1

തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലും കുഴിയെടുപ്പും മൂലം തകർന്ന റോഡിലൂടെ ദുരിതയാത്ര ചെയ്യേണ്ട ഗതികേടിലാണ് മുട്ടട - അമ്പലമുക്ക് നിവാസികൾ.കുഴികൾ നികത്തുന്നതിനും റോഡ് നവീകരണത്തിനുമുള്ള പദ്ധതികൾക്ക് അനുമതിയായിട്ടും പണി തുടങ്ങാനാവാത്ത അവസ്ഥയാണുള്ളതെന്ന് അധികൃതർ പറയുന്നു.

എം.സി റോഡിനെയും തിരുവനന്തപുരം - നെടുമങ്ങാട് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. നെടുമങ്ങാട് ഭാഗത്തു നിന്ന് മെഡിക്കൽ കോളേജിലേക്ക് എത്തുന്നവർ ആശ്രയിക്കുന്നത് ഈ റോഡ‌ിനെയാണ്. അമ്പലമുക്കിൽ നിന്ന് മുട്ടടയിലേക്ക് തിരിയുന്ന ഭാഗം പൂർണമായും തകർന്ന് കുഴികളായിട്ട് വർഷങ്ങളായി.

പേരൂർ‌ക്കടയിലെ ഓവർഹെഡ് ടാങ്കിൽ നിന്ന് മെഡിക്കൽ കോളേജ്, മൺവിള ഭാഗത്തേക്കു പോകുന്ന കുടിവെള്ള പൈപ്പ് ലൈൻ ഇതുവഴിയാണ് കടന്നുപോകുന്നത്. പഴയ 350 എം.എം പൈപ്പ് ലൈനിൽ അടിക്കടി ചോർച്ചയുണ്ടാകുന്നത് റോഡ് നവീകരണത്തിന് തടസം നിൽക്കുന്നതായി പൊതുമരാമത്ത് അധികൃതർ പറയുന്നു. 15 മീറ്റർ വീതിയിൽ പരുത്തിപ്പാറ - മുട്ടട റോഡ് നവീകരിച്ച പ്രവർത്തനം അമ്പലമുക്കിലേക്ക് നീട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായെങ്കിലും പ്രവർത്തനം തുടങ്ങാനായിട്ടില്ല.

പരിഹാരമുണ്ടാക്കുമെന്ന് എം.എൽ.എ

അമ്പലമുക്ക് - മുട്ടട റോഡിലെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമുള്ള പദ്ധതികൾക്ക് പൊതുമരാമത്ത് വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ പറഞ്ഞു. 3.5 കോടി ചെലവിൽ 16 മീറ്റർ വീതിയിൽ ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിനാണ് പദ്ധതി. റോഡ് വീതികൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. നിർമ്മാണം നടത്തണമെങ്കിൽ മാസങ്ങളോളം റോഡ് അടച്ചിടേണ്ടിവരും. നിരവധിയാളുകൾ മെഡിക്കൽ കോളേജിലേക്കുള്ള എളുപ്പവഴിയായി ഉപയോഗിക്കുന്നതിനാൽ റോഡ് അടച്ചിടുന്നത് വലിയ പ്രശ്നങ്ങൾക്കിടയാക്കും. ഈ സാഹചര്യത്തിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം. ഇതിനായി 21 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.