തിരുവനന്തപുരം: മുട്ടത്തറ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിക്കേണ്ട ഹോട്ടൽ മാലിന്യം തൊട്ടടുത്തുള്ള ഓടയിൽ തള്ളിയ വാഹനം നഗരസഭ പിടികൂടി. സെപ്റ്റിക് മാലിന്യശേഖരണ വാഹനങ്ങളിൽ ഘടിപ്പിച്ച ജി.പി.എസ് സംവിധാനമാണ് സ്വകാര്യ ഹോട്ടൽ വാഹനത്തിന്റെ അനധികൃത മാലിന്യം തള്ളൽ കൈയോടെ പിടികൂടാൻ ഉദ്യോഗസ്ഥരെ സഹായിച്ചത്. വെള്ളാറിലെ സ്വകാര്യ ഹോട്ടലിലെ മാലിന്യം റോഡരികിലെ ഓടയിലേക്ക് ഒഴുക്കുന്നതിനിടെയാണ് പിടിവീണത്. ഹോട്ടലിന്റെ മറ്റൊരു ശാഖയുടെ പേരിൽ രജിസ്റ്റർ ചെയ്ത സെപ്‌റ്റേജ് ശേഖരണ വാഹനമായിരുന്നു ഇത്. വാഹനം കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതിന്റെ മറവിലായിരുന്നു ഇവരുടെ അനധികൃത ഓട്ടം. എന്നാൽ, ജി.പി.എസ് പരിശോധനയിൽ വാഹനത്തിന്റെ അനധികൃതമായി സർവീസ് ശ്രദ്ധയിൽപ്പെടുകയും ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും ചെയ്തു. നിയമപരമായ നടപടികൾ പൂർത്തിയാക്കി വാഹനം കളക്ടർക്ക് കൈമാറുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
നിലവിൽ നഗരസഭ പരിധിക്കുള്ളിൽ കക്കൂസ് മാലിന്യം മുട്ടത്തറ പ്ലാന്റിലെത്തിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് രീതി. ഇതിന് 36 ടാങ്കറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനായി കോർപ്പറേഷന്റെ സ്മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും നിശ്ചിത തുകയടച്ച് രജിസ്ട്രർ ചെയ്യണം. അവർ നിർദ്ദേശിക്കുന്ന സമയത്ത് വാഹനമെത്തി മാലിന്യമെടുക്കും. ചില ഹോട്ടലുകളുടെയും സ്ഥാപനങ്ങളുടെയും സ്വന്തം വാഹനങ്ങൾക്കും അനുമതിയുണ്ട്. അവർ കോർപ്പറേഷനുള്ള നിശ്ചിത ഫീസ് മാത്രം അടച്ച് മാലിന്യം മുട്ടത്തറയിലെത്തിച്ച് സംസ്‌കരിക്കാം. ഈ സംവിധാനത്തിൽ രജിസ്ട്രർ ചെയ്ത വെള്ളാറിലെ സ്വകാര്യ ഹോട്ടലിന്റെ വാഹനമാണ് കക്കൂസ് മാലിന്യം ഓടയിൽ തള്ളാൻ ശ്രമിച്ചത്. നഗരത്തിലെ ചില ഹോട്ടലുകളും സ്ഥാപനങ്ങളും മലിനജലവും സെപ്‌റ്റേജ് മാലിന്യവും ഓടകളിലേക്ക് തള്ളുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.