തിരുവനന്തപുരം: പബ്ളിക് ലൈബ്രറിയിലെ നൂറു വയസുള്ള കടമ്പു മരമുത്തശ്ശിക്ക് പ്രായത്തിന്റെ അവശതകൾ മറികടക്കാൻ ആയുർവേദ ചികിത്സ നടത്തി. ജില്ലാ ട്രീ കമ്മിറ്റി അംഗമായ വന്യജീവി ബോർഡ് മുൻ മെമ്പറും വൃക്ഷായുർവേദ ചികിത്സകനുമായ കെ.ബിനുവിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. നാലുമണിക്കൂർ നീണ്ടുനിന്ന ചികിത്സ കാണാൻ പൊതുജനങ്ങളും വൃക്ഷസ്നേഹികളും അടക്കം നിരവധിപ്പേരെത്തിയിരുന്നു.
മരത്തിൽ ഔഷധം തേയ്ക്കുന്ന ഭാഗം ആദ്യം കഴുകി വൃത്തിയാക്കി. തുടർന്ന് കണ്ടത്തിലെ മണ്ണ്, ചിതൽപ്പുറ്റ്, മണ്ണ്, മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, പച്ചച്ചാണകം,നെയ്യ്,കദളിപ്പഴം, രാമച്ചപ്പൊടി, ഗോതമ്പ്, ഉഴുന്ന്, ഇരട്ടിമധുരം, മുത്തങ്ങപ്പൊടി,എള്ള് പൊടി,വിഴാലരി,പാൽ എന്നീ 14 ചേരുവകളുള്ള ഔഷധക്കൂട്ടുകൾ മൂന്നുഘട്ടമായി വൃക്ഷത്തിൽ തേച്ചുപിടിപ്പിച്ചു. ശേഷം കോട്ടൺ തുണി കൊണ്ട് പൊതിഞ്ഞുകെട്ടി. ഇനി ആറ് ദിവസം തുടർച്ചയായി പാൽ തളിക്കും. അപ്പോഴേ ചികിത്സ പൂർത്തിയാകൂ. ആറുമാസത്തിനുള്ളിൽ ഔഷധക്കൂട്ടെല്ലാം പറ്റിച്ചേരുന്നതോടെ മരമുത്തശ്ശിക്ക് ആരോഗ്യത്തോടെ ഇനിയുമേറെക്കാലം നിൽക്കാനാവും. വിജയകുമാർ ഇച്ചിതാനം, സാബു ആലപ്പുഴ, അഖിലേഷ് വാഴൂർ, സുധീഷ് എന്നിവരും ചികിത്സയിൽ പങ്കാളികളായി.
12 വർഷത്തിനിടെ ബിനുവിന്റെ നേതൃത്വത്തിൽ ചികിത്സ നടത്തുന്ന 185-ാമത്തെ മരമാണിത്. മുമ്പ് പാളയം സാഫല്യത്തിന് മുമ്പിലെ മരമല്ലിക്കും മ്യൂസിയം - നന്താവനം റോഡിലെ ഏഴിലം മരത്തിനും ആയുർവേദ ചികിത്സ നൽകിയിട്ടുണ്ട്. വൃക്ഷങ്ങൾക്ക് ഒരിക്കൽ മാത്രമാണ് ആയുർവേദ ചികിത്സ.