കാലമാണ് വ്യക്തികളെ സൃഷ്ടിക്കുന്നത്. ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തിൽ മാതാപിതാക്കൾക്കൊപ്പം കാലവും നിർണായക സ്വാധീനം ചെലുത്തുമെന്നത് വസ്തുതയാണ്. മഹത്തുക്കളെ സൃഷ്ടിക്കുന്നതും കാലമാണ്.
ശ്രീബുദ്ധനും വർദ്ധമാന മഹാവീരനും ശ്രീശങ്കരനും കാലത്തിന്റെ സൃഷ്ടികളാണ്. മോശയും യേശുവും നബിയും കാലത്തിന്റെ സൃഷ്ടികളാണ്. കാലത്തിന്റെ സന്തതികൾ എന്നതുപോലെ തന്നെ ഇവരെല്ലാം കാലാതിവർത്തികളുമാണ്. അത്തരം മഹത്തുക്കളെയാണ് യുഗപുരുഷന്മാർ എന്ന് വിശേഷിപ്പിക്കുന്നത്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യുഗപുരുഷന്മാരുടെ ജനനം കാലഘട്ടത്തിന്റെ ആവശ്യമാണ്. അപൂർവമായി മാത്രമേ ലോകത്ത് ഇത് സംഭവിക്കാറുള്ളൂ. അത്തരത്തിലുള്ള ജനനമാണ് കൊല്ലവർഷം 1032-ാമാണ്ട് ചിങ്ങ മാസത്തിൽ ചതയം നക്ഷത്രത്തിൽ (1856 ആഗസ്റ്റ് 20) തിരുവനന്തപുരത്ത് ചെമ്പഴന്തി എന്ന ഗ്രാമത്തിൽ ഉണ്ടായത്.
അന്ന് ജന്മമെടുത്ത ആ കുട്ടിയാണ് ശ്രീനാരായണഗുരു എന്ന യുഗപുരുഷനായി ലോകത്തിനാകെ വഴികാട്ടിയായി മാറിയത്. ചെമ്പഴന്തിയിലെ പ്രസിദ്ധമായ വയൽവാരത്ത് വീട്ടിൽ കൃഷ്ണൻവൈദ്യരുടെ സഹോദരിയായ കുട്ടിഅമ്മയുടെയും മാടനാശാന്റെയും ഇളയ സന്തതിയായാണ് ഗുരുവിന്റെ ജനനം.
കേരളീയ ജനസമുദായത്തെ ആകെ മാറ്റിമറിക്കുകയും അവർണരുടെ ആത്മീയാചാര്യനായി പരിലസിക്കുകയും പിന്നീട് ലോകത്തിന്റെ മുഴുവൻ ആരാധനാപാത്രമായി പരിണമിക്കുകയും ചെയ്തു, ശ്രീനാരായണ ഗുരുസ്വാമികൾ എന്ന യുഗപുരുഷൻ! ചരിത്രത്തിൽ ശേഷിക്കാൻ കഴിഞ്ഞ എല്ലാവർക്കും അവരുടെ മഹത്വത്തിന് ആസ്പദമായ ഒരു ചരിത്ര പശ്ചാത്തലമുണ്ടായിരിക്കും. ശ്രീനാരായണ ഗുരുദേവൻ കേരളത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഒരു അപൂർവ മാർഗരേഖയാണ്. ഗുരുദേവൻ എന്ന പ്രതിഭാസത്തെ അതിന്റെ എല്ലാ വ്യാപ്തിയിലും തിട്ടപ്പെടുത്തി അതിന്റെ വിപ്ളവസാദ്ധ്യതകളെ മുഴുവൻ ഉൾക്കൊണ്ടതിനു ശേഷമേ അദ്ദേഹം വരച്ചിട്ട മാർഗരേഖ കടന്ന് അകത്തേക്ക് പ്രവേശിക്കാനാകൂ.
ജന്മംകൊണ്ടു മാത്രം ഒരാൾ യുഗപുരുഷനാകില്ല. ഒരു വ്യക്തിയുടെ ജ്ഞാനകാണ്ഡവും കർമ്മകാണ്ഡവും സംയോജിച്ച് വിശ്ളേഷണം സംഭവിക്കുമ്പോഴാണ് മഹത്തുക്കളും യുഗപുരുഷന്മാരുമായി മാറുന്നത്. ശ്രീനാരായണ ഗുരുദേവന്റെ കർമ്മകാണ്ഡം നമ്മെ ഓർമ്മപ്പെടുത്തുന്നത് ഈ സത്യമാണ്. ഗുരുദേവന്റെ ത്യാഗോജ്ജ്വലമായ കർമ്മകാണ്ഡത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. ജാതി- ജന്മി- നാടുവാഴി വ്യവസ്ഥകളിലൂന്നിയ സാമൂഹിക പശ്ചാത്തലമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നിരുന്നത്.
ഉൽകൃഷ്ടമായ സാഹിത്യവും സംഗീതവും നൃത്തവും കലയും ഈ വ്യവസ്ഥിതിയുടെ ഉത്പന്നങ്ങളായിരുന്നുവെങ്കിലും ജാതിവിവേചനവും പീഡനങ്ങളും അടിമക്കച്ചവടവും ഇതേ വ്യവസ്ഥിതിയെ മലീമസമാക്കിയിരുന്നു. ഉത്കൃഷ്ടമായ പ്രബുദ്ധത ഒരു ഭാഗത്തും നികൃഷ്ടമായ സാമൂഹിക ജീവിതം മറുഭാഗത്തും നിലനിന്നിരുന്ന വൈരുദ്ധ്യാത്മകതയുടെ ഈ കാലഘട്ടത്തിലാണ് ചട്ടമ്പിസ്വാമികളും ഗുരുദേവനും മറ്റനേകം സാമൂഹിക പരിഷ്കർത്താക്കളും ജന്മമെടുക്കുന്നത്. അതായത്, ജ്ഞാനവും കർമ്മവും പൊരുത്തപ്പെടാത്ത ഒരു ഭൂമികയിലാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം ഉദയം ചെയ്യുന്നത്. ഈ നവോത്ഥാന പ്രക്രിയയുടെ വിശാലനഭസ്സിലെ പ്രോജ്വല താരകമാണ് ശ്രീനാരായണ ഗുരുവെന്ന യുഗപുരുഷൻ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് ഭാരതത്തിലെ മിക്ക നവോത്ഥാന പ്രസ്ഥാനങ്ങളും രൂപംകൊള്ളുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ രണ്ട് പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നുവെന്നത് വിസ്മരിക്കുന്നില്ല. രാജാറാം മോഹൻറോയിയുടെ ബ്രഹ്മസമാജവും (1828) അയ്യാ വൈകുണ്ഠ സ്വാമികളുടെ സമത്വ സമാജവും (1839). സമത്വസമാജം ഉടലെടുത്തത് കേരളത്തിലാണ് എന്നതും, അത് പിന്നാക്ക ജാതിയിൽ നിന്ന് ഉണ്ടായതാണെന്നതും പ്രത്യേക പ്രാധാന്യമർഹിക്കുന്നു. സൂക്ഷ്മത്തിൽ നിന്ന് സ്ഥൂലത്തിലേക്കു വികസിച്ച ഒരു പ്രക്രിയയായിരുന്നു കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം. ജാതികളാൽ വിഭജിക്കപ്പെട്ടു കിടന്നിരുന്ന സമൂഹത്തിൽ സവർണമെന്നോ അവർണമെന്നോ, മേൽജാതിയെന്നോ കീഴ്ജാതിയെന്നോ വ്യത്യാസമില്ലാതെ എല്ലാ ജാതികൾക്കുള്ളിലും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു.
ആദ്യകാലത്ത് അവയൊക്കെ ആചാരങ്ങളും വിശ്വാസങ്ങളും ആയിരുന്നിരിക്കാം. എന്നാൽ കാലം മാറിയപ്പോൾ അവ അനാചാരവും അന്ധവിശ്വാസവുമായി മാറി. അതിനു കാരണം ജ്ഞാനം വർദ്ധിച്ചപ്പോൾ അതിനനുസൃതമായി കർമ്മത്തിൽ മാറ്റം വരാതിരുന്നതാണ്. ജ്ഞാനവർദ്ധനവിന് അനുസൃതമായി കർമ്മമണ്ഡലത്തിൽ മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു, ഗുരുദേവൻ. തുടർന്നുള്ള ഗുരുദേവന്റെ കർമ്മകാണ്ഡം സ്വസമുദായത്തിൽ തുടങ്ങി ക്രമാനുഗതമായി പൊതുസമൂഹത്തിലേക്കു വികസിക്കുന്ന അതിശയകരമായ കാഴ്ച ഒരു കാലഘട്ടത്തിന്റെ സാമൂഹ്യപുരോഗതിയുടെ നേർക്കാഴ്ച കൂടിയാണ്.
എല്ലാ മഹത്തുക്കളുടേയും കർമ്മകാണ്ഡത്തിലെ സുപ്രധാന ഏടുകൾ അവരുടെ തീക്ഷ്ണ യൗവനത്തിലേതായിരിക്കും എന്ന വസ്തുത ഗുരുദേവന്റെ കാര്യത്തിലും ശരിയാണ്. അരുവിപ്പുറം പ്രതിഷ്ഠ നടത്തുമ്പോൾ ഗുരുദേവന്റെ പ്രായം മുപ്പത്തിരണ്ട് വയസായിരുന്നു. വില്ലുവണ്ടി യാത്ര നടത്തുമ്പോൾ അയ്യങ്കാളിയുടെ പ്രായം മുപ്പതായിരുന്നു. തീക്ഷ്ണ യൗവനത്തിന്റെ ആദ്യ പ്രതിനിധികൾ നാരായണഗുരു മുതൽക്കിങ്ങോട്ടുള്ള നവോത്ഥാന നായകരായിരുന്നു. ബോധാബോധങ്ങളെ നിയന്ത്രിച്ചിരുന്ന സാംസ്കാരിക ഘടകങ്ങളെ വെല്ലുവിളിക്കാനും ഉച്ചാടനം ചെയ്യാനും തീക്ഷ്ണ യൗവനകാലത്ത് ഇവർ ചെയ്തതിനപ്പുറമൊന്നും അതിനു ശേഷം ആരും ചെയ്തിട്ടില്ല!
(നാളെ പൂർണമാകും)