
വർക്കല: കേരളത്തെ ആയുർവേദത്തിന്റെ ലോക തലസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2014ൽ ഉമ്മൻചാണ്ടി സർക്കാർ വർക്കലയിൽ തുടങ്ങിയ ആഗോള ആയുർവേദ ഗ്രാമം പദ്ധതി അവതാളത്തിൽ. എന്നാൽ ചുറ്റുമതിലും സെക്യൂരിറ്റി റൂമും നിർമ്മിച്ചതല്ലാതെ കഴിഞ്ഞ ഒൻപത് വർഷത്തെ നിർമ്മാണ പ്രവൃത്തികൾ എങ്ങുമെത്തിയില്ല.
ദേശീയ ഇന്നവേഷൻ കൗൺസിൽ ചെയർമാനായിരുന്ന ഡോ.സാം പിത്രോഡയാണ് കേരളത്തെ ‘ആയുർവേദത്തിന്റെ ലോക തലസ്ഥാനം’ ആക്കാമെന്നുമുള്ള ആശയം മുന്നോട്ടുവച്ചത്. പദ്ധതിക്കായി വർക്കല ഇലകമൺ പഞ്ചായത്തിൽ 63.25 ഏക്കറും തിരുവനന്തപുരം തോന്നയ്ക്കലിൽ 7.48ഏക്കറും സ്ഥലം കണ്ടെത്തിയിരുന്നു.
പദ്ധതിയുടെ ആദ്യപടിയായി ഇലകമൺ പഞ്ചായത്തിലെ കായൽപ്പുറം, ഹരിഹരപുരം എന്നിവിടങ്ങളിലായി 1.25കിലോമീറ്റർ ചുറ്റളവിൽ 35 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. പദ്ധതിയുടെ നോഡൽ ഏജൻസിയായി കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കിൻഫ്ര) നിയമിക്കപ്പെട്ടിരുന്നു. 200കോടി രൂപയോളം പദ്ധതി ചെലവും 1200ഓളം പേർക്ക് തൊഴിലവസരം സൃഷ്ടിക്കുവാനും കഴിയുന്ന പദ്ധതി നാല് വർഷംകൊണ്ട് യാഥാർത്ഥ്യമാകുമെന്നായിരുന്നു വിലയിരുത്തൽ.
തടസങ്ങൾ ഏറെ...
നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിനായി വലിയ ട്രെയിലറുകൾ കടന്നുപോകുന്നതിനുള്ള വീതിയുള്ള റോഡുകൾ ആവശ്യമാണ്.ഇതിനായി സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാൻ നടപടികൾ സ്വീകരിച്ചെങ്കിലും ചില വ്യക്തികൾ എതിർപ്പ് ഉന്നയിച്ചതിനാൽ ഇതും പൂർത്തിയായിട്ടില്ല.
സമീപകാലത്ത് നടന്ന ചർച്ചകളുടെ ഭാഗമായി സ്ഥലം വിട്ട് കൊടുക്കുന്നതിൽ ധാരണയായി സ്വകാര്യ കമ്പനികളിൽ ചിലർ പദ്ധതി ഏറ്റെടുക്കാൻ താല്പര്യം കാണിച്ചിരുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധർ തമ്പടിക്കാൻ തുടങ്ങിയത്തോടെ കമ്പിവേലികൾ തകർക്കപ്പെട്ടു. ഇവിടെ മോഷണവും പതിവായി. ഇതുസംബന്ധിച്ച് കിൻഫ്ര നൽകിയ പരാതികൾ അയിരൂർ പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.
പദ്ധതി നടത്തിപ്പിനായി ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച 5 കോടി രൂപയിൽ ഒതുങ്ങി പദ്ധതി പ്രവർത്തനങ്ങൾ. മതിപ്പ് വില നിശ്ചയിച്ചു നാട്ടുകാരിൽ നിന്ന് ഏറ്റെടുത്ത ഭൂമി കാട് കയറി നശിച്ച അവസ്ഥയിലാണിപ്പോൾ. ഗവേഷണ പഠനസംബന്ധമായി കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി വിദ്യാർത്ഥികൾ ഇവിടം സന്ദർശിക്കുന്നുണ്ട്.
പ്രോജക്ട് ഘടകങ്ങൾ
1.100കിടക്കകളുള്ള സംയോജിത ആയുർവേദ വെൽനെസ് സെന്റർ
2.സ്റ്റാൻഡേർഡ് ട്രീറ്റ്മെന്റ് പ്രോട്ടോക്കോളിനായി ഡാറ്റ സൃഷ്ടിക്കുന്നതിനുള്ള വ്യവസ്ഥാപിത ഡോക്യുമെന്റേഷൻ.
3.വിവർത്തന ഗവേഷണത്തിനായി ആയുർവേദ അദ്ധ്യാപകർക്കും പരിശീലകർക്കും വേണ്ടിയുള്ള അക്കാഡമിക് ഫെലോഷിപ്പ് പ്രോഗ്രാം.
4.ഫിനിഷിംഗ് സ്കൂൾ, ഇന്റർനാഷണൽ അക്കാഡമി, ഡിജിറ്റൽ ലൈബ്രറി, ടെലി ഹെൽത്ത്, ഇൻകുബേഷൻ സെന്റർ എന്നിവ ഇലക്ട്രോണിക് വിവരണാത്മക കാറ്റലോഗിനായി സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിന് ആർ.ഒ.ടി.പി, സി.എം.ഇ വർക്ക്ഷോപ്പുകൾ, പരിശീലന പ്രോഗ്രാമുകൾ എന്നിവ നടത്തുന്നതിനായി.
5.പൊതുജനാരോഗ്യ ഇടപെടൽ, മെഡിറ്റേഷൻ ആൻഡ് യോഗാഹാൾ, മ്യൂസിക് തെറാപ്പി,
വാട്ടർ സ്പോർട്സ് സൗകര്യം, നേച്ചർ ഹെൽത്ത് ക്ലബ്
6.യുവ ഡോക്ടർമാരുടെ ഇൻകുബേഷൻ സെന്റർ നാനോടെക്‌നോളജി, ബയോടെക്‌നോളജി, ജീനോമിക് റിസർച്ച് എന്നിവയുടെ പിന്തുണയോടെ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സംയോജിത ഗവേഷണ പ്രവർത്തനങ്ങൾ