ഇളം കാറ്റേറ്റ്, ഉൾനാടൻ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അറിയാതെ സംശയിച്ചുപോകും, ഇത് മറ്റൊരു കേരളമോ എന്ന്! ഓരോ നാട്ടുവഴിക്കും സൗമ്യമായ പച്ചപ്പ് തൊങ്ങൽ ചാർത്തുന്നു. വ്യത്യസ്തങ്ങളായ കൃഷിയിടങ്ങൾ, ചിന്നിച്ചിതറി ശബ്ദമുണ്ടാക്കി നടക്കുന്ന വളർത്തുമൃഗങ്ങൾ. കേരളത്തെപ്പോലെ തന്നെ പ്രകൃതിയുടെ കയ്യൊപ്പ് നന്നായി പതിഞ്ഞ മറ്റൊരു മേഖലയാണ് വിയറ്റ്നാം. തിരക്കേറിയ പട്ടണങ്ങളിൽ നിന്ന് നേരെ ഈ ഉൾനാടൻ ഗ്രാമീണ സ്വച്ഛതയിലേക്ക് ഊർന്നിറങ്ങാം.
എവിടെയും ഇപ്പോൾ ശാന്തതയാണ്. നടുക്കം വിതച്ച ഭൂതകാല യുദ്ധത്തിന്റെ ഓർമ്മപ്പെടുത്തലുകൾ അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല. അമേരിക്കയുടെ യുദ്ധക്കൊതി തീമഴയായി പെയ്തിറങ്ങിയ ദുരന്തകാലമുണ്ടായിരുന്നു, വിയറ്റ്നാമിന്. പക്ഷേ അതിലൊന്നും ചാരമായില്ല, വിയറ്റ്നാം ജനതയുടെ പോരാട്ടവീര്യം. ആ മന:സ്ഥൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ചിറകു വിടർത്തിയാണ് വലിയൊരു പുനർജന്മത്തിലേക്ക് അവർ പറന്നടുത്തത്.
എല്ലാ സൗഭാഗ്യങ്ങളും തിരികെ ലഭിച്ചെന്നല്ല, യുദ്ധക്കെടുതിയിൽ തച്ചുതകർക്കപ്പെട്ട രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ എത്ര വിദഗ്ദ്ധമായാണ് പച്ചപിടിപ്പിച്ചെടുത്തതെന്നാണ് വിയറ്റ്നാം ജനത ലോകത്തിന് കാട്ടിക്കൊടുക്കുന്നത്. പക്ഷേ അപ്പോഴും രാജ്യത്തിന് കനിഞ്ഞ് അനുഗ്രഹിച്ചു കിട്ടിയ പ്രകൃതിഭംഗിയെ തെല്ലും ചൂഷണം ചെയ്യാതെയും അതിന്റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരാതെയുമാണ് അവരുടെ രണ്ടാംവരവ്. വിയറ്റ്നാമിന്റെ ചില മേഖലകളിലൂടെ നടത്തിയ ഓട്ടപ്രദക്ഷിണത്തിൽ കണ്ണിൽപ്പതിഞ്ഞ മനോഹര കാഴ്ചകൾ, എത്ര കണ്ടാലും മതിവരാത്ത അനുഭവ ദൃശ്യങ്ങൾ.
ഇരുദേശം
ഒരുമുഖം
തുറമുഖ നഗരമായ ഹ്യൂ സിറ്റിയിൽ നിന്ന് മൂന്നു മണിക്കൂറോളം സഞ്ചരിച്ചാൽ എത്തുന്നത് പ്രകൃതി സൗന്ദര്യം മുറ്റി നിൽക്കുന്ന കാം താൻ കോക്കനട്ട് വില്ലേജിൽ. വിശാലമായ കായൽ നിലങ്ങളും പുഞ്ചകളും ചെറുതോടുകളും വെള്ളക്കെട്ടുകളുമൊക്കെ ഇടകലർന്ന കാം താൻ, പെട്ടെന്ന് നമ്മുടെ മനോമുകുരത്തിലേക്ക് കൊണ്ടുവരുന്നത് കുട്ടനാടൻ ഉൾപ്രദേശത്തിന്റെ തനിപ്പകർപ്പാണ്. പേരിനൊപ്പം കോക്കനട്ട് ഉണ്ടെങ്കിലും ഈ ഗ്രാമത്തിൽ കൂടുതലും കാണാനാവുക പനയാണ്. വിശാലമായ ഉൾനാടൻ ജലാശയത്തോടു ചേർന്ന് പച്ചത്തലപ്പിൽ പൊതിഞ്ഞ നിരവധി ചെറുതുരുത്തുകൾ. ഈ തുരുത്തുകൾക്കിടയിലൂടെ കുട്ടവഞ്ചികളിൽ സഞ്ചാരികളെ കയറ്റി തുഴഞ്ഞുപോകുന്നതാണ് പ്രധാന വിനോദം.
