ചിറയിൻകീഴ്: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് വീണ്ടും അപകടം. ഇന്നലെ മൂന്ന് അപകടങ്ങളാണ് നടന്നത്. അഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ടായിരുന്നു അപകടങ്ങൾ. രാവിലെ 6 ഓടെയായിരുന്നു ആദ്യ അപകടം. പുതുക്കുറിച്ചി സ്വദേശി കബീറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. നാല് മത്സ്യത്തൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു. മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്നവർ തെറിച്ച് കടലിൽ വീണെങ്കിലും എല്ലാവരെയും രക്ഷപ്പെടുത്തി.

ഒരു മണിക്കൂറിനു ശേഷം 7ഓടെ മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടു. പെരുമാതുറ സ്വദേശിയായ സഹീറിന്റെ ഉടമസ്ഥതയിലുള്ള സുൽത്താൻ എന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് തലകീഴായി മറിയുകയായിരുന്നു.

വള്ളത്തിലുണ്ടായിരുന്ന 3 തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.പെരുമാതുറ സ്വദേശികളായ തൗഫീഖ്,മനീഷ്,സഹീർ എന്നിവരാണ് രക്ഷപ്പെട്ടത്.എൻജിൻ കിട്ടിയെങ്കിലും വള്ളം പൂർണമായി തകർന്നു.

വർക്കല സ്വദേശി ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ എന്ന വള്ളമാണ് മൂന്നാമതായി അപകടത്തിൽപ്പെട്ടത്.

അഴിമുഖത്തു വച്ച് ശക്തമായ തിരയിൽപ്പെട്ട് വള്ളം രണ്ടായി പിളർന്നു.രാവിലെ 11.30നായിരുന്നു സംഭവം. തുടർന്ന് വെള്ളത്തിൽ വീണ മത്സ്യത്തൊഴിലാളികളെ തൊട്ടുപിറകിൽ വന്ന റാഫെൽ മാലാഖ എന്ന താങ്ങുവള്ളത്തിലെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു.നിസാര പരിക്കുകളേറ്റ അഭിജിത്,മുഹമ്മദ്,രാജു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏപ്രിൽ മുതൽ ഇതുവരെ 25 അപകടങ്ങളാണ് മുതലപ്പൊഴിയിലുണ്ടായത്. ഈയാഴ്ച ഒരു മരണവും ഇവിടെയുണ്ടായി.