തിരുവനന്തപുരം: ഓട്ടോ റിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകിയ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിട്ടി (എസ്.ടി.എ) തീരുമാനം നടപ്പിലാക്കാനുറച്ച് ഗതാഗത വകുപ്പ്. തീരുമാനത്തെ സി.ഐ.ടി.യു എതിർക്കുന്നുണ്ടെങ്കിലും തുടർ നടപടികൾ സ്വീകരിക്കാനാണ് മന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചത്. പുതിയ ട്രാൻസ്പോർട്ട് കമ്മീഷണർ എ.അക്ബർ ചുമതലയേറ്റെടുത്തയുടൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കും.
ഹ്രസ്വദൂര യാത്രകൾക്കായി രൂപകൽപന ചെയ്ത ഓട്ടോറിക്ഷകൾ ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്നത് അപകടത്തിനിടയാക്കുമെന്നാണ് കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ചൂണ്ടിക്കാട്ടുന്നത്.അപകട സാദ്ധ്യതയെ തുടർന്നാണ് ശബരിമല പാതയിൽ ഓട്ടോറിക്ഷയ്ക്ക് വിലക്കേർപ്പെടുത്തിയത്. സി.ഐ.ടി.യു കണ്ണൂർ മാടായി യൂണിറ്റ് ഭാരവാഹികൾ നവകേരള സദസിൽ നൽകിയ നിവേദനത്തിന്റെ പകർപ്പാണ് എസ്.ടി.എയ്ക്കും കൈമാറിയത്. സമീപ ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള തടസം ഒഴിവാക്കണമെന്ന ആവശ്യത്തിനൊപ്പം ,സംസ്ഥാന പെർമിറ്റെന്ന ആശയവും ഉൾക്കൊള്ളിച്ചിരുന്നു.
ഒരു ജില്ലയിൽ രജിസ്റ്റർ ചെയ്ത ഓട്ടോറിക്ഷയ്ക്ക് സമീപ ജില്ലയിലേക്ക് 30 കിലോമീറ്ററെങ്കിലും പ്രവേശിക്കാൻ അനുമതി നൽകണമെന്ന ആവശ്യമാണ് സി.ഐ.ടി.യു സംസ്ഥാന നേതൃത്വത്തിനുള്ളത്. ഈ ആവശ്യം എസ്.ടി.എ തള്ളിക്കളഞ്ഞിരുന്നു. ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകാനുള്ള തീരുമാനത്തിന് മുന്നോടിയായി എസ്.ടി.എ പഠനം നടത്തിയിരുന്നില്ല.ഓട്ടോ തൊഴിലാളികൾ പൊതുവേ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. ജില്ല വിട്ട് യാത്ര ചെയ്യുന്നതിനുള്ള നിയമപരമായ തടസം നിങ്ങിക്കിട്ടുന്നതാണ് കാരണം.
വേഗപരിധി
50 കി.മീ
മണിക്കൂറിൽ 50 കിലോമീറ്ററാണ് ഓട്ടോറിക്ഷകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത. 100 കിലോമീറ്റർ വേഗമെടുക്കാൻ കഴിയുന്ന ആറു വരി ദേശീയപാതകളുടെ നിർമ്മാണം പുരോഗമിക്കുന്ന സമയത്താണ് ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകുന്നത്. പല സംസ്ഥാനങ്ങളിലും അതിവേഗ പാതകളിൽ ഓട്ടോറിക്ഷയ്ക്ക് വിലക്കുണ്ട്.
''ഓട്ടോറിക്ഷക്കാരെ സഹായിക്കാനാണിത് .കൂടുതൽ യാത്രകൾ ലഭിക്കും.അടുത്തൊരു ജില്ലയിലേക്കു പോലും കയറാൻ പറ്റാത്ത സാഹചര്യമായിരുന്നു.''
- മന്ത്രി ഗണേഷ് കുമാർ