തിരുവനന്തപുരം: നാലു വർഷത്തോളമായി നാട്ടിലെ സംഗീത വേദികൾക്ക് നഷ്ടമായിരുന്ന ഗന്ധർവ്വനാദം വീണ്ടും മുഴങ്ങും. ഗന്ധർവ്വഗായകൻ കെ. ജെ. യേശുദാസ് വൈകാതെ അമേരിക്കയിൽ നിന്ന് തിരിച്ചെത്തും. ആദ്യ കച്ചേരി ഒക്ടോബർ ഒന്നിന് തലസ്ഥാനത്ത് സൂര്യ വേദിയിൽ.

കൊവിഡ് പടർന്നതിനെ തുടർന്ന് നാല് വർഷം മുമ്പാണ് യു.എസിലേക്ക് പോയത്.

ചെന്നൈയിലെ മാർഗഴി ഫെസ്റ്റ് ഉൾപ്പെടെ പതിവ് സംഗീത വേദികളിലെല്ലാം വീണ്ടും പാടും. 2019 നു ശേഷം യേശുദാസ് സൂര്യഫെസ്റ്റിന് എത്തിയിട്ടില്ല.

47 വർഷമായി തുടരുന്ന സൂര്യ ഫെസ്റ്റിൽ കഴിഞ്ഞ നാല് വർഷമൊഴികെ എല്ലാത്തവണയും ആദ്യ കച്ചേരി യേശുദാസായിരുന്നു. 84–ാം വയസ്സിലും യുഎസിലെ വീട്ടിൽ സംഗീത പരിശീലനം തുടരുകയാണ്. അവിടത്തെ വേദികളിൽ കച്ചേരി അവതരിപ്പിച്ചിരുന്നു.

വൈകാതെ നാട്ടിലെത്തുമെന്ന് യേശുദാസ് അറിയിച്ചത് ജൂലായ് 20ന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ചിരുന്നു.