തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വിഷു മുതൽ ആരംഭിച്ച വിഷ്‌ണു സഹസ്രനാമ ജപത്തിന്റെ ഒന്നാംഘട്ട സമർപ്പണം നടന്നു. രണ്ടായിരം പേർ ചേർന്ന് 1.20 കോടി നാമങ്ങൾ ജപിച്ചു. ഇന്നലെ രാവിലെ 8.30 മുതൽ ക്ഷേത്രത്തിനകത്തെ കുലശേഖര മണ്ഡപത്തിലും ശീവേലി പുരയിലുമായിരുന്നു നാമജപം. 10.30ന് സമാപിച്ചു.
പാരായണത്തിനുള്ള പുസ്‌തകം വേദവ്യാസന്റെ നടയിൽ പുഷാഞ്ജലി സ്വാമിയാരായ നടുവിൽ മഠം അച്യുതഭാരതി കൈമാറി. നാമജപത്തിന് ശേഷം ഭക്തർ ക്ഷേത്ര ദർശനം നടത്തി. തുടർന്ന് ക്ഷേത്രത്തിന് പുറത്ത് വടക്കേനടയിലെ ഹാളിൽ സമാപനസഭ നടന്നു. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ലക്ഷ്മി ബായി, തന്ത്രി നെടുമ്പള്ളി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ ആദിത്യവർമ,തുളസി ഭാസ്‌കരൻ,കരമന ജയൻ,എക്‌സിക്യുട്ടീവ് ഓഫീസർ മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. സമാപന സഭയിൽ ഓൺലൈനായും ഭക്തർ പങ്കെടുത്തു.