തിരുവനന്തപുരം: ഓട്ടോയിൽ പോയ സ്വർണക്കടത്ത് കാരിയറായ തമിഴ്നാട് സ്വദേശി മുഹമ്മദ് ഉമറിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്‌തു. വള്ളക്കടവ് സ്വദേശികളായ ഹക്കീം (30),നിഷാദ് (30),സെയിദ് (35),​ബോട്ടുപുര സ്വദേശി ഷഫീക്ക് (39),മുട്ടത്തറ രാജീവ് ഗാന്ധിലൈൻ സ്വദേശി മാഹീൻ(32) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

വഞ്ചിയൂർ പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതികളെ പാറ്റൂരിൽ നിന്ന് പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നാളെ പൊലീസ് നൽകും. കസ്റ്റഡിയിൽ ലഭിച്ചശേഷം തെളിവെടുപ്പ് നടത്തും. ഇവർ ആദ്യമായാണ് സ്വർണക്കടത്തിലേക്ക് വരുന്നതെന്നാണ് പറ‌ഞ്ഞതെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. ഇതേക്കുറിച്ചും അന്വേഷണം നടത്തും. ഉമറിനെയും ഓട്ടോ ഡ്രൈവറെയും വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.

തിരുനെൽവേലി സംഘത്തിനായി കൊണ്ടുവന്ന 20 പവൻ സ്വർണം വാങ്ങാനാണ് മുഹമ്മദ് ഉമർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. കന്യാകുമാരി സ്വദേശി കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിൽ കന്യാകുമാരി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും പൊലീസ് പദ്ധതിയിടുന്നുണ്ട്. ബുധനാഴ്ച പുലർച്ചെ 12.25നായിരുന്നു സംഭവം.