വെള്ളറട: മൈലച്ചൽ ഗവ:ഹയർസെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാതൃകയിലാണ് നടത്തിയത്. സ്കൂൾ സോഷ്യൽ സയൻസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ എസ്.എസ് ക്ളബ് ചുമതലവഹിക്കുന്ന അദ്ധ്യാപകർ റിട്ടേണിംഗ് ഓഫീസർമാരായും അദ്ധ്യാപകരും വിദ്യാർത്ഥികളും പോളിംഗ് ഉദ്യോഗസ്ഥരായും പ്രവർത്തിച്ചു. ഓരോ ക്ളാസുകളെയും ഓരോ മണ്ഡലങ്ങളായി തിരിച്ച് ഓരോ മണ്ഡലത്തിനും പ്രത്യേകം ബൂത്തുകൾ ക്രമീകരിച്ചുമാണ് വോട്ടെടുപ്പ് നടത്തിയത്. ബൂത്തുകളുടെ അച്ചടക്കം ക്രമീകരിക്കുന്നതിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ പൊലീസ് ഉദ്യോഗസ്ഥരായി ചുമതല വഹിച്ചു. വോട്ടെണ്ണലിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട ക്ളാസ് പ്രതിനിധികളുടെ ആദ്യയോഗം ചേർന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് സുജാറാണി പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്ളസ് ടു കൊമേഴ്സിലെ അഭിരാഗിനെ സ്കൂൾ ലീഡറായും പത്താം ക്ളാസ് വിദ്യാർത്ഥിയായ ജോമോൻ ജോസ് സ്കൂൾ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. സമ്മതി സോഫ്ട് വെയറിന്റെ സാങ്കേതിക സാഹയത്തോടെയാണ് സ്കൂൾ ലിറ്റൽകൈറ്റ്സ് ക്ളബ് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയായത്. ഹെഡ്മിസ്ട്രസ് ബീനാറാണി.ഒ.കെ, സോഷ്യൽ സയൻസ് ക്ളബ് കൺവീനർമാരായ മോളി.ആർ, സുജ.എസ്, ലിറ്റിൽ കൈറ്റ്സ് കൺവീനർമാരായ വിനോദ്.പി, മായ.അർ എന്നിവർ നേതൃത്വം നൽകി.