guru

(കഴിഞ്ഞ ലക്കത്തിൽ നിന്ന് തുടർച്ച)​

ജാതി സംബന്ധിച്ച വേർതിരിവുകൾ ദീർഘകാലത്തെ ആചാരങ്ങളിൽ അധിഷ്ഠിതമാണെന്നും,​ അതിനെതിരായ മാറ്റങ്ങൾ ഉണ്ടാവാൻ ഏത് സമുദായത്തിലായാലും ഏറെക്കാലം വേണ്ടിവരുമെന്നും ഗുരുദേവൻ തിരിച്ചറിഞ്ഞിരുന്നു. അതിനാൽത്തന്നെ പരിഷ്കാരം എന്നത് നിരന്തരമായി ഉപദേശിക്കുകയും സ്വന്തം അനുഷ്ഠാനത്തിൽ നടപ്പിൽ വരുത്തുകയുമാണ് ഗുരുദേവൻ ചെയ്തത്. അത് നടപ്പാക്കുന്നതിൽ അദ്ദേഹം നിർബന്ധബുദ്ധി കാണിച്ചിരുന്നില്ല. ജാതീയമായി അവശതയുള്ള സമുദായങ്ങൾ അവരെക്കാൾ ഉയർന്നവരോട് സമത്വം കാണിക്കുകയല്ല,​ മറിച്ച് താഴ്‌ന്നവരോട് സമത്വം കാണിക്കാനാണ് ശ്രമിക്കേണ്ടത് എന്നാണ് ഗുരുദേവൻ ഉപദേശിച്ചിരുന്നത്.

ഗുരുദേവ സ്‌മരണകളിലേക്ക് കടക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വഭാവരീതികളെക്കുറിച്ചും ചിന്താ പദ്ധതികളെക്കുറിച്ചും പറയേണ്ടിവരും.

ശാസ്ത്രീയമായ ചിന്താരീതിയും സ്വതന്ത്രമായ ചിന്താശക്തിയും വിജ്ഞാനവും ഗുരുദേവന് സിദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും ഓർമ്മശക്തിയും അസാധാരണമായിരുന്നു. ശാസ്ത്രീയ ചിന്താരീതിയും സമീപന രീതിയും ഉണ്ടാകുന്നത് നവീന വിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന വാദം ഗുരുദേവൻ അംഗീകരിച്ചിരുന്നില്ല. സംസ്കൃത വിദ്യാഭ്യാസത്തിലൂടെയാണ് ഗുരുദേവൻ ഇവ ആർജ്ജിച്ചത്. ഭൗതികാടിസ്ഥാനത്തിലുള്ള ശാസ്ത്രീയമായ ചിന്ത സംസ്കൃത പഠനത്തിലൂടെ സാദ്ധ്യമാണെന്ന് ഗുരുദേവൻ കാണിച്ചുകൊടുത്തു.

ആർഷജ്ഞാനത്തിൽ ഗുരുദേവനുണ്ടായിരുന്ന അസാധാരണ പ്രതിപത്തിയാണ് സംസ്കൃത പഠനത്തെ പ്രോത്സാഹിപ്പിക്കാൻ കാരണമെന്ന് കരുതുന്നവരുമുണ്ട്. അരുവിപ്പുറത്തും ശിവഗിരിയിലും അദ്ദേഹം സ്‌കൂളുകൾ തുടങ്ങി. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് ഗുരുദേവൻ ഒരിക്കലും എതിരായിരുന്നില്ല. ഡോക്ടർ പൽപു എസ്.എൻ.ഡി.പി യോഗം സ്ഥാപിച്ചപ്പോൾ യോഗത്തിന്റെ പ്രവർത്തനങ്ങൾ നടത്തുവാൻ തന്റെ സ്വാധീനം ഉപയോഗിച്ചുകൊള്ളാൻ ഗുരുദേവൻ അദ്ദേഹത്തിന് സമ്മതം നൽകുകയാണുണ്ടായത്. യോഗത്തിന് സമുദായത്തിന്റെ പേര് ഉപയോഗിക്കുന്നതിന് അദ്ദേഹം എതിരായിരുന്നു. അതുകൊണ്ടാണ് ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന പേര് സ്വീകരിച്ചത്.

