k

തിരുവനന്തപുരം: 'ഇനിയൊരു യുദ്ധമുണ്ടായാൽ അത് ജലത്തിനു വേണ്ടിയായിരിക്കും' എന്ന വാചകം ജലത്തെ സംബന്ധിക്കുന്ന ചർച്ചകളിൽ വെറുതെ തട്ടിവിടുന്നതാണെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോൾ അദ്ഭുതം തോന്നി. വെള്ളവും വായുവും മണ്ണും മരങ്ങളും എങ്ങനെ ഉപയോഗിച്ചാലും ഇപ്പോഴുള്ള പോലെ നിലനിൽക്കുമെന്നാണ് അവന്റെ വിശ്വാസം. തർക്കിച്ചിട്ട് കാര്യമില്ലല്ലോ.വലിയ യുദ്ധം ഒന്നുമല്ലെങ്കിലും വെള്ളത്തിനായി നടന്ന ഒരു തോക്കുചൂണ്ടൽ സമരം ഓർത്തുപോയി.

2023 ഫെബ്രുവരി 21. വെങ്ങാനൂർ പഞ്ചായത്തിലെ ഓഫീസ് വാർഡ്,നെല്ലിവിള,വെണ്ണിയൂർ,പനങ്ങോട്,കല്ലുവെട്ടാൻകുഴി എന്നിവിടങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം വ്യാപാരികളെയും കൃഷിക്കാരെയും വലച്ചു. കൃഷിയിടങ്ങൾ കൂട്ടത്തോടെ നശിച്ചു. ഇതിൽ പ്രതിഷേധിച്ച് വ്യാപാരിയായ മുരുകൻ,​ തോക്ക് ചൂണ്ടി ജീവനക്കാരെ അകത്താക്കി വെങ്ങാനൂർ മിനി സിവിൽ സ്റ്റേഷന്റെ ഗേറ്റ് പൂട്ടുകയായിരുന്നു. പൊലീസ് മുരുകനെ കസ്റ്റഡിയിലെടുത്തു. കനാലുകൾ കൃത്യമായി വൃത്തിയാക്കാത്തതിനാൽ പ്രദേശത്ത് ശരിയായ നീരൊഴുക്കില്ലായിരുന്നു. കനാലുകൾ തുറന്നുവിട്ട് പെരിങ്ങമ്മല വരെ വെള്ളം എത്തിച്ചെങ്കിലും ഇന്നും പ്രദേശത്തെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ല.

 വെള്ളത്തിന് പൊന്നുംവില
വിഴിഞ്ഞം,കോട്ടപ്പുറം,മുല്ലൂർ,ഹാർബർ,വെങ്ങാനൂർ എന്നീ വാർഡുകളിലെ ജനങ്ങൾ വർഷങ്ങളായി കുടിവെള്ളം പണം കൊടുത്താണ് വാങ്ങുന്നത്. തീരദേശമേഖലയായതിനാൽ കിണർ കുഴിച്ചാലും ഉപ്പുവെള്ളത്തിന്റെ സാന്നിദ്ധ്യമുണ്ടാകും. പലയിടത്തും പൈപ്പ് കണക്ഷനുകളില്ലാത്തതിനാൽ ടാങ്കറുകളെയാണ് ഇവിടുത്തെ സാധാരണ ജനങ്ങൾ ആശ്രയിക്കുന്നത്. ഇതു മുതലെടുത്ത് സ്വകാര്യ ടാങ്കർ ലോബികൾ വെള്ളത്തിന് പൊന്നും വിലയിടും. പുലർച്ചെ മുതൽ ലോറികളുടെ വരവും കാത്തുനിൽക്കുന്ന വൃദ്ധരും കുട്ടികളും ഇവിടെ പതിവുകാഴ്ചയാണ്. ആഴ്‌ചയിൽ 10 മുതൽ 15 കുടം വരെ വെള്ളം ആവശ്യമുള്ള കുടുംബങ്ങളുമുണ്ട്.

 ഇന്നലെയും പ്രതിഷേധം
വിഴിഞ്ഞം പിറവിളാകത്ത് രണ്ടാഴ്ചയായി വെള്ളമില്ലായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാട്ടർ അതോറിട്ടി അധികൃതരെ മുല്ലൂരിൽ തടഞ്ഞുവച്ചു. കോട്ടപ്പുറം,ഒസാവിള,ചരുവിള,കടയ്ക്കുളം ഭാഗങ്ങളിൽ പൈപ്പ് കണക്ഷനിലെ തകരാർ മൂലമാണ് വെള്ളമെത്താത്തത്. വെണ്ണിയൂർ പമ്പ് ഹൗസിൽ നിന്നാണ് ഈ പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്നത്.


 വലഞ്ഞ് ടെക്കികളും
കഴക്കൂട്ടം മണ്ഡലത്തിലെ കുളത്തൂർ, അരശുംമൂട്,കുഴിവിള,മൺവിള,കിഴക്കുംകര തുടങ്ങിയ പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമമുണ്ട്. ആഴ്ചയിൽ മൂന്നുദിവസം പോലും കൃത്യമായി വെള്ളം കിട്ടാത്ത വീടുകളുണ്ട്. ടെക്നോപാർക്ക്,കിൻഫ്ര എന്നിവിടങ്ങളിലെ ജീവനക്കാരാണ് വലയുന്നവരിലധികവും. അരുവിക്കരയിലെ വെള്ളം മൺവിളയിലെ സംഭരണിയിൽ നിന്നാണ് ഈ പ്രദേശങ്ങളിലെത്തുന്നത്. പഴയ കോൺക്രീറ്റ് പൈപ്പുകൾ വഴിയാണ് വെള്ളം എത്തിക്കുന്നത്.ഇവയ്ക്ക് പുതിയ ഡി.ഐ പൈപ്പുകളെപ്പോലെ ഉയർന്ന മർദ്ദം താങ്ങാനാവില്ല. മർദ്ദം കൂടുമ്പോൾ പൈപ്പ് പൊട്ടും.

 പൊട്ടൽ തുടർക്കഥ
ആക്കുളം വാർഡിലെ ചെറുവയ്ക്കൽ,ഉള്ളൂർ,പ്രശാന്ത്നഗർ തുടങ്ങിയ സ്ഥലങ്ങളിൽ ഒരുമാസം മുമ്പ് രണ്ടാഴ്ചവരെ വെള്ളം കിട്ടാതിരുന്നു. അമ്പലമുക്ക്,പേരൂർക്കട,വയലിക്കട,മുട്ടട എന്നിവിടങ്ങളിൽ അടിക്കടിയുണ്ടായ പൈപ്പ് പൊട്ടലാണ് കാരണം. വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ ഒരു മാസത്തിനിടെ 13 ഇടങ്ങളിലാണ് പൈപ്പ് പൊട്ടിയത്. കാലപ്പഴക്കം വന്ന പൈപ്പിന്റെ ഒരു ഭാഗം ശരിയാക്കുമ്പോൾ മറുഭാഗം പൊട്ടും. പൊന്മുടി,ബോണക്കാട് മേഖലകളിലും പ്രശ്നമുണ്ട്.

അരുവിക്കരയിൽ നിന്ന് മൺവിളയിലേക്കുള്ള പൈപ്പ് പണി നിറുത്തിവച്ചിരിക്കുകയാണ്. ടെൻഡർ നടപടികൾ വേഗത്തിലാക്കിയാലേ പരിഹാരമാകൂ

- ഗോപകുമാർ, അരശുംമൂട് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി

പലയിടങ്ങളിലും ജപ്പാൻ കുടിവെള്ള പദ്ധതി പോലും പൂർത്തിയാക്കിയിട്ടില്ല. ജനങ്ങൾ ദുരിതത്തിലാണ്

- ഷെമീർ,വിഴിഞ്ഞത്തെ പൊതുപ്രവർത്തകൻ