ഈ മേഖലയിലെ പ്രധാന വരുമാനമാർഗവും കുട്ടവഞ്ചി യാത്രയിൽ നിന്ന് വിളയുന്നതാണ്. തുരുത്തുകളിലെ ജനജീവിതം കണ്ടും ജലാശയത്തിലെ കാറ്റേറ്റും ഒരിക്കൽ തുഴഞ്ഞു പോയിട്ടുള്ളവർ നിശ്ചയമായും കൊതിക്കും, വീണ്ടുമൊരിക്കൽക്കൂടി എത്താൻ. ചെറുതുരുത്തുകളുടെ നടുവിലൂടെയുള്ള ചാലുകൾക്കിരുവശത്തും അധികം ഉയരത്തിലല്ലാതെ ഇടതൂർന്ന് വളർന്നു നിൽക്കുന്ന പനക്കൂട്ടം ചെറിയൊരു മതിൽക്കെട്ടിന്റെ പ്രതീതിയാണ് നൽകുക. ഇതിനിടയിലൂടെയാണ് കുട്ടവഞ്ചികളുടെ യാത്ര. പരമാവധി മൂന്നുപേരാണ് ഒരു കുട്ടവഞ്ചിയിൽ സഞ്ചരിക്കുക.
ജലാശയത്തിന്റെ ശാന്തതയിൽ, വഞ്ചിക്കാരന്റെ ചുണ്ടിൽ വിയറ്റ്നാം നാടോടിപ്പാട്ടിന്റെ വരികൾ താളത്തിൽ തത്തിക്കളിക്കുമ്പോൾ സന്ദർശക മനസും അതിനൊപ്പം സഞ്ചരിക്കും ഏതോ അപൂർവ നിർവൃതിയിൽ. ചെറിയ ആ ജലാശയത്തിൽ കുട്ടവഞ്ചികൾ തുഴഞ്ഞുനീക്കി ജീവിത സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന നാലായിരത്തോളം തുഴച്ചിൽക്കാരാണ് ഉള്ളത്. ഇവർക്കു വേണ്ടി സർക്കാർ ഒരുക്കുന്ന സൗകര്യങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയാണ് 'ഡാങ്"എന്നു പേരുള്ള തുഴച്ചിൽക്കാരൻ. വഞ്ചി വാങ്ങാനും അത് പരിപാലിക്കാനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സർക്കാർ സഹായിക്കും. കുട്ടവഞ്ചി യാത്രയുടെ ഫീസ് നിശ്ചയിച്ചിട്ടുള്ളത് സർക്കാരായതിനാൽ വിനോദസഞ്ചാരികൾക്ക് ഒരുവിധ പരാതികൾക്കുമുള്ള അവസരവുമില്ല.
കുട്ടവഞ്ചി തുഴച്ചിലിനിടയിലെ കൊച്ചുവർത്തമാനങ്ങൾക്കും പാട്ടിനുമൊടുവിൽ കായലോരത്തോടു ചേർന്നുള്ള ചെറുതട്ടുകടയിലേക്കാണ് 'ഡാങ്" വഞ്ചി തുഴഞ്ഞടുപ്പിച്ചത്. കായലിൽ തൂണുകൾ നാട്ടി അതിനു മുകളിൽ ചെറുപലകകൾ നിരനിരയായി വച്ച് തറപാകിയ തട്ടുകട. ഇത്തരം തട്ടുകടകൾ (ടൂറിസ്റ്റ് ഭാഷയിൽ പറഞ്ഞാൽ റസ്റ്റോറന്റുകൾ) പുലർന്ന് വെളുക്കുവോളം പ്രവർത്തിക്കും. രാത്രിസമയത്ത് മനോഹരമായി വൈദ്യുതി ദീപാലങ്കാരങ്ങളാൽ ചേതോഹരമാക്കാനും അവർ പ്രത്യേകം ശ്രദ്ധിക്കും.
കൊഞ്ചിക്കുഴയുന്ന ഉൾനാടൻ ജലാശയത്തിലെ തിരമടക്കുകളിൽ ഈ ദീപാലങ്കാരങ്ങൾ പ്രതിഫലിച്ചു നിൽക്കുന്നത് കൗതുകമുണർത്തുന്ന കാഴ്ചയാണ്. സ്ട്രീറ്റ് ഫുഡിന് ഏറെ പ്രശസ്തമായ മേഖലയാണ് ഇത്. അമേരിക്കൻ പ്രസിഡന്റായിരുന്ന ഒബാമ ഇവിടെയെത്തിയ ചരിത്രവും അദ്ദേഹം ഇവിടുത്തെ ഭക്ഷണം ആസ്വദിച്ച് രുചിച്ചതുമൊക്കെ ഒരു ലോപവുമില്ലാതെ ഞങ്ങളുടെ ഗൈഡ് വിളമ്പുന്നുണ്ടായിരുന്നു.
