദാസ് ഗാനം ആലപിച്ച് റെക്കാ‌‌ർഡ് ചെയ്തത്. നാനക് മൽഹാർ, ചാരുകേശി രാഗങ്ങൾ

സമന്വയിപ്പിച്ചാണ് രമേശ് നാരാണയൻ ഗാനം ചിട്ടപ്പെടുത്തിയത്.

ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സി.പി.എം പി.ബി അംഗം എം.എ.ബേബിക്ക് നൽകിയാണ് പ്രകാശനം. പ്രളയം വന്നപ്പോഴും സർക്കാർ ഗാനം പുറത്തിറക്കിയിരുന്നു.

ഗാനം ഉൾപ്പെടുന്ന വീഡിയോ ആൽബവും തയ്യാറാകുന്നു. ടി.കെ.രാജീവ്കുമാറാണ് ആവിഷ്കാരം. സർക്കാരിന്റെ പ്ലാറ്റ്ഫോമുകളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കും.

വയനാടിനു വേണ്ടി മറ്റൊരു ഗാനവും ഗാനഗന്ധർവൻ പാടുന്നുണ്ട്. അതിന്റെയും രചന റഫീക്ക് അഹമ്മദാണ്. സംഗീതം വിദ്യാസാഗർ.

''ഈ മൺ തരികളിൽ കാതുചേർക്കൂ..
ഏതോ പ്രാണൻ മിടിക്കുന്നില്ലേ.
ഈ മഴത്തുള്ളിയിലുറ്റുനോക്കൂ
പേരറിയാത്ത മുഖങ്ങളില്ലേ...''

ഈ ഗാനം വിദ്യാസാഗറിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും. ഇതിന്റെ വരുമാനം വയനാട് പുനരധിവാസത്തിന് നൽകുമെന്ന് വിദ്യാസാഗർ പറഞ്ഞു. 2012ൽ വൈഢ്യൂര്യം സിനിമയിലാണ് യേശുദാസും വിദ്യാസാഗറും ഒടുവിൽ ഒന്നിച്ചത്. 1998ലെ സൂപ്പർഹിറ്റ് ആൽബം 'തിരുവോണ കൈനീട്ട'ത്തിനുശേഷം ആദ്യമാണ് ഇരുവരും ചലച്ചിത്രേതര ഗാനം ഒരുക്കുന്നത്.

''84ലും ദാസേട്ടന്റെ ശബ്ദം ഊർജ്ജം നിറയ്ക്കുന്നതാണ്. അത്രമേൽ മനോഹരമാണ് ഈ ഗാനത്തിന്റെ ആലാപനം''

- രമേശ് നാരായണൻ

''‌എന്റെ ഈണത്തിൽ ദാസേട്ടൻ പാടുന്നത് എനിക്കുള്ള അംഗീകാരമാണ്''

- വിദ്യാസാഗർ