ഗുരുദേവനും ചട്ടമ്പിസ്വാമികളും വലിയ സ്‌നേഹിതന്മാർ ആയിരുന്നു എന്ന് എഴുതിയത് കുമാരനാശാനാണ്. ചട്ടമ്പിസ്വാമികൾ സമാധിയായപ്പോൾ ഗുരുദേവൻ എഴുതിയ ശ്ളോകങ്ങളിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത് സർവജ്ഞനായ ഋഷി, സദ്‌ഗുരു, പരിപൂർണ കലാനിധി, മഹാപ്രഭു എന്നൊക്കെയാണ്. ഈഴവ സമുദായത്തിന്റെ കാണപ്പെട്ട ദൈവമായി മാറിയ ഗുരുദേവന് വേണമെങ്കിൽ പരമാധികാരം കൈപ്പിടിയിൽ ഒതുക്കാമായിരുന്നു. എന്നാൽ മൂന്നു ദിവസത്തിൽ കൂടുതൽ ഒരു സ്ഥലത്ത് താമസിക്കാൻ കൂട്ടാക്കാതെ ഗുരുദേവൻ തന്റെ യാത്ര അനുസ്യൂതം തുടർന്നുകൊണ്ടേയിരുന്നു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തിൽ അദ്ദേഹം പങ്കാളിയായി. നിഷേധിക്കാത്തിടങ്ങളിൽ കിടന്നും,​ കിട്ടിയതു ഭക്ഷിച്ചും ഒരു അവധൂതനായി അദ്ദേഹം യാത്ര ചെയ്തുകൊണ്ടേയിരുന്നു. ഇടപെട്ടവരെയെല്ലാം സ്നേഹിച്ചു.

മനുഷ്യരെല്ലാം ഒരു പോലെയാണെന്നും ജാതിയുടേയും മതത്തിന്റേയും പേരിലുള്ള തിരിവുകളും വിഭാഗീയ ജീവിതവും നിരർത്ഥകമാണെന്നും തന്റെ രക്തംകൊണ്ടും ഹൃദയംകൊണ്ടും ഗുരുദേവൻ തിരിച്ചറിഞ്ഞു. തന്റെ ഉപബോധ മനസ്സിലെ വികാരങ്ങളേയും സഹജവാസനകളേയും കൂടി ഈ വിശ്വാസപ്രമാണത്തിന്റെ മൂശയിലിട്ട് മാറ്റിമറിക്കാൻ കഴിഞ്ഞതാണ് ഗുരുദേവനെ മറ്റ് ദാർശനികന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. അനുകമ്പ, സമത്വം, സമന്വയം, സഹിഷ്ണുത, നിർവൈര്യം, നിശ്ചയദാർഢ്യം, നിസ്സംഗത, അപര പ്രിയം, ത്യാഗനിഷ്ഠ, പരമപദപ്രാപ്തി എന്നീ പത്ത് അടിസ്ഥാന തത്ത്വങ്ങളിൽ ഊന്നിയാണ് ഗുരുദേവ ദർശനത്തിന്റെ സൗധം പടുത്തുയർത്തിയിരിക്കുന്നത്. ഗുരുദേവന്റെ ശിഷ്യവ്യൂഹം ബൃഹത്താണ്. സ്വാമി സത്യവ്രതൻ, ഡോക്ടർ പൽപ്പു, സി. കൃഷ്ണൻ, കുമാരനാശാൻ, സി.വി. കുഞ്ഞുരാമൻ, ടി.കെ. മാധവൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയ മഹാരഥന്മാർ ഇവരിൽ ചിലർ മാത്രം. പുതുയുഗപ്പിറവിക്കായി അവതാരമെടുത്ത ശ്രീനാരായണ ഗുരുദേവൻ എന്ന സൂര്യ തേജസ് 1928 സെപ്തംബർ 20-ന് വർക്കല ശിവഗിരിയിൽ മഹാസമാധിയായി.

(അവസാനിച്ചു)​