തിരുവനന്തപുരം: നഗരസഭയുടെ അനാസ്ഥയെ തുടർന്ന് ഏഴ് വർഷമായി മുടങ്ങിക്കിടന്ന രാജാജി നഗർ ഫ്ളാറ്റ് നിർമ്മാണ പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. സ്‌മാർട്ട് സിറ്റി നടപ്പാക്കുന്ന പദ്ധതി സെപ്തംബറിൽ ആദ്യഘട്ട നിർമ്മാണമാണ് ആരംഭിക്കുന്നത്. ഇതിനായി 36 സെന്റ് സ്ഥലത്തുള്ള ആൾക്കാരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇതിന്റെ ജോലികൾ പൂർത്തിയായ ശേഷമായിരിക്കും രണ്ടാംഘട്ട നിർമ്മാണം തുടങ്ങുക.അഞ്ച് നിലകളുള്ള ഫ്ളാറ്റുകളാണ് നിർമ്മിക്കുന്നത്. ഏറ്റവും താഴത്തെ നില പാർക്കിംഗിനും മറ്റുമായി നീക്കിവച്ചിട്ടുണ്ട്. ഫ്ലാറ്റുകൾക്കൊപ്പം മഴവെള്ളം ശരിയായി ഒഴുകിപ്പോകാനുള്ള ശൃംഖല, പ്രവേശന റോഡുകൾ, പാർക്കിംഗ് സൗകര്യം, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ,വിനോദ സൗകര്യം,മാലിന്യ സംസ്‌കരണ പ്ളാന്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

2017ലാണ് രാജാജി നഗറിൽ പുതിയ ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിന് 61.42 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ,​ പല കാരണങ്ങൾ പറഞ്ഞ് നഗരസഭ തന്നെ പദ്ധതി വൈകിപ്പിക്കുകയായിരുന്നു. ആദ്യം ശില്പ പ്രോജക്ട് ആൻഡ് ഇൻഫ്രാസട്രക്ചർ എന്ന കമ്പനിക്ക് ടെൻഡർ നൽകിയെങ്കിലും സമയബന്ധിതമായി ജോലികൾ തുടങ്ങാതിരുന്നതിനാൽ അവരെ ഒഴിവാക്കി.നിലവിലെ സാഹചര്യത്തിൽ പദ്ധതിത്തുക ഉയരാനാണ് സാദ്ധ്യത.

മൂന്ന് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.ആദ്യഘട്ടത്തിൽ 2.81 ഏക്കറിലായി 249 വീടുകൾ നിർമ്മിക്കാനായിരുന്നു തീരുമാനം.ഇതിലൂടെ 150 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായിരുന്നു പദ്ധതി. തുടർന്ന് ആവശ്യമെങ്കിൽ ഘട്ടംഘട്ടമായി ഫ്ളാറ്റുകൾ നിർമ്മിക്കും. എന്നാൽ, പദ്ധതി പൂർത്തിയാകുന്നതുവരെ സമീപത്തു തന്നെ പുനരധിവാസം വേണമെന്ന് താമസക്കാർ നിലപാടെടുത്തു. മറ്റൊരിടത്ത് താമസം ഒരുക്കാമെന്നും 5000 രൂപ പ്രതിമാസം വാടകയിനത്തിൽ നൽകാമെന്ന് സർക്കാർ പറഞ്ഞിട്ടും അവർ വഴങ്ങിയില്ല.പദ്ധതി ഒരിഞ്ച് പോലും മുന്നോട്ടുപോകാനാവാതെ വന്നതോടെ തുടർന്ന് നടത്തിയ ചർച്ചയിൽ കോളനിക്കകത്തോ അതിനടുത്തോ വാടകയ്‌ക്ക് പോകാമെന്ന് അവ‌ർ സമ്മതിക്കുകയായിരുന്നു.

 ദുരിതം തീരുമെന്ന് പ്രതീക്ഷ
ഫ്ലാറ്റുകൾ നിർമ്മിക്കുന്നതോടെ ദീർഘകാലമായുള്ള ദുരിതം തീരുമെന്ന പ്രതീക്ഷയിലാണ് രാജാജി നഗർ നിവാസികൾ. പ്ലാസ്റ്റിക്,സ്റ്റീൽ ഷീറ്റുകൾ കൊണ്ടുമറച്ച ഷെഡ്ഡുകളിലാണ് കോളനിയിലെ മിക്ക കുടുംബങ്ങളും താമസിക്കുന്നത്.1977ലാണ് ആദ്യമായി ചെങ്കൽച്ചൂളയിൽ ഫ്ളാറ്റ് മാതൃകയിലുള്ള കെട്ടിടം നിർമ്മിച്ചത്. കാലപ്പഴക്കം കാരണം ഫ്ളാറ്റുകൾ പൊളിഞ്ഞുവീഴാറായി.12 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഇവിടെ 2000 കുടുംബങ്ങളാണ് താമസിക്കുന്നത്.

...........................................................................................................

36 സെന്റ്
ആദ്യഘട്ടത്തിന് വേണ്ട സ്ഥലം

8.78 കോടി
ആദ്യഘട്ട തുക

4
നാല് നിലകൾ

8
ഒരു നിലയിലെ ഫ്ളാറ്റുകൾ

32
ആകെ ഫ്ളാറ്റുകൾ