നെയ്യാറ്റിൻകര : വെൺപകൽ സർവീസ് സഹകരണ ബാങ്കിലേക്ക് ആഗസ്റ്റ് 25 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബാങ്ക് സംരക്ഷണ സമിതി ( യു.ഡി.എഫ്) സമർപ്പിച്ചിരുന്ന 13 നാമനിർദ്ദേശപത്രികകളിൽ രണ്ടെണ്ണം നിരസിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി ഹൈക്കോടതി തള്ളിക്കൊണ്ട് രണ്ടുപേരുടെയും സ്ഥാനാർത്ഥിത്വം പുന:സ്ഥാപിച്ചു. കോൺഗ്രസ് പാനലിൽ മത്സരിക്കുന്ന ജോൺകുമാർ, സുധാശേഖർ എന്നിവരുടെ സ്ഥാനാർത്ഥിത്വമാണ് പുനഃസ്ഥാപിച്ചത്. 12-ാം തീയതി നടന്ന സൂക്ഷ്മ പരിശോധനയിൽ, ബാങ്ക് സംരക്ഷണ സമിതി പാനലിലെ രണ്ടു സ്ഥാനാർത്ഥികൾക്ക് മറ്റൊരു സഹകരണ സംഘത്തിൽ അംഗത്വം ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ആയിരുന്നു റിട്ടേണിംഗ് ഓഫീസർ സ്ഥാനാർത്ഥിത്വം നിഷേധിച്ചത്.