കല്ലറ: ചിങ്ങം പിറന്നതോടെ ഗ്രാമങ്ങൾ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലായി. ഓണപ്പരിപാടികൾക്ക് ഓണപൂക്കള മത്സരങ്ങൾ പോലെ തന്നെ പ്രധാനമാണ് ഓണക്കളികൾ. ഒരു കാലത്ത് തുമ്പി തുള്ളലും, തിരുവാതിരക്കളിയുമായിരുന്നു എങ്കിൽ ഇന്നത് കൈകൊട്ടിക്കളിയിലേക്ക് മാറി.മുമ്പ് ദിവസങ്ങൾ നീളുന്ന ഓണക്കളി പരിശീലനമാണ് നാടിനെ ഓണത്തിന്റെ വരവ് അറിയിച്ചിരുന്നത്.

സാധാരണക്കാർ ജോലി കഴിഞ്ഞ് സന്ധ്യക്ക് ശേഷം ഏതെങ്കിലും വീട്ടുമുറ്റത്ത് ഓണക്കളി പരിശീലനം തുടങ്ങും.ദിവസം രണ്ട് മണിക്കൂറോളം നീളുന്ന പരിശീലനം അവസാനിക്കുന്നത് തിരുവോണനാളുകളിലും തുടർന്ന് രണ്ട് ദിവസങ്ങളിലും ഉച്ചയൂണ് കഴിഞ്ഞ് ഏതെങ്കിലും വീട്ടുമുറ്റത്ത് ഓണക്കളി മത്സരങ്ങളോടെയാണ്. വലുപ്പ ചെറുപ്പമില്ലാതെയാണ് കളി. നാട്ടുകാരെല്ലാം കാഴ്ചക്കായി ഒത്തുകൂടും. ടെലിവിഷന്റെ വരവോടെ ഓണക്കളികൾക്ക് കാണികളില്ലാതായി. ഇതോടെ കളിസംഘങ്ങളും പിൻവാങ്ങി.പിന്നീട് ഓണക്കളി പേര് മാറ്റി കൈകൊട്ടി കളി എന്ന പേരിൽ തിരികെയെത്തി.
കൈകൊട്ടിക്കളിക്ക് പ്രിയമേറിയതോടെ ഉത്സവങ്ങൾ, സംഘടനകളുടെ വാർഷികങ്ങൾ എന്നിവയ്ക്ക് സ്ഥിരം പ്രോഗാമായി. ക്ലബുകളും സാംസ്‌കാരിക കൂട്ടായ്മകളും ഒക്കെ കൈകൊട്ടികളി മത്സരങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

കൈക്കൊട്ടിക്കളി

പുരുഷന്മാർ രംഗത്തില്ല.ഇപ്പോൾ രൂപവും ഭാവവും മാറി. കാര്യമായ തയ്യാറെടുപ്പ് ഇല്ലാതെയാണ് പണ്ട് ഓണക്കളികളെങ്കിൽ ഇപ്പോൾ മുന്നൊരുക്കതോടെയാണ് യൂണിഫോമിലായിരിക്കും കളിക്കുന്നവർ. പാട്ട് പാടാതെ സൗണ്ട് സിസ്റ്റത്തെ പ്രയോജനപ്പെടുത്തി തുടങ്ങി.പ്രശസ്തമായ നാടൻ പാട്ടുകളുടെ പിന്നണിയോടെയാണ് കളിക്കാർ താളം വയ്ക്കുന്നത്. ഒരു ടീമിൽ 12 മുതൽ 20 വരെ കളിക്കാരുണ്ടാകും.നാല് മുതൽ 10 വരെ ടീമുകളുണ്ടാവും ഇപ്പോൾ മത്സരരംഗത്ത്.