രുചികളുടെ
വൈവിദ്ധ്യം
ഒരു തുണ്ട് ചൈനീസ്, മറുതുണ്ട് ജാപ്പനീസ്- ഇതിന്റെ യഥാവിധിയുള്ള മിശ്രണമായാൽ വിയറ്റ്നാം ജനതയുടെ പൊതുഭക്ഷണ സ്വഭാവമായി. ജീവിതത്തിന്റെ ഓരോ കോണിലുമുണ്ട് ബുദ്ധമതത്തിന്റെയും അതിന്റെ തത്വചിന്തകളുടെയും സ്വാധീനം. ചൈന, ജപ്പാൻ, തായ് ലാൻഡ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളിൽ ഏറെയും. ഇപ്പോൾ ഇന്ത്യയിൽ നിന്നുമുണ്ട് നല്ല ഒഴുക്ക്, പ്രത്യേകിച്ച് കേരളത്തിൽ നിന്ന്.
കിട്ടുന്ന കൂറക്കടലാസിൽ ഭക്ഷണം പൊതിയുന്ന ഏർപ്പാട് ഇവിടെ ഇല്ലേയില്ല. ഓയിൽ പേപ്പറിന്റെ സ്ഥാനത്ത് അതേ രൂപത്തിലെ റൈസ് പേപ്പറാണ് അവരുടെ ശീലം. ഇലക്കറികളും സലാഡും അടക്കമുള്ളവ പൊതിഞ്ഞ്, റൈസ് പേപ്പർ ഉൾപ്പെടെ കഴിക്കുന്നത് അവർക്ക് പെരുത്ത ഇഷ്ടം. റൈസ് പേപ്പർ ആവിയിൽ വേവിച്ചു കഴിക്കുന്നതും പതിവ് വിശപ്പകറ്റലിന്റെ ഭാഗമാണ്. കേരളത്തിലെ കശുഅണ്ടിക്ക് സമാനമായ ഒരു തോട്ടവിള അവിടെ ധാരാളമായി ഉത്പാദിപ്പിക്കുന്നുണ്ട്. മക്കാഡാമിയ (സ്മൈൽ നട്ട്) എന്ന് അറിയപ്പെടുന്ന ഈ വിളയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ മാർക്കറ്റ് കൂടുകയാണ്. കിലോ 6000 രൂപ വരെയാണ് ഇന്ത്യൻ മാർക്കറ്റിൽ വില. ഭാവിയിൽ വിയറ്റ്നാമിന്റെ ഭക്ഷ്യസംസ്കരണ മേഖലയിൽ വലിയ മുതൽകൂട്ടായി ഇത് മാറിയേക്കും.
പോരാളികൾ,
അദ്ധ്വാനികൾ
തളരാത്ത പോരാട്ട വീര്യവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസുമാണ് ശരാശരി വിയറ്റ്നാം പൗരന്റെ മുഖമുദ്ര. അവർക്കൊപ്പം ചെലവഴിക്കുന്ന ചെറിയ സമയം മതി, ജീവിതത്തോടുള്ള അവരുടെ സമീപനം മനസിലാവാൻ. കോക്കനട്ട് ഗ്രാമത്തിലെ സാധാരണ ജനങ്ങൾക്കൊപ്പം കഴിയുന്ന ദിവസങ്ങളിൽ അവർ പ്രകടമാക്കുന്ന സന്തോഷവും സമാധാനവും കാണുമ്പോൾ നമുക്ക് മനസിലാവും ഗതകാല യുദ്ധത്തിന്റെ ഭീകരത അവരുടെ മനസിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നുവെന്ന്, അല്ലെങ്കിൽ ബോധപൂർവം ആ പിശാചിനെ മനസിൽ നിന്ന് ആട്ടിയോടിച്ചിരിക്കുന്നുവെന്ന്.
