f

തിരുവനന്തപുരം : മലയാളസിനിമയിലെ ചൂഷണത്തിന്റെ ചുരുളഴിക്കുന്ന ഹേമകമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കാനായി സഞ്ചരിച്ചത് സങ്കീർണമായ വഴികളിലൂടെ. ചോദ്യാവലി നൽകിയും സിനിമാരംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ നേരിട്ടുകണ്ടും ഫോണിലൂടെ സംസാരിച്ചും വസ്തുതകൾ മനസിലാക്കി. തെളിവുകൾ ഇ-മെയിലായും വാട്സാപ്പിലൂടെയും ശേഖരിച്ചു. ഞെട്ടിക്കുന്ന വീഡിയോകളും ശബ്ദസന്ദേശങ്ങളും പലരും കമ്മിറ്റിക്ക് കൈമാറി. ലൊക്കേഷനിലെ സാഹചര്യം മനസിലാക്കാൻ കമ്മിറ്റി ചെയർപേഴ്സണും അംഗങ്ങളും നേരിട്ടിറങ്ങി. ലൂസിഫറിന്റെ ലൊക്കേഷനിലാണ് എത്തിയതെന്ന് റിപ്പോർട്ടിലുണ്ട്. തിരുവനന്തപുരം കുതിരമാളികയിൽ ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു സന്ദർശനം. ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ള സാങ്കേതിക പ്രവർത്തകരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിലും ചെയർപേഴ്സണും അംഗങ്ങളുമെത്തി സാഹചര്യം വിലയിരുത്തി.

തെളിവായി ശേഖരിച്ച വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ശബ്ദരേഖകളും ദൃശ്യങ്ങളുമെല്ലാം കമ്മിറ്റി റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ കമ്മിറ്റിക്ക് മൊഴിനൽകി. മിക്കദിവസങ്ങളിലും പത്തു മണിക്കൂറിലേറെ മൊഴിയെടുക്കൽ നീണ്ടു.

കമ്മിറ്റിയുമായി സഹകരിച്ചവരുടെ സ്വകാര്യത മാനിച്ച് തെളിവുനൽകിയവരുടെ പേരുവിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. ദൃശ്യത്തിൽ നിന്നും ശബ്ദത്തിൽ നിന്നും വ്യക്തികളെ തിരിച്ചറിയാൻ കഴിയാത്തവിധം മൊഴി നൽകിയവരുടെ വിഡിയോചിത്രീകരിച്ചിട്ടുണ്ട്. വിശദമായ ചോദ്യാവലിയാണ് വിവരശേഖരണത്തിനായി കമ്മിറ്റി തയ്യാറാക്കിയത്. ഡബ്ല്യു.സി.സിയിലെ 40 അംഗങ്ങൾക്കാണ് ഇമെയിലൂടെ ചോദ്യാവലി കൈമാറിയത് 2018 ജൂലൈ അഞ്ചുവരെ 32അംഗങ്ങളാണ് മറുപടി നൽകിയത്. സംവിധായകർ,നിർമ്മാതാക്കൾ,തിരക്കഥാകൃത്തുക്കൾ,ഛായാഗ്രാഹകർ,ഹെയർസ്റ്റെലിസ്റ്റുകൾ തുടങ്ങിയ സിനിമാരംഗത്തെ സ്ത്രീകളിൽ നിന്നെല്ലാം കമ്മിറ്റി വിവരങ്ങൾ ശേഖരിച്ചു. ഡബ്ല്യു.സി.സി അംഗങ്ങൾ നൽകിയ വിവരങ്ങൾ കമ്മിറ്റിക്ക് നിർണായക വഴികാട്ടിയായി. സിനിമാമേഖലയ്ക്ക് പുറത്തുനിന്നുള്ള ചിലവ്യക്തികളും സഹായിച്ചു. ഡബ്ല്യു.സി.സിയ്ക്ക് പുറമേ സിനിമാരംഗത്തെ സംഘടനകളുടെ ഭാരവാഹികളിൽ നിന്നു കമ്മിറ്റി വിവരങ്ങൾ തേടി.