നെയ്യാറ്റിൻകര: കഴിഞ്ഞ കുറെ ദിവസങ്ങളായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങൾ ജനറൽ ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റി. ആശുപത്രിക്കുള്ളിൽ ജീവനക്കാരുടെ മദ്യപാനം, അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് പാചകം, എ.സി മുറിയിലെ സ്ഥിരതാമസം, മദ്യം എത്തിച്ചുകൊടുക്കുന്ന സംഭവങ്ങൾ തുടങ്ങിയവയ്ക്ക് അവസാനമായി.

ഇതിനെ സംബന്ധിച്ച് കേരള കൗമുദിയിൽ ജൂലായ് 31ന് വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അധികൃതരുടെ നടപടി.

പഴയ ഡയാലിസിസ് സെന്ററിലെ താമസക്കാരെ മാറ്റി. ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ, ആശുപത്രി വികസന സമിതി തുടങ്ങി ഏജൻസികളുടെ ഇടപെടലിനെ തുടർന്ന് എല്ലാത്തിനും പരിഹാരമായി.

പരിശോധന ശക്തമാക്കുന്നു

ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന രോഗികളെ നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും, തിരുവനന്തപുരത്ത് രണ്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച സംഭവത്തെക്കുറിച്ചും പരിശോധന തുടങ്ങി. ആംബുലൻസിലെ ലോഗ് ബുക്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നും രേഖപ്പെടുത്തി കൊണ്ടുപോയത് സ്വകാര്യ ആശുപത്രികളിലുമായതിനാൽ ഈ വിഷയത്തിൽ ലോഗ് ബുക്ക് അടക്കം പരിശോധിച്ചു വരുന്നു.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിൽ പലരും യൂണിഫോം ധരിക്കുന്നില്ലെന്ന് പരാതി ഉയർന്നതിനെ തുടർന്ന് ഇതും പരിശോധിക്കപ്പെടാൻ ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. കുറെ നാളുകളായി കുത്തഴിഞ്ഞ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ അന്തരീക്ഷം ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണെന്ന് പറയാം. കുറ്റക്കാരായ ജീവനക്കാർ രഹസ്യ നിരീക്ഷണത്തിലാണ്. ആശുപത്രിയിലെ മാറ്റത്തിൽ ആശുപത്രിയിലെ ഒരുകൂട്ടം ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും സന്തോഷത്തിലാണ്.