ശുചിത്വം
മുഖമുദ്ര
പൊതുവേദിയിൽ ശുചിത്വവും പരിസ്ഥിതി മലിനീകരണ വിരുദ്ധതയുമൊക്കെ ആവോളം 'തള്ളുന്ന" കേരളീയർ അവിടെയെത്തുമ്പോൾ 'ഹരഹര.... ശിവശിവ" പാടും. കാരണം അവിടം കണ്ടാൽത്തന്നെ നമുക്കു തോന്നും, പരിസരം മലിനമാക്കുന്ന ഒന്നും തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവരുതെന്ന്. പൊതുസ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നതോ കൂടിക്കിടക്കുന്നതോ കണ്ടാൽ കഥ മാറും. പ്ളാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചുകൊണ്ടുള്ള ജീവിത രീതിയാണ് അവർ തുടരുന്നത്. വെള്ളക്കുപ്പികൾ ശേഖരിച്ച് സംസ്കരിക്കാൻ പ്രത്യേക പ്ളാന്റുകളുണ്ട്. കുപ്പിവെള്ള കമ്പനികൾതന്നെ ഇതു ചെയ്യണം. ഇല്ലെങ്കിൽ പിഴയടച്ച് പൊല്ലാപ്പിലാവും. പേപ്പർ ബാഗുകളും പനയോല കൊണ്ടുണ്ടാക്കുന്ന സഞ്ചികളുമൊക്കെയാണ് ഉപയോഗിക്കുക. ഇതൊക്കെ കുടിൽ വ്യവസായമായി സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. സ്ത്രീകളാണ് ഇത്തരം വ്യവസായങ്ങൾ കൂടുതലും ചെയ്യുന്നത്. എവിടെ ചെന്നാലും കാണാം ജോലിഭാരത്താൽ വിയർപ്പിൽ കുളിച്ചു നിൽക്കുന്ന വനിതകളെ, പക്ഷേ അവർക്ക് ആരോടും പരാതിയില്ല, പരിഭവവും.
അതിർത്തികളും
ജനസംഖ്യയും
വടക്കുനിന്ന് തെക്കുവരെ 1650 കിലോമീറ്ററിലും, ഇടുങ്ങിയ മേഖലയിൽ കിഴക്കു -പടിഞ്ഞാറായി 50 കിലോമീറ്റർ വീതിയിലുമാണ് വിയറ്റ്നാം വ്യാപിച്ചുകിടക്കുന്നത്. വടക്ക് ചൈന, കിഴക്കും തെക്കുമായി ദക്ഷിണ ചൈനാ കടൽ, തെക്കു പടിഞ്ഞാറ് തായ്ലാൻഡ് ഉൾക്കടൽ, പടിഞ്ഞാറ് കമ്പോഡിയ, ലാവോസ് എന്നിവയാണ് അതിർത്തികൾ. 2023-ലെ കണക്ക് പ്രകാരം 8.5 കോടിയാണ് ജനസംഖ്യ. ജനസംഖ്യയിൽ ലോകരാഷ്ട്രങ്ങളിൽ പതിമൂന്നാം സ്ഥാനം. ഹാനോയ് ആണ് തലസ്ഥാനം.
കേരളത്തിൽ
നിന്ന് പറക്കാം
കേരളത്തിൽ നിന്നുള്ള സഞ്ചാരപ്രിയർക്ക് വിയറ്റ്നാം കാഴ്ചകൾ ആസ്വദിക്കാൻ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സംവിധാനം ഇപ്പോൾ ലഭ്യമാണ്. കൊച്ചിയിൽ നിന്ന് 'വിയറ്റ് ജെറ്റി"ന്റെ നേരിട്ടുള്ള വിമാന സർവീസ് ഹോചിമിൻ സിറ്റിയിലേക്ക് അടുത്തിടെ തുടങ്ങിയപ്പോൾ മലയാളികൾ ധാരാളമായി എത്തുന്നുണ്ടെന്ന് വിയറ്റ് ജെറ്റിന്റെ ഉദ്യോഗസ്ഥൻ മാത്യൂസ് പറഞ്ഞു. ഒരാൾക്ക് മൂന്നു ദിവസത്തേക്ക് 30,000 രൂപ മുതലുള്ള പാക്കേജുണ്ട്. 15,000 രൂപയ്ക്ക് പോയിവരാവുന്ന കുറഞ്ഞ നിരക്കിലുള്ള സേവനവും ലഭ്യമാണ്. ഏതായാലും കൈയിലെ സമ്പാദ്യത്തിന്റെ കനം നോക്കാതെ കുടുംബവുമൊത്ത് ഒരു യാത്ര, വ്യത്യസ്തമായ നല്ല കുറെ കാഴ്ചകളുമായി മടങ്ങാം. ഒരു പക്ഷേ വിയറ്റ്നാമിന്റെ ഗതകാല ചരിത്രത്തെക്കുറിച്ച് നേരിയ ബോദ്ധ്യമെങ്കിലുമുണ്ടെങ്കിൽ അവിടുത്തെ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചെങ്കിലും നമ്മൾ അവിടേക്ക് ഒന്നു പോകും.