വെള്ളറട: ആറാട്ടുകുഴി-പിന്നക്കുന്നവിള റോഡ് തകർന്നിട്ട് മാസങ്ങളാകുന്നു. വെള്ളറട ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട റോഡിൽ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടതുകാരണം കാൽനടയാത്രപോലും ദുരിതപൂർണമായിരിക്കുകയാണ്. ഏകദേശം 200 ഓളം കുടുംബങ്ങളുടെ പ്രധാന സഞ്ചാരപാദയാണ് തകർന്നുകിടക്കുന്നത്. നിരവധി തവണ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപഞ്ചായത്ത് അധികൃതരെയും വാർഡ് മെമ്പറെയും സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.
റോഡ് തകർത്ത് പൈപ്പിടൽ
ഭാഗികമായി തകർന്ന റോഡിൽ ജലനിധി പദ്ധതിക്കുവേണ്ടി പൈപ്പിടാൻ കുഴികൾ എടുത്തതോടുകൂടിയാണ് റോഡ് പൂർണമായും തകരാൻ ഇടയായത്. വാട്ടർ അതോറിട്ടിയാണ് റോഡ് നന്നാക്കേണ്ടതെന്നും അധികൃതർ പറയുന്നു. അടിയന്തരമായി റോഡ് നന്നാക്കി യാത്ര സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലവാസിയായ എ.സത്യശീലൻ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകി.