tourism

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയിലൂടെ നടപ്പാക്കുന്ന ബേപ്പൂർ സമഗ്ര ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസം (ഐ.സി.ആർ. ടി) ഇന്ത്യ ചാപ്റ്ററിന്റെ 2024 ലെ ഉത്തരവാദിത്വ ടൂറിസം പുരസ്കാരം ലഭിച്ചു. എംപ്ലോയിംഗ് ആൻഡ് അപ് സ്‌കില്ലിംഗ് ലോക്കൽ കമ്യൂണിറ്റി എന്ന വിഭാഗത്തിലാണ് ഈ വർഷത്തെ ഗോൾഡ് പുരസ്‌ക്കാരം ലഭിച്ചത്.

തുടർച്ചയായി മൂന്നാം വർഷമാണ് കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷന് ഐ.സി.ആർ.ടി ഗോൾഡ് പുരസ്‌ക്കാരം ലഭിക്കുന്നത്. 2022ൽ നാല് ഗോൾഡ് പുരസ്‌ക്കാരങ്ങളും 2023ൽ ഒരു ഗോൾഡ് പുരസ്‌ക്കാരവും നേടിയിരുന്നു. തുടർച്ചയായി മൂന്ന് വർഷം വിവിധ കാറ്റഗറികളിൽ ഗോൾഡ് പുരസ്‌ക്കാരം നേടിയ രാജ്യത്തെ ഏക സർക്കാർ ഏജൻസിയാണ്. ഗോൾഡ് പുരസ്‌ക്കാരത്തിൽ അപൂർവ ഡബിൾ ഹാട്രിക്കും നേടി.

എല്ലാവരെയും ഉൾക്കൊള്ളുന്ന സുസ്ഥിര ടൂറിസം വികസന മാതൃകയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിലൂടെ കേരളം മന്നോട്ടു വയ്ക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രാദേശിക ജനതയുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണമാണ് ഇതിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഡെസ്റ്റിനേഷനുകൾ ലഭിക്കാൻ ആർ.ടി മിഷൻ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു.

ബേപ്പൂർ പദ്ധതിയുടെ ആദ്യ നാല് ഘട്ടങ്ങൾ നവംബറോടെ പൂർത്തിയാകുമെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. ആഗസ്റ്റ് 30 ,31 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌ക്കാരം കൈമാറും.