ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് അനുവദിക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി എടുത്ത തീരുമാനം വലിയ വിവാദത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. ഏതു കാര്യവും വഴക്കും വക്കാണവുമില്ലാതെ നടപ്പിലായ ചരിത്രം ഇവിടെയില്ലാത്തതിനാൽ ഓട്ടോ പ്രശ്നത്തിലും അത് ആവർത്തിക്കുന്നതിൽ അതിശയമൊന്നുമില്ല. ഓട്ടോകൾക്ക് സംസ്ഥാനത്തെവിടെയും യഥേഷ്ടം ഓടാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടത് ഭരണപക്ഷത്തെ സി.ഐ.ടി.യു യൂണിയനാണ്. നവകേരള സദസ്സ് നടക്കുമ്പോൾ കണ്ണൂരിലെ മാടായി സി.ഐ.ടി.യു യൂണിറ്റാണ് ഈ ആവശ്യം നിവേദനമായി ഉന്നയിച്ചത്. ഇതിനെ ആസ്പദമാക്കിയാണ് എസ്.ടി.എ അനുകൂല നിലപാട് എടുത്തത്. ആവശ്യമുന്നയിച്ച യൂണിയൻ തന്നെയാണ് ഇപ്പോൾ അതിനെ എതിർക്കുന്നതെന്നത് കൗതുകമുണർത്തുന്നു. വിഷയത്തിൽ യൂണിയൻ നേതൃത്വത്തിന്റെ അന്തിമ നിലപാട് ഇതുവരെ പുറത്തുവന്നിട്ടില്ല.
എസ്.ടി.എ തീരുമാനത്തിനെതിരെ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ സർക്കാർ നിലപാട് എന്തായിരിക്കുമെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. അനുകൂലിച്ചും എതിർത്തും വാദമുഖങ്ങൾ ഉയരുന്നുണ്ട്. സ്റ്റേറ്റ് പെർമിറ്റ് നടപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് ഗതാഗത മന്ത്രി ഗണേശ്കുമാർ. ഓട്ടോകൾക്കും യാത്രക്കാർക്കും ഒരുപോലെ ഗുണകരമായ തീരുമാനമാകും ഇതെന്നാണ് മന്ത്രിയുടെ അഭിപ്രായം. ഓട്ടോ ഉടമകളും തൊഴിലാളികളും പൊതുവേ സ്റ്റേറ്റ് പെർമിറ്റ് എന്ന ആശയത്തിന് എതിരൊന്നുമല്ല. ജില്ലാടിസ്ഥാനത്തിൽ ഇപ്പോൾ പെർമിറ്റ് നൽകുന്നതു കാരണം തൊട്ടടുത്ത ജില്ലയിലേക്ക് പോകുന്നതിനുപോലും നിയന്ത്രണമുണ്ട്. ചട്ടലംഘനം പിടിച്ചാൽ വലിയ പിഴ നൽകേണ്ടിവരുന്നു. സമീപ ജില്ലകളിലേക്കെങ്കിലും പെർമിറ്റ് അനുവദിക്കണമെന്ന് അവർ ദീർഘകാലമായി ആവശ്യപ്പെട്ടുവരികയാണ്.
പ്രശ്നം സംബന്ധിച്ച് പഠനമൊന്നും നടന്നിട്ടില്ലാത്തതിനാൽ എത്രയും വേഗം വിദഗ്ദ്ധ സമിതിയെ നിയമിച്ച് അതിനുള്ള ഏർപ്പാട് ചെയ്യുന്നത് ഉചിതമാകും. ഏതു പുതിയ മാറ്റത്തിനും അത്തരമൊരു പഠനം ആവശ്യമാണ്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാര നടപടികൾ മന്ത്രിയും യൂണിയനുകളും തമ്മിലുള്ള ബലാബലത്തിലേക്ക് നയിച്ചതുപോലെ ഓട്ടോ പെർമിറ്റ് പ്രശ്നവും ആ വഴിക്കു നീങ്ങാതിരിക്കാൻ ശ്രമിക്കണം. ഓട്ടോകൾക്ക് സ്റ്റേറ്റ് പെർമിറ്റ് നൽകിയാൽ അത് അപകടങ്ങൾ വർദ്ധിക്കാൻ ഇടയാക്കുമെന്നാണ് പ്രധാന ആക്ഷേപം. ഇത് വലിയ അടിസ്ഥാനമൊന്നുമില്ലാത്ത ആക്ഷേപം മാത്രമാണ്. കാരണം അതതു ജില്ലകളിൽ സകല റോഡുകളിലും നിലവിൽ ഓട്ടോറിക്ഷകൾക്ക് ഒരു കുറവുമില്ല. ദീർഘദൂര സഞ്ചാരത്തിനു വേണ്ടിയുള്ളതല്ല ഓട്ടോയുടെ ഘടന എന്നു വാദമുണ്ട്. എന്നാൽ ജില്ലയ്ക്കകത്ത് നിറുത്തില്ലാതെ ദിവസം മുഴുവൻ ഓടുന്ന നിരവധി ഓട്ടോകളുണ്ടെന്ന വസ്തുത ഓർക്കണം.
ഓട്ടോകൾക്ക് സ്റ്റേറ്റ് പെർമിറ്റ് ലഭിച്ചാലും ദീർഘയാത്രയ്ക്ക് ഓട്ടോയെ ആശ്രയിക്കുന്നവർ നന്നേ കുറവായിരിക്കും. ആകെ ഉണ്ടാകാൻ പോകുന്ന മാറ്റം അന്തർ ജില്ലാ സവാരിക്ക് ഇപ്പോഴുള്ള കടുത്ത നിയന്ത്രണങ്ങൾ ഇല്ലാതാകുമെന്നതാണ്. ജില്ലാതിർത്തിക്കടുത്തുള്ളവർക്ക് ഏറെ ഗുണകരമാകും ഇത്. ജനങ്ങൾക്കു വേണ്ടിയാണല്ലോ നിയമവും ചട്ടവുമൊക്കെ. അവരെ സഹായിക്കാനുതകുന്ന ഏതു തീരുമാനവും നല്ലതാണ്. ജനങ്ങളുടെ പിന്തുണയും ലഭിക്കും. ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട നിയമവും ചട്ടവുമൊക്കെ കർക്കശമാക്കിയിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ഭാഗത്തുനിന്നു നോക്കിയാൽ ഒട്ടേറെ ദുഷ്പ്രവണതകൾ നടമാടുന്ന മേഖലയാണിതെന്നു കാണാം. അതിനൊക്കെ പരിഹാരമുണ്ടാക്കാനുള്ള നടപടികളാണ് ആദ്യം വേണ്ടത്. ഈ രംഗത്തു പ്രവർത്തിക്കുന്ന എല്ലാവരും കുഴപ്പക്കാരല്ല. ചെറിയൊരു വിഭാഗമാണ് ചട്ടലംഘനത്തിനു മുതിരുന്നത്.
സംസ്ഥാനത്തെ റോഡുകളിൽ ഓട്ടോ ഉൾപ്പെടെ ചെറു വാഹനങ്ങൾക്ക് പ്രത്യേക ലെയ്നുകൾ ഇല്ലെന്നത് വലിയ പോരായ്മയാണ്. മറ്റിടങ്ങളിൽ എക്സ്പ്രസ് വേകളിൽ ചെറു വാഹനങ്ങൾക്ക് വിലക്കുണ്ട്. ഇവിടെ ആറുവരിയിൽ ദേശീയപാത വികസിപ്പിക്കുമ്പോഴും അത്തരം സംവിധാനങ്ങളില്ല.