തിരുവനന്തപുരം :ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഇന്ന് തലസ്ഥാനത്തെ വിവിധ എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിൽ ജയന്തി ആഘോഷം നടത്തും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി, ഭക്തിനിർഭരമായാണ് ചടങ്ങുകൾ നടത്തുക.
കനകക്കുന്ന് ശ്രീനാരായണഗുരു വിശ്വസംസ്‌കാരഭവനിൽ നടക്കുന്ന ജയന്തി ആഘോഷം സ്വാമി ശങ്കരാനന്ദയുടെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 5ന് ശാന്തിഹോമം,ഗുരുപൂജ. 9 മുതൽ വയനാട് പ്രകൃതിദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കായി ഗുരുദേവ കൃതികളുടെ പ്രാർത്ഥനാ സമർപ്പണം. 11 മുതൽ ഗുരുദേവ കൃതിയായ " ജനനീനവരത്ന മഞ്ജരി"(തുടർച്ച )ഡോ.എസ്.കെ.രാധാകൃഷ്ണൻ ക്ലാസെടുക്കും. തുടർന്ന് 12.30ന് മഹാചതയ പൂജയും പ്രസാദ വിതരണവും.
ശ്രീനാരായണ ഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ രാവിലെ 4.30ന് മഹാഗണപതി ഹവനം, 5.05 ന് നിർമ്മാല്യ ദർശനം, 5.30ന് വിശേഷാൽ ഗുരുപൂജ, 6ന് ഉഷപൂജ, 8ന് പന്തീരടിപൂജ, 10.30ന് സാഹിത്യകാരൻ അനിൽ ഓംകാറിന്റെ പ്രഭാഷണം. 12.30ന് വിശേഷാൽ ഗുരുപൂജ, ഉച്ചയ്‌ക്ക് ഒന്നുമുതൽ അന്നദാനം. വൈകിട്ട് നടക്കുന്ന ഗുരുപൂജ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മതസൗഹാർദ്ദ ഘോഷയാത്ര ഒഴിവാക്കി.