guru
f

തിരുവനന്തപുരം: ലോകഗുരു ശ്രീനാരായണഗുരുദേവന്റെ 170-ാമത് മഹാജയന്തി ലോകമെമ്പാടും നാളെ ആഘോഷിക്കും. ചിങ്ങമാസത്തിൽ തിരുവോണവും അവിട്ടവും കഴിഞ്ഞുള്ള ചതയ ദിനത്തിലാണ് സാധാരണ ഗുരുദേവ ജയന്തി. ഇക്കുറി ഓണം കഴിഞ്ഞുള്ള ചതയദിനം കന്നിമാസം ഒന്നാം തീയതി ആയതിനാലാണ് ജയന്തി ആഘോഷം നേരത്തെ ആയത്.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കും. പ്രാർത്ഥനാനിർഭരമായാണ് ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരി മഠത്തിലും ഗുരുദേവജയന്തി പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ഗുരുദേവനാമം ഉരുവിട്ടുള്ള നാമസങ്കീർത്തനയാത്ര ഗുരുമന്ദിരങ്ങളുടെയും ഗുരുദേവ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും. ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിൽ വൈകിട്ട് 6.30 ന് നടക്കുന്ന ഗുരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളിസുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും.

ശിവഗിരി മഠത്തിൽ രാവിലെ 9.30 ന് നടക്കുന്ന ജയന്തി സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശുഭാംഗാനന്ദ,​ അടൂർപ്രകാശ് എം.പി,​ വി.ജോയി എം.എൽ.എ തുടങ്ങിയവർ പ്രഭാഷണം നടത്തും. വൈകിട്ട് 5.30ന് മഹാസമാധിയിൽ നിന്നു നാമസങ്കീർത്തന ഘോഷയാത്ര ആരംഭിച്ച് ഗുരുദേവൻ സ്ഥാപിച്ച മാതൃകാപാഠശാലയിലെത്തി (ശിവഗിരി) എസ്.എൻ.കോളേജ്, നാരായണ ഗുരുകുലം ജംഗ്ഷനിലൂടെ മഹാസമാധിയിൽ തിരിച്ചെത്തി പ്രാർത്ഥനയോടെ സമാപിക്കും.