തിരുവനന്തപുരം: അപ്രായോഗിക നിർദ്ദേശങ്ങളും തെറ്റായ തീരുമാനങ്ങളും അടിച്ചേല്പിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ പൂട്ടിക്കെട്ടുന്നതായി ആക്ഷേപം. നൂതന ചികിത്സാ കേന്ദ്രങ്ങളായ കാത്ത് ലാബുകളാണ് പ്രതിസന്ധിയിലായത്.

കാർഡിയോളജി വിഭാഗത്തിനായി ഇന്റർവെൻഷണൽ ന്യൂറോളജി,ഇന്റർവെൻഷണൽ റേഡിയോളജി കാത്ത്ലാബുകൾ വിട്ടുനൽകണമെന്ന ആശുപത്രി അധികൃതരുടെ തീരുമാനമാണ് വകുപ്പുകളെ വലയ്ക്കുന്നത്. ഇന്റർവെഷണൽ റേഡിയോളജി വിഭാഗത്തിലെ ഡോക്ടർമാർ ജോലി ഉപേക്ഷിച്ചതോടെ ഇവിടെ കാത്ത്ലാബ് നിശ്ചലമായി. അടുത്തിടെ ആരംഭിച്ച ന്യൂറോ കാത്ത് ലാബിനും സമാനമായ അവസ്ഥയുണ്ടാക്കാൻ ശ്രമം നടക്കുന്നതായാണ് ആക്ഷേപം. രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി തലസ്ഥാനത്ത് ആരംഭിച്ച ഇന്റർവെൻഷണൽ ന്യൂറോളജി വിഭാഗത്തിന് കീഴിലെ ന്യൂറോ കാത്ത്ലാബിന്റെ പ്രവർത്തനം ശക്തിപ്പെടുന്ന ഘട്ടത്തിൽ മറ്റൊരു വിഭാഗത്തിന് ലാബ് നൽകിയാൽ സ്ട്രോക്ക് സെന്ററിന്റെ പ്രവർത്തനം താളം തെറ്റുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ഓരോ വിഭാഗത്തിനും ആവശ്യമായ രീതിയിൽ കാത്ത്ലാബുകൾ ക്രമീകരിച്ചിരിക്കുന്നതിനാൽ മാറിമാറി ഉപയോഗിക്കാനാകില്ല. കാർഡിയോളജി വിഭാഗത്തിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ കാത്ത്ലാബ് അടച്ചതിന് ബദലായാണ് ന്യൂറോ കാത്ത്ലാബും ഇന്റർവെൻഷണൽ റേഡിയോളജി കാത്ത്ലാബും കാർഡിയോളജി വിഭാഗത്തിന് കൂടി വിട്ടുനൽകാൻ തീരുമാനിച്ചത്.

ദിവസേന കാത്ത്ലാബിൽ ന്യൂറോ മെഡിക്കൽ,സർജറി വിഭാഗങ്ങൾ രോഗികളെ വിവിധ ചികിത്സയ്‌ക്ക് വിധേയമാക്കുന്നുണ്ട്. ഇന്റർവെൻഷണൽ റേഡിയോളജിയിലെ രണ്ടു ഡോക്ടർമാരും ജോലി ഉപേക്ഷിച്ചു സ്വകാര്യമേഖലയിലേക്ക് പോയത് മതിയായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ അമിത സമ്മർദ്ദത്തിലാക്കിയത് കാരണമാണെന്നാണ് വിവരം.

തെറ്റിദ്ധരിപ്പിച്ചെന്ന് പരാതി

കാർഡിയോളജിയിലെ കാത്ത്ലാബ് കാലപ്പഴക്കം കാരണം അടച്ചതിന് ബദലായി ന്യൂറോ,റോഡിയോളജി കാത്ത്ലാബുകൾ ഉപയോഗിക്കാമെന്ന് ആശുപത്രി അധികൃതർ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി. ഇത് അപ്രായോഗികമാണ്. യന്ത്രങ്ങളിൽ ഓരോ വിഭാഗത്തിനുമായി പ്രത്യേകം സോഫ്റ്റുവെയറുകളാണ്. 25 ലക്ഷം രൂപ ചെലവഴിച്ചാൽ മാത്രമേ ഇതിൽ മാറ്റം വരുത്താനാകൂവെന്നും മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാർ നൽകിയ പരാതിയിലുണ്ട്.