wayanad

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രായോഗിക സമീപനത്തോടെ സഹകരിക്കാൻ ഇന്നലെ ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ യോഗത്തിൽ തീരുമാനം. ദുരന്തത്തിൽ മരിച്ചവർ, സ്വത്തുക്കൾ പൂർണമായും നഷ്ടപ്പെട്ടവർ തുടങ്ങിയവയടക്കം കണക്കാക്കിയാകും വായ്പകൾ എഴുതിത്തള്ളുന്നതിലടക്കം ബാങ്കുകൾ തീരുമാനമെടുക്കുക. അതിനനുസരിച്ച് കാർഷിക വായ്പകളടക്കം ചിലതിന് ഒരു വർഷത്തെ മോറട്ടോറിയം നൽകും. പലിശയും അടവുബാക്കിയും ചേർത്ത് അഞ്ചു വർഷക്കാലത്തെ തിരിച്ചടവ് കാലാവധിയോടെ പുതിയ വായ്പകളാക്കി മാറ്റും.

ഒാരോ ജീവിതോപാധി മേഖലയെയും സൂഷ്മമായി വിലയിരുത്തി സാമ്പത്തിക സഹായം നൽകും. കാർഷികാദായം നഷ്ടമാകുകയും കൃഷി സ്ഥലം നിലനിൽക്കുകയും ചെയ്തവർക്കും കൃഷിഭൂമി നഷ്ടമായവർക്കും പ്രത്യേക വായ്പകൾ നൽകും. പ്രകൃതി ദുരന്ത നിയമം അനുസരിച്ച് റിസർവ് ബാങ്ക് പുറത്തിറക്കിയ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് പലിശയും തിരിച്ചടവ് കാലാവധിയും ഇൗട് വ്യവസ്ഥകളടക്കം നിർണ്ണയിക്കുക. എല്ലാത്തിനും ഇളവുകളുണ്ടാകും.

ദുരന്തമേഖലയിൽ 3220 പേരാണ് വായ്പകളെടുത്തിട്ടുള്ളത്. 35.32 കോടിയാണ് ഇവരുടെ ആകെ വായ്പാതുക. ഇതിൽ 2460 പേരുടെ 19.81 കോടി രൂപയുടെ വായ്പകളും കാർഷിക വായ്പകളാണ്. വ്യാപാരികളും ചെറുകിട സംരംഭകരുമായി 245 പേർ 3.4 കോടിയുടെ വായ്പയെടുത്തിട്ടുണ്ട്. 12 കോടിയുടെ വായ്പകൾ വിദ്യാഭ്യാസ വായ്പയും ഹൗസിംഗ് ലോണുമാണ്.

വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തിൽ വീടും വീട്ടുകാരും ദുരന്തത്തിൽ നഷ്ടപ്പെടുകയോ, വായ്പയെടുത്ത് പഠിച്ചയാൾ ദുരന്തത്തിൽ മരണപ്പെടുകയോ ചെയ്ത കേസുകളിൽ പുന:പരിശോധന നടത്തും. അല്ലാത്ത കേസുകളിൽ വേണ്ടിവന്നാൽ കാലാവധി നീട്ടികൊടുക്കും. ആവശ്യമെങ്കിൽ മോറട്ടോറിയവും അനുവദിക്കും.

ഫാമുകൾ വീണ്ടും തുടങ്ങാൻ വായ്പ

1.കോഴി, പന്നിഫാമുകൾ പോലുള്ള കൃഷി അനുബന്ധ പദ്ധതികൾ നടത്തിയവർക്ക് ഇതെല്ലാം നഷ്ടമായെങ്കിൽ വീണ്ടും തുടങ്ങാൻ ഒരു വർഷം വായ്പ തിരിച്ചടയ്ക്കേണ്ടെന്ന വ്യവസ്ഥയിൽ നൽകും.

2.കൃഷി ഇൻഷ്വറൻസുള്ളവർക്ക് അത് നേടിയെടുക്കാൻ സഹായിക്കും.

3.ഭവന വായ്പയുള്ളവർക്ക് വായ്പാ ഇൻഷ്വറൻസ് നേടിയെടുത്ത് ബാദ്ധ്യതയൊഴിവാക്കാൻ സഹായിക്കും. അവരുടെ വീടിന് കേടുപറ്റിയിട്ടുണ്ടെങ്കിൽ അഞ്ചുലക്ഷത്തിന്റെ പുതിയ വായ്പ നൽകും.

4.ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും ബിസിനസ് മെച്ചപ്പെടുത്താൻ വായ്പാ സഹായവും മോറട്ടോറിയം ആനുകൂല്യവും നൽകും.

ഈടില്ലാതെ കൺസംപ്ഷൻ വായ്പ

ദുരന്തബാധിത മേഖലയിൽ ജീവിതം പ്രതിസന്ധിയിലായ എല്ലാവർക്കും 10,000 രൂപ മുതൽ 25,000 വരെ കുറഞ്ഞ പലിശയിൽ രണ്ടരവർഷത്തെ കാലാവധിയിൽ കൺസംപ്ഷൻ വായ്പകൾ നൽകും. ഇൗടില്ലാതെയാകും നൽകുക.