തിരുവനന്തപുരം/ശംഖുംമുഖം: വിദേശത്തു നിന്ന് കടത്തുന്ന സ്വർണം ഏറ്റുവാങ്ങാനായി തമിഴ്നാട്ടിൽ നിന്നുള്ള കാരിയർമാർ സ്ഥിരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്താറുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്‌ച സ്വർണക്കടത്ത് കാരിയറായ ഉമറിനെ തട്ടിക്കൊണ്ടുപോയ ഗുണ്ടാസംഘം മുമ്പും ഇയാളെ കിഡ്നാപ്പ് ചെയ്യാൻ പദ്ധതിയിട്ടിരുന്നതായാണ് സൂചന. പലതവണ പദ്ധതിയിട്ടെങ്കിലും നടപ്പായില്ല. വിദേശത്തു നിന്ന് സ്വർണം കൊണ്ടുവരുന്ന കാരിയറുടെ ഫോട്ടോയും പാസ്‌പോർട്ടിന്റെ കോപ്പിയും തലസ്ഥാനത്ത് സ്വർണം വാങ്ങാനായി കാത്തുനിൽക്കുന്ന സംഘങ്ങൾക്ക് അയച്ചുകൊടുക്കും. ഇത് നോക്കിയാണ് കാരിയറെ തിരിച്ചറിയുന്നത്. ഇത്തരത്തിൽ വാങ്ങുന്ന സ്വർണം തട്ടിപ്പറിക്കാനായി മൂന്നോ നാലോ ഗുണ്ടാസംഘങ്ങളും നഗരത്തിലുണ്ട്. ഉമറിനെ തട്ടിക്കൊണ്ടുപോയതും അതിലൊരു സംഘമാണ്. കേസിൽ അറസ്റ്റിലായ അഞ്ചംഗ ഗുണ്ടാസംഘത്തെ കൂടുതൽ അന്വേഷണത്തിനായി വ്യാഴാഴ്ച വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

 പരാതിയില്ല,​ കേസുമില്ല
കാരിയർമാരെ തട്ടിക്കൊണ്ടുപോകുന്ന കേസുകൾ വിവാദമാകുമ്പോഴായിരിക്കും പൊലീസ് ഇടപെടുന്നത്. അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകുമെന്ന് കണ്ടാൽ കേസ് കൊടുക്കാൻ നിൽക്കുന്നവർ തന്നെ പതിയെ പിൻവലിയും. തലസ്ഥാനത്ത് ഏറ്റവുമൊടുവിൽ നടന്ന തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണം പൊട്ടിക്കലാണെന്ന് പൊലീസിന് മനസിലായെങ്കിലും ഉമർ പരാതിയിൽ ഉറച്ചുനിന്നില്ല. ഇതോടെ പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല.

 ദാരിദ്ര്യം കാരിയർമാരാക്കും
തമിഴ്നാട്ടിൽ നിന്നുള്ള ദരിദ്ര യുവാക്കളെ വല വീശിപ്പിടിച്ച് തുച്ഛമായ തുക നൽകിയാണ് കാരിയർമാരാക്കി സ്വർണം കടത്തുന്നത്.പാസ്‌പോർട്ടുള്ളവർ ഒരു തവണ വിദേശത്ത് പോയി കള്ളക്കടത്തുകാർ നൽകുന്ന സാധനങ്ങളുമായി തിരികെയെത്തുന്നതിന് വിമാന ടിക്കറ്റും 30,​000 മുതൽ 50,000 രൂപ വരെയും നൽകും.പിടിക്കപ്പെട്ടാൽ വാഗ്ദാനം നൽകിയ തുക കിട്ടില്ല. സ്വർണക്കടത്ത് സംഘങ്ങൾ ഇവർക്ക് നൽകുന്ന ബാഗിൽ എന്താണ്,​ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നുപോലും ഇവർക്ക് അറിയാനാകില്ല.