hjk

# അതിക്രമം കാട്ടിയവരിൽ ഉന്നതരും

# നിർബന്ധിക്കുന്നത് സംവിധായകരും

നിർമ്മാതാക്കളും

തിരുവനന്തപുരം: ഒരു നടൻ ഉപദ്രവിച്ചപ്പോൾ എതിർത്തു. പിറ്റേദിവസം സംവിധായകൻ നൽകിയത് വലിയ ശിക്ഷ. നടനെ ആലിംഗനം ചെയ്ത് ഇഴുകി ചേർന്ന് അഭിനയിക്കണം! ആ സീൻ 17 റീട്ടേക്കുകൾ എടുത്തു.

ലൈംഗികമായി വഴങ്ങുന്നവർക്ക് മാത്രം നല്ല ഭക്ഷണം ലഭിക്കും. നഗ്നത പ്രദർശിപ്പിക്കാൻ സമ്മർദ്ദം ചെലുത്തും. വഴിവിട്ട കാര്യങ്ങൾക്ക് സംവിധായകരും നിർമാതാക്കളും നിർബന്ധിക്കും. അതിക്രമം കാട്ടിയവരിൽ ഉന്നതരുണ്ട്' എന്നിങ്ങനെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്.

നഗ്നത എത്രത്തോളം പ്രദർശിപ്പിക്കണമെന്ന് കരാറിൽ സൂചിപ്പിക്കില്ല. വളരെ കുറച്ച് ശരീരഭാഗങ്ങൾ മാത്രമെ കാണിക്കൂ എന്ന് പറഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ച ശേഷം അണിയറക്കാർ കൂടുതൽ ശരീരഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെടുന്നു. ചിത്രീകരണം തുടങ്ങുമ്പോൾ ലിപ് ലോക്ക് സീനുകളിൽ വരെ അഭിനയിക്കാൻ ആവശ്യപ്പെടും. പിൻവശം മാത്രമേ കാണിക്കൂ എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കരാറിൽ പറയുന്നതിനെക്കാൾ കൂടുതൽ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ ഷൂട്ടിംഗ് അവസാനിപ്പിച്ച് പുറത്തേക്ക് പേകേണ്ട അവസ്ഥ ഉണ്ടായെന്ന് ഒരു നടിമൊഴിനൽകി.

പണത്തിന് വേണ്ടി സ്ത്രീകൾ എന്തും ചെയ്യുമെന്നാണ് സിനിമാരംഗത്തെ ചില പുരുഷന്മാരുടെ മനോഭാവം. പ്രശ്നക്കാരിയാണെന്ന് മുദ്രകുത്തിയാൽ പിന്നീട് ആരും അവസരം നൽകില്ല. അഭിനയം മോഹമായി കൊണ്ടുനടക്കുന്ന പല സ്ത്രീകളുടെയും പ്രതികരണം മൗനമായിരിക്കും.

ഷൂട്ടിംഗ് ലൊക്കേഷനിൽ ചെന്നാൽ സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. പി.വി.സി പൈപ്പുകളിൽ കീറത്തുണി കെട്ടിവച്ച് മറയാക്കിയാണ് വസ്ത്രം മാറാൻ സൗകര്യം നൽകുന്നത്. കാറ്റടിച്ചാൽ പോലും പറന്നുപോകുന്ന ഈ സംവിധാനം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ സൗകര്യം ഒരുക്കണമെന്നും നടി ശാരദ റിപ്പോർട്ടിൽ നിർദേശിക്കുന്നു.

സിനിമയിലെ ഭൂരിഭാഗം പുരുഷന്മാരും കരുതുന്നത് സ്‌ക്രീനിൽ അടുത്തിടപഴകി അഭിനയിക്കുന്ന നടിമാർ ഇതേകാര്യം സ്‌ക്രീനിന് പുറത്തും ചെയ്യാൻ തയ്യാറാണെന്നാണ്.

സെക്സിന് താത്പര്യമുണ്ടെന്ന് ഒരു മടിയുംകൂടാതെ നടിമാരെ അറിയിക്കും. താത്പര്യമില്ലെന്നറിയിച്ചാൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്യും. ചില പുതിയ പെൺകുട്ടികൾ ഈ ചതിയിൽ വീഴും. സമ്മതമില്ലാതെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ചില നടിമാർ വെളിപ്പെടുത